ഇടതുപക്ഷത്തെ ശത്രുവായി കാണുന്ന കോണ്‍ഗ്രസില്‍ തുടരില്ല; ദുരന്തസമയത്ത് ആരും പട്ടിണികിടക്കില്ലെന്ന് ഉറപ്പാക്കിയ നേതാവാണ് പിണറായി: പി സി ചാക്കോ

പാലക്കാട്> ഇടതുപക്ഷത്തെ ശത്രുവായി കാണുന്ന കോണ്ഗ്രസില് തുടരാന് കഴിയില്ലെന്ന് പി സി ചാക്കോ. രാഹുല് ഗാന്ധി കേരളത്തില് മത്സരിക്കാന് തീരുമാനിച്ചപ്പോള്തന്നെ ഇത് ഉറപ്പിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. കോങ്ങാട്ടില് മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുത്ത എല്ഡിഎഫ് പൊതുയോഗത്തില് സംസാരിക്കുകയായിരുന്നു പി സി ചാക്കോ. കേരളത്തില്നിന്ന് പാര്ലമെന്റിലേക്ക് മത്സരിക്കാന് രാഹുല് ഗാന്ധി തീരുമാനിച്ചപ്പോള് വിയോജിപ്പ് അറിയിച്ചു. കമ്യൂണിസ്റ്റ് സ്ഥാനാര്ഥിക്കെതിരെ കോണ്ഗ്രസ് മത്സരിക്കാന് പാടില്ല എന്നായിരുന്നു തന്റെ അഭിപ്രായം. അതിലുള്ള പ്രതിഷേധവും രേഖപ്പെടുത്തി. എന്നാല് മത്സരിക്കാനുള്ള സമ്മര്ദമുണ്ടായി എന്നാണ് അദ്ദേഹം അറിയിച്ചത്.

ഇടതുപക്ഷത്തെ ശത്രുവായിക്കാണുന്ന കോണ്ഗ്രസില് തുടരാന് കഴിയില്ലെന്ന് അന്നേ നിശ്ചയിച്ചു. ഒരുപാട് പറയാനുണ്ട്. അത് വരുംദിവസങ്ങളില് വെളിപ്പെടുത്തും. ഇവിടെ ഇടതുപക്ഷ സര്ക്കാര് നടപ്പാക്കിയ വികസനം കാണാത്തത് ഉമ്മന്ചാണ്ടിയും ചെന്നിത്തലയും മാത്രമാണ്. നാട്ടില് ഒരു ദുരന്തമുണ്ടായപ്പോള് ആരും പട്ടിണികിടക്കില്ലെന്ന് ഉറപ്പാക്കിയ ഒരു നേതാവാണ് പിണറായി വിജയന്. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സര്ക്കാര് ചരിത്രം തിരുത്തി വീണ്ടും അധികാരത്തില് എത്തും.

സര്ക്കാരിനെ അട്ടിമറിക്കാന് കേന്ദ്ര ഏജന്സികള് ശ്രമിക്കുന്നു. ഒരു കാര്യം മാത്രമാണ് പറയാനുള്ളത്. തീയില് കുരുത്തതാണ്, വെയിലത്ത് വാടില്ല- പി സി ചാക്കോ പറഞ്ഞു. കേരളത്തില് കോണ്ഗ്രസ് ഗ്രുപ്പുകള് സീറ്റ് പങ്കിട്ടപ്പോള് കോണ്ഗ്രസിന്റെ ആത്മാവ് വേദനിച്ചു. അത് വല്ലാത്ത നോവുണ്ടാക്കി. അതാണ് കോണ്ഗ്രസില്നിന്ന് വിടാന് ഈ സമയം തെരഞ്ഞെടുത്തതെന്നും പി സി ചാക്കോ പറഞ്ഞു.

പി സി ചാക്കോ ഇനി കൂടെയുണ്ടാകും: പിണറായി

പാലക്കാട്> കോണ്ഗ്രസ് വിട്ട് എന്സിപിയിലെത്തിയ പി സി ചാക്കോ ഇനി ഇടതുപക്ഷ വേദികളില് കൂടെയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പാര്ടി വിട്ടശേഷം കോങ്ങാട്ടെ എല്ഡിഎഫ് തെരഞ്ഞെടുപ്പ് വേദിയിലെത്തിയ പി സി ചാക്കോയെ സ്വാഗതം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

അദ്ദേഹം ആദ്യമായി കേരളത്തില് ഇടതുപക്ഷ വേദി പങ്കിടുന്നു എന്ന പ്രത്യേകത കോങ്ങാട്ടെ പൊതുയോഗത്തിനുണ്ട്. കൂടുതല് കാര്യങ്ങള് പറയാനുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. വരുംദിവസങ്ങളില് അത് അദ്ദേഹത്തില്നിന്നുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും പിണറായി വിജയന് പറഞ്ഞു.






Credits Kerala || Deshabhimani ​Online ​News https://ift.tt/2OP4mgT

Comments

Archive

Contact Form

Send