ട്രെയിൻ റിസർവേഷൻ ഫുൾ ; വോട്ടിന് പോകാനാകാതെ ഇതര സംസ്ഥാനക്കാർ
കോഴിക്കോട്
കോവിഡ് ഭീഷണിയിൽ റെയിൽവേ ട്രെയിൻ സർവീസുകൾ കുറച്ചത് തിരിച്ചടിയായത് അതിഥി തൊഴിലാളികൾ അടക്കം ഇതര സംസ്ഥാനക്കാർക്ക്. ട്രെയിനുകൾ കുറവായതിനാൽ റിസർവേഷൻ പെട്ടെന്ന് തീർന്നതോടെ അസം, പശ്ചിമബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് നാട്ടിൽ പോകാൻ തയാറെടുത്ത ആയിരങ്ങളുടെ യാത്ര മുടങ്ങും.
പാലക്കാട്ടുനിന്ന് ഗുവാഹത്തിയിലേക്കുള്ള റിസർവേഷൻ ടിക്കറ്റുകൾക്ക് മെയ് 21 വരെ ബുക്കിങ്ങായി. വെള്ളിയാഴ്ചകളിൽ മാത്രമേ ഈ ട്രെയിനുള്ളു(05905). ഹൗറയ്ക്കുള്ള ട്രെയിനുകളിലും സമാനമാണ് സ്ഥിതി. വെള്ളി, ശനി ദിവസങ്ങളൊഴികെയുള്ള ഹൗറ എക്സ്പ്രസ്(02641), ചൊവ്വാഴ്ച ഒഴികെയുള്ള എക്സ്പ്രസ്(02878), ഞായറാഴ്ച ഒഴികെയുള്ള എക്സ്പ്രസ്(02659) ട്രെയിനുകളിൽ ഏപ്രിൽ 27 വരെ റിസർവേഷൻ പൂർത്തിയായി. വെയ്റ്റിങ് ലിസ്റ്റിലാണ് നിരവധി പേർ. ഇവർക്കൊന്നും റിസർവേഷൻ ഉറപ്പാകാതെ ട്രെയിനിൽ കയറാനാവില്ല.
മൂന്നു ഘട്ടങ്ങളിലായി മാർച്ച് 27, ഏപ്രിൽ 1, 6 തീയതികളിലാണ് അസം തെരഞ്ഞെടുപ്പ്. എന്നാൽ, മെയ് 21 വരെ ഗുവാഹത്തിയിലേക്ക് ടിക്കറ്റില്ല. ഇനി ടിക്കറ്റ് കിട്ടുമെന്ന പ്രതീക്ഷയുമില്ല. പൗരത്വ പ്രശ്നമടക്കമുള്ള വിഷയങ്ങളുള്ളതിനാൽ സംസ്ഥാനത്തുള്ള അസം തൊഴിലാളികൾ ഇത്തവണ വോട്ടവകാശം വിനിയോഗിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും നിരാശരായി.
തെരഞ്ഞെടുപ്പ് കഴിയുംവരെയെങ്കിലും ഗുവാഹത്തിയിലേക്ക് പ്രതിദിന ട്രെയിൻ അനുവദിക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.
പശ്ചിമബംഗാളിൽ ഏഴു ഘട്ടമായാണ് തെരഞ്ഞെടുപ്പ്. മാർച്ച് 27, ഏപ്രിൽ 1, 6, 10, 17, 22, 29 തീയതികളിൽ. ഹൗറയിലേക്കുള്ള ട്രെയിനുകളിൽ ഏപ്രിൽ 27 വരെയുള്ള റിസർവേഷനെല്ലാം പൂർത്തിയായത് ബംഗാളികൾക്കും വിനയായി.
Credits Kerala || Deshabhimani Online News https://ift.tt/3vOZKrU
Comments