പെരുമ്പാവൂരിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെ ബ്ലോക്ക് സെക്രട്ടറി വീടുകയറി അടിച്ചു; ഒതുക്കാൻ എംഎൽഎ
പെരുമ്പാവൂർ > കോൺഗ്രസ് കുറുപ്പംപടി മണ്ഡലം പ്രസിഡന്റും രായമംഗലം പഞ്ചായത്ത് മുൻ പ്രസിഡന്റുമായ കെ കെ മാത്തുക്കുഞ്ഞിനെയും ഭാര്യയെയും കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ബെയ്സ് പോൾ വീടുകയറി ആക്രമിച്ചു. ബെയ്സ് പോളിനെതിരെ കേസ് എടുത്തതായി കോടനാട് സിഐ അനന്തകൃഷ്ണൻ അറിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിയുടെ പേരിൽ രണ്ടു ഗ്രൂപ്പുകൾ തമ്മിലുള്ള വൈരമാണ് വീടുകയറി ആക്രമണത്തിൽ കലാശിച്ചത്.
വെള്ളിയാഴ്ച രാത്രി രായമംഗലം പഞ്ചായത്ത് ഒന്നാംവാർഡ് അംഗം കുര്യൻ പോളും മൂന്നാംവാർഡ് അംഗം സജി പടയാട്ടിലും മാത്തുക്കുഞ്ഞിന്റെ വീട്ടിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ബെയ്സ് പോൾ സ്ഥലത്തെത്തി വീഡിയോ എടുത്തതാണ് പ്രശ്നങ്ങളുടെ തുടക്കം. ഇത് ഗ്രൂപ്പുയോഗമാണെന്നു പറഞ്ഞ് ബെയ്സ് പോൾ വീഡിയോ എടുത്തത് തടയാൻ ശ്രമിച്ച മാത്തുക്കുഞ്ഞിനെ ആക്രമിച്ചെന്നാണ് പരാതി. ആക്രമണം തടയാൻ ശ്രമിക്കവെ മാത്തുക്കുഞ്ഞിന്റെ ഭാര്യക്കും മർദനമേറ്റു.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ രണ്ട് വാർഡിലെ കോൺഗ്രസ് സ്ഥാനാർഥികളെ തോൽപ്പിച്ചെന്ന് ആരോപിച്ച് ബെയ്സ് പോളിനെയും കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് അംഗം അംബിക മുരളീധരൻ, പഞ്ചായത്ത് മുൻ അംഗം മുരളീധരൻ എന്നിവരെയും ആറുവർഷത്തേക്ക് പാർടിയിൽനിന്ന് പുറത്താക്കാൻ തീരുമാനിച്ചിരുന്നു.
അടിയേറ്റ മാത്തുക്കുഞ്ഞിനൊപ്പം നിൽക്കാതെ കേസ് ഒതുക്കാൻ എൽദോസ് കുന്നപ്പിള്ളി എംഎൽഎ ശ്രമിക്കുകയാണെന്ന് മാത്തുക്കുഞ്ഞിനെ അനുകൂലിക്കുന്നവർ പറയുന്നു. മുതിർന്ന നേതാവ് പി പി തങ്കച്ചന്റെ അനുയായിയാണ് മാത്തുക്കുഞ്ഞ്. എന്നാൽ, അതേഗ്രൂപ്പുകാരനായ എംഎൽഎ അക്രമിയെ രക്ഷിക്കാൻ ശ്രമിക്കുകയാണെന്നാണ് പരാതി.
Credits Kerala || Deshabhimani Online News https://ift.tt/3bm1WP8
Comments