മുഖ്യമന്ത്രി താനെന്ന് രംഗസ്വാമി; എൻആർസി– ബിജെപി പോര് വീണ്ടും

പുതുച്ചേരി> പുതുച്ചേരിയിൽ എൻഡിഎ അധികാരത്തിലെത്തിയാൽ താൻമുഖ്യമന്ത്രിയാകുമെന്ന് എൻആർ കോൺഗ്രസ് നേതാവ് എൻ രംഗസ്വാമി. മുഖ്യമന്ത്രി ആരാകുമെന്നതിൽ സംശയമില്ലെന്നും അദ്ദേഹം തന്റെ മണ്ഡലമായ തട്ടൻചാവടിയിൽ നടന്ന പൊതുയോഗത്തിൽ പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനാർഥിയെ തെരഞ്ഞെടുപ്പ്ഫലം വന്നതിനുശേഷം തീരുമാനിക്കാമെന്ന ധാരണയാണ് ബിജെപി– എൻആർ കോൺഗ്രസും തമ്മിലുണ്ടാക്കിയത്. എന്നാൽ, ഇതു മറികടന്നുള്ള രംഗസ്വാമിയുടെ പരസ്യ പ്രതികരണം മുന്നണിയിൽ വീണ്ടും പ്രശ്നങ്ങൾ ഉടലെടുത്തതിന്റെ സൂചനയാണ്.

രംഗസ്വാമിയെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിക്കാതെ മുന്നണിയിൽ സീറ്റ് വിഭജന ചർച്ചകൾക്കുപോലും തയ്യാറല്ലെന്നായിരുന്നു എൻആർ കോൺഗ്രസ് നിലപാട്. എന്നാൽ, കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള ഭീഷണിക്ക് വഴങ്ങുകയായിരുന്നു. തുടർന്ന്, തെരഞ്ഞെടുപ്പിനുശേഷം മുഖ്യമന്ത്രിയെ എൻഡിഎ യോഗം ചേർന്ന് തീരുമാനിക്കും എന്ന ബിജെപി നേതൃത്വത്തിന്റെ നിലപാട് രംഗസ്വാമിയും അംഗീകരിക്കുകയായിരുന്നു.മുന്നണിയിൽ പ്രശ്നങ്ങൾ അവസാനിച്ചുവെന്ന് ബിജെപി അവകാശപ്പെടുന്നതിനിടെയാണ് താൻ മുഖ്യമന്ത്രിയാകുമെന്ന പ്രഖ്യാപനം രംഗസ്വാമി നടത്തിയത്. കോൺഗ്രസ് സർക്കാരിലെ രണ്ടാമനായിരുന്ന എ നമശിവായത്തിനെ ബിജെപി തങ്ങളുടെ പാളയത്തിൽ എത്തിച്ചത് മുഖ്യമന്ത്രി സ്ഥാനമടക്കം വാഗ്ദാനം ചെയ്താണ്.

സംസ്ഥാന പദവി മിണ്ടാതെ ബിജെപി

പുതുച്ചേരിക്ക് പൂർണ സംസ്ഥാന പദവിയെന്ന ആവശ്യത്തിൽ നിശബ്ദത പാലിച്ച് ബിജെപിയുടെ തെരഞ്ഞെടുപ്പ് അവകാശ പത്രിക. കേന്ദ്ര സർക്കാർ സംസ്ഥാന പദവി അനുവദിച്ചു തന്നില്ലെങ്കിൽ പുതുച്ചേരിയിലെ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്ന് ഒരു ഘട്ടത്തിൽ രംഗസ്വാമി രാഷ്ട്രീയ പാർടികളോടു ആവശ്യപ്പെട്ടിരുന്നു. ഇപ്പോൾ എൻആർ കോൺഗ്രസിന്റെ നിലപാട് അറിയാൻ താൽപര്യമുണ്ടെന്ന് കോൺഗ്രസ് നേതാവും മുൻമുഖ്യമന്ത്രിയുമായ വി നാരായണസ്വാമി പറഞ്ഞു.



Credits National || Deshabhimani ​Online ​News https://ift.tt/3swzxfp

Comments

Archive

Contact Form

Send