ജമാഅത്തെ ഇസ്ലാമി ബന്ധം; തലശ്ശേരിയിൽ മുസ്ലിംലീഗ് നേതാവ് രാജിവെച്ചു
തലശേരി > മുസ്ലിംലീഗിന്റെ ജമാഅത്തെ ഇസ്ലാമി ബന്ധത്തിലും നേതാക്കളുടെ വഴിവിട്ട പോക്കിലും മനംനൊന്ത് ന്യൂമാഹി പഞ്ചായത്ത് മുൻ പ്രസിഡന്റും മുസ്ലിംലീഗ് ജില്ല പ്രവർത്തക സമിതി അംഗവുമായ കെ കെ ബഷീർ രാജിവെച്ചു. 51 വർഷമായി പാർടിയെനയിക്കുകയും സേവിക്കുകയും ചെയ്ത തനിക്ക് ദുരനുഭവമാണ് മുസ്ലിംലീഗ് നേതൃത്വത്തിൽ നിന്നുണ്ടായതെന്ന് കെ കെ ബഷീർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
എംഎസ്എഫിന്റെയും യൂത്ത് ലീഗിന്റെയും താലൂക്ക് പ്രസിഡന്റായിരുന്നു. തലശേരി മണ്ഡലം മുസ്ലിംലീഗ് വൈസ്പ്രസിഡന്റാണ്. മുഹമ്മദലി ശിഹാബ് തങ്ങളെ പൊലുള്ള നേതാക്കളുടെ അഭാവം ലീഗിനെ വല്ലാതെ ബാധിച്ചിട്ടുണ്ട്. എക്കാലവും ജമാഅത്തെ ഇസ്ലാമിക്കെതിരായ നിലപാടായിരുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ന്യൂമാഹിയിലടക്കം പലഭാഗത്തും പരസ്യമായി ജമാഅത്തെ ഇസ്ലാമിയുമായി സഖ്യമുണ്ടാക്കി. ഒരിക്കലും യോജിക്കാനാവാത്ത നിലപാടായിരുന്നു അത്. എല്ലാകാലത്തും വഞ്ചനയും ചതിയും മുഖമുദ്രയാക്കിയ പാർടിയാണ് കോൺഗ്രസ്. 1995ൽ മത്സരിച്ചപ്പോൾ എന്നെ തൊൽപിക്കാനാണ് ആസഫലിയും കോൺഗ്രസും ശ്രമിച്ചത്.
ഇന്നത്തെ ലീഗിന്റെ പൊക്ക് തിരുത്താനാവില്ലെന്ന് വന്നപ്പോഴാണ് രാജിവെക്കാൻ തീരുമാനിച്ചത്. 1981 മുതൽ 1995വരെ പഞ്ചായത്ത് പ്രസിഡന്റെന്ന നിലയിൽ ന്യൂമാഹിയുടെ വികസനത്തിന് ആകാവുന്നതെല്ലാം ചെയ്തിട്ടുണ്ട്. ഇടതുപക്ഷ പ്രസ്ഥാനവുമായി സഹകരിച്ചുപ്രവർത്തിക്കുമെന്നും കെ കെ ബഷീർ പറഞ്ഞു. കുവൈത്ത് കെഎംസിസി ഭാരവാഹി പി ബഷീർ, ഷർഫുദ്ദീൻ എന്നിവരും പങ്കെടുത്തു.
Credits Kerala || Deshabhimani Online News https://ift.tt/3esTTCp
Comments