'ഇവിടെ ശാക്തീകരണം അവിടെ വനിതാ നേതാവിന്റെ രാജി': രാഹുൽ ഗാന്ധി വന്നപ്പോൾ തന്നെ കോൺഗ്രസിൽ നിന്ന് ഒരു രാജി കൂടി
കൊച്ചി> കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി എറണാകുളത്ത് സ്ത്രീ ശാക്തീകരണത്തെപ്പറ്റി പ്രഭാഷണം നടത്തുന്നതിനിടയിൽ കോൺഗ്രസിന്റെ സ്ത്രീ വിരുദ്ധതയിൽ പ്രതിഷേധിച്ചു ഒരു വനിതാ നേതാവ് കൂടി പാർട്ടി വിട്ടു.
എറണാകുളം സെന്റ് തെരേസാസ് കോളേജിൽ വിദ്യാർത്ഥികളുമായി രാഹുൽ സംവാദം നടത്തുന്ന സമയത്തുതന്നെയായിരുന്നു സുൽത്താൻ ബത്തേരിയിൽ കെപിസിസി വൈസ് പ്രസിഡന്റ് കെ സി റോസക്കുട്ടി പാർട്ടിയിലെ സ്ഥാനങ്ങളും അംഗത്വവും രാജിവെച്ച് പത്രസമ്മേളനം നടത്തിയത്.
വനിതാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷിന് സീറ്റ് നിഷേധിച്ചതടക്കം ചൂണ്ടിക്കാട്ടിയായിരുന്നു റോസക്കുട്ടിയുടെ പത്രസമ്മേളനം. ഒരു സീറ്റ് കിട്ടാനായി ഡിസിസി പ്രസിഡന്റ് കൂടിയായ ബിന്ദു കൃഷ്ണയ്ക്ക് ചാനൽ ക്യാമറയ്ക്കു മുമ്പിൽ കരയേണ്ടിവന്നു. കഴിഞ്ഞ നിയമസഭയിൽ കോൺഗ്രസ്സിന് ഒരു വനിതാ എംഎൽ എ പോലും ഉണ്ടായില്ലെന്ന കാര്യവും അവർ ചൂണ്ടിക്കാട്ടി.
രാഹുൽ ഗാന്ധി രാഷ്ട്രീയം ഒഴിവാക്കിയാണ് വിദ്യാർത്ഥിനികളുമായുള്ള സംവാദത്തിൽ സംസാരിച്ചത്. എന്നാൽ കോൺഗ്രസ് ഇന്ന് പ്രതിസന്ധിയിലാണോ എന്ന ചോദ്യം കുട്ടികളിൽ നിന്നുണ്ടായി. കോൺഗ്രസിന്റെ പ്രതിസന്ധി രാജ്യം ഇന്ന് നേരിടുന്ന പ്രതിസന്ധിതന്നെയാണ് എന്നായിരുന്നു മറുപടി. കോൺഗ്രസ് എല്ലാവരെയും ഉൾക്കൊള്ളുന്നതും എല്ലാ അഭിപ്രായങ്ങളുമായും നിരന്തരം സംവദിക്കുന്നതുമായ പ്രസ്ഥാനമാണെന്നു രാഹുൽ അവകാശപ്പെട്ടു.
എന്നാൽ കേരളത്തിൽ കോൺഗ്രസ് ഗ്രൂപ്പുകൾ മാത്രമാണെന്നും ഇപ്പോൾ ഹൈക്കമാന്റ് ഗ്രൂപ്പ് എന്നൊരു ഗ്രൂപ്പ് കൂടി ഉണ്ടായിരിക്കുകയാണെന്നും റോസക്കുട്ടി ഇതേസമയം ബത്തേരിയിൽ പറഞ്ഞു. രാഹുലിന്റെ വയനാട് പാർലമെന്റ് മണ്ഡലത്തിലാണ് ബത്തേരി. വയനാട്ടിലെ കൽപ്പറ്റയിൽ ഹൈക്കമാൻഡ് നോമിനി എന്ന നിലയിൽ ടി സിദ്ദിഖിനെ സ്ഥാനാര്ഥിയാക്കിയതിൽ ഉള്ള പ്രതിഷേധം കൂടി അറിയിക്കുകയായിരുന്നു റോസക്കുട്ടി. രാഹുലിന് മത്സരിയ്ക്കാനായി ലോക്സഭാ സ്ഥാനാർത്ഥിത്വം ഉപേക്ഷിയ്ക്കേണ്ടി വന്ന സിദ്ദിഖിന് രാഹുൽ ഇടപെട്ടാണ് സീറ്റ് കൊടുത്തത്. ജില്ലയിലെ അർഹരായ നേതാക്കളെ തള്ളിയായിരുന്നു ഇതെന്ന് വിമർശനം ഉയർന്നിരുന്നു.
രാഹുൽ എത്തിയപ്പോൾ തന്നെ ഒരു പ്രമുഖ കോൺഗ്രസ് നേതാവ് കൂടി പാർട്ടി വിട്ടത് സോഷ്യൽ മീഡിയയിൽ ട്രോളുകൾക്കും വിഷയമായി. പുതുച്ചേരിയിൽ രാഹുൽ കാലുകുത്തിയപ്പോൾ മൂന്നു എം എൽഎമാർ ബിജെപിയിൽ ചേർന്ന കാര്യം പലരും ചൂണ്ടിക്കാട്ടി.ഇവിടെ റോസക്കുട്ടി ഇടതുപക്ഷത്തിനൊപ്പമാണ് പോകുന്നതെന്ന് രാഹുലിന് ആശ്വസിയ്ക്കാം എന്നും ചിലർ എഴുതി.
Credits Kerala || Deshabhimani Online News https://ift.tt/3calWEW
Comments