പ്രാണൻ രക്ഷിക്കുന്നതിനിടെ വലങ്കാൽ നഷ്ടമായ സ്ഥാനാർഥി; തിരുവമ്പാടിയിലെ ലിന്റോ ജോസഫ്
കോഴിക്കോട് > ലിന്റോ ജോസഫിന്റെ വലതുകാലിന്റെ മുട്ടിന് താഴോട്ട് മരവിപ്പാണ്, തൊട്ടാൽപോലും അറിയില്ല. ഒരു കമ്യൂണിസ്റ്റുകാരന്റെ ജീവിതം ഓർമിപ്പിക്കുന്ന ആ കാലുമായി സമരവീഥികളിൽ സജീവമാണ് ആ യുവാവ്.
നാട് പ്രളയത്തിൽ മുങ്ങിയ ദിവസങ്ങളിലായിരുന്ന സ്ഥാനാർഥിയുടെ വലതുകാൽ തകർത്ത അപകടം. 2019 ആഗസ്ത് 12–-പെരുന്നാൾ ദിനത്തിൽ. കൂമ്പാറ മാങ്കുന്ന് ആദിവാസി കോളനിയിലെ ട്യുമർ രോഗിയായ ബിജുവിനെ ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ മുക്കം മാമ്പറ്റയിൽ ആംബുലൻസിൽ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. പ്രളയ രക്ഷാപ്രവർത്തനങ്ങൾക്ക് ശേഷം രാത്രി ഒമ്പതോടെയായിരുന്നു ആശുപത്രിയിലേക്ക് പുറപ്പെട്ടത്.
.jpg)
കൂമ്പാറ ജുമാമസ്ജിദ് കമ്മിറ്റിയുടെതായിരുന്നു ആംബുലൻസ്. പെരുന്നാൾ ദിവസം മറ്റ് ഡ്രൈവർമാർ ഇല്ലാത്തതിനാൽ ആ ദൗത്യവും ലിന്റോ ഏറ്റെടുക്കുകയായിരുന്നു. ഒരു മാസം മെഡിക്കൽ കോളജിൽ ചികിത്സ നടത്തി. മൂന്ന് ശസ്ത്രക്രിയക്ക് ശേഷമാണ് അൽപ്പം മുടന്തിയാണെങ്കിലും നടക്കുന്നത്. ആശുപത്രി വിട്ട് ആറ് മാസത്തെ വിശ്രമത്തിന്ശേഷം വയ്യാത്ത കാലുമായി അശരണർക്ക് ആശ്വാസവുമായി ലിന്റോ എവിടെയുമുണ്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ ജനങ്ങൾ ഈ ചെറുപ്പക്കാരനെ തെരഞ്ഞെടുത്തതും കൂടരഞ്ഞിയിൽ സിപിഐ എം പഞ്ചായത്ത് പ്രസിഡന്റാക്കിയതും. നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവമ്പാടി മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥിയായി ജനവിധി തേടുമ്പോൾ ലിന്റോയുടെ പ്രതീക്ഷയും പിന്തുണയേകുന്ന ജനങ്ങളിലാണ്.
.jpg)
മികച്ച കായികതാരമായിരുന്നു ലിന്റോ. 1500 മീറ്റർ ഓട്ടം, ക്രോസ് കൺട്രി എന്നിവയിൽ സംസ്ഥാന ജേതാവ്. 2007 ലെ ഗോവ ദേശീയ മീറ്റിൽ ക്രോസ് കൺട്രിയിൽ സംസ്ഥാനത്തെ പ്രതിനിധീകരിച്ചു. പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാഡമിയിലൂടെയാണ് കായിക രംഗത്ത് വളർന്നത്.
വ്യാഴാഴ്ച മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ പര്യടനം നടത്തി. ശിവരാത്രി ആഘോഷം നടക്കുന്ന തൃക്കുടമണ്ണ ശിവക്ഷേത്രത്തിലെത്തി വോട്ടഭ്യർഥിച്ചു. തുടർന്ന് കൊടിയത്തൂരിലും പ്രമുഖ വ്യക്തികളെ കണ്ട് വോട്ട് തേടി. ചെറുവാടിയിലെ പ്രമുഖനായ കുട്ട്യാലി മാഷെയും നേരിൽ കണ്ടു. വലതുകാലിന് സ്പർശന ശേഷിയില്ലെങ്കിലും വോട്ടർമാരുടെ കൈകൾ ചേർത്തുപിടിക്കുമ്പോൾ ആ നാടിന്റെ സ്പന്ദനം സ്ഥാനാർഥിയറിയുന്നുണ്ട്. മലയോരത്തിന്റെ മകനായി തന്നെ അംഗീകരിക്കുമെന്ന വിശ്വാസത്തോടെയാണ് ലിന്റോ മുന്നേറുന്നത്.
Credits Kerala || Deshabhimani Online News https://ift.tt/30N4gsy
Comments