ശോഭയെ വെട്ടി, രണ്ടിടത്ത് സുരേന്ദ്രൻ ; ബിജെപി സ്ഥാനാർഥിപ്പട്ടികയിൽ വ്യാപക പ്രതിഷേധം
തൃശൂർ
കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിട്ടും ശോഭ സുരേന്ദ്രനെ സ്ഥാനാർഥിയാക്കാൻ അനുവദിക്കാതിരുന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ രണ്ട് സീറ്റിൽ മത്സരിക്കും. പ്രമുഖരെ വെട്ടിനിരത്തിയും ഇഷ്ടക്കാരെ തിരുകിക്കയറ്റിയുമുള്ള ബിജെപി സ്ഥാനാർഥിപ്പട്ടികയിൽ വ്യാപക പ്രതിഷേധം. ഔദ്യോഗിക പക്ഷത്തിനെതിരെ നിൽക്കുന്ന ശോഭയെ ഉൾപ്പെടുത്തിയാൽ സംസ്ഥാന പ്രസിഡന്റ് പദവി ഒഴിയുമെന്ന് സുരേന്ദ്രൻ ഭീഷണി മുഴക്കിയതായി അറിയുന്നു. തെരഞ്ഞെടുപ്പ് മുന്നിൽ നിൽക്കെയുള്ള അപകടം മനസ്സിലാക്കിയ കേന്ദ്ര നേതൃത്വം വഴങ്ങി. മഞ്ചേശ്വരത്തും കോന്നിയിലുമാണ് സുരേന്ദ്രൻ മത്സരിക്കുക. കേന്ദ്രമന്ത്രി വി മുരളീധരൻ മത്സരിക്കാനിരുന്ന കഴക്കൂട്ടത്ത് സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല.
കെ സുരേന്ദ്രനെ പരിഹസിച്ചു പ്രതികരിച്ച ശോഭ, കേന്ദ്ര നേതൃത്വം മത്സരിക്കാൻ ആവശ്യപ്പെട്ടതായും വെളിപ്പെടുത്തി. അതിനുശേഷം എന്തുസംഭവിച്ചെന്ന് അറിയില്ല. രണ്ട് സീറ്റിൽ മത്സരിക്കാൻ മുതിർന്ന നേതാക്കൾക്ക് കിട്ടാത്ത ഭാഗ്യമാണ് സുരേന്ദ്രന് ലഭിച്ചതെന്നായിരുന്നു പരിഹാസം. മുരളീധര പക്ഷത്ത് നിൽക്കുന്ന പ്രധാനികൾക്കെല്ലാം സീറ്റ് നൽകിയ സുരേന്ദ്രൻ കൃഷ്ണദാസ് പക്ഷത്തുള്ളവരെ വെട്ടിനിരത്തി.
ഔദ്യോഗിക പക്ഷത്തിനെതിരായി നിന്നിരുന്ന കെ പി ശ്രീശൻ, എൻ ശിവരാജൻ, പി എം വേലായുധൻ തുടങ്ങിയവർക്കൊന്നും സീറ്റ് നൽകിയില്ല. പി കെ കൃഷ്ണദാസ്, എം ടി രമേശ് എന്നിവർ മാത്രമാണ് എതിർപക്ഷത്തുള്ള പ്രധാനികൾ. അതേസമയം, തന്നോടൊപ്പം നിൽക്കുന്ന വി വി രാജേഷ് ഉൾപ്പെടെയുള്ളവർക്ക് സുരേന്ദ്രൻ സീറ്റ് നൽകി. സ്ഥാനാർഥി ലിസ്റ്റിൽ ആർഎസ്എസും അതൃപ്തി പ്രകടിപ്പിച്ചതായി അറിയുന്നു. ആർഎസ്എസ് നൽകിയ പട്ടികയിലുള്ളവരെ ഒഴിവാക്കി. ഇ ശ്രീധരൻ, നടൻ സുരേഷ് ഗോപി, കുമ്മനം രാജശേഖരൻ, അൽഫോൺസ് കണ്ണന്താനം, ജേക്കബ് തോമസ്, സി കെ പത്മനാഭൻ തുടങ്ങിയവർ പട്ടികയിൽ ഇടംനേടി.
Credits Kerala || Deshabhimani Online News https://ift.tt/3qSyEfS
Comments