'ഇരട്ടച്ചങ്കാ ഐ ലൈക് യൂ'; ഇവിടെയുണ്ട് ആ പഞ്ച് ഡയലോഗിലെ കവിത

ആലപ്പുഴ > പ്രളയത്തിലും പ്രതിബന്ധങ്ങളിലും ഉലയാതെ കേരളത്തെ കരകയറ്റിയ ക്യാപ്ടന്റെ തുടര്ഭരണം കാംക്ഷിക്കുന്ന മലയാളികള് ഏറ്റെടുത്ത ആ പഞ്ച് ഡയലോഗ് 'ഇരട്ടച്ചങ്കാ ഐ ലൈക് യു, ഉമ്മ' തൊടുത്തയാള് ഇവിടുണ്ട്. തികഞ്ഞ ആദരവോടെ മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണ പ്രഖ്യാപിച്ച തന്റെ വാക്കുകള് നാട് ഏറ്റെടുത്തെന്ന് അറിയുമ്പോള് കവിതയ്ക്കും കുടുംബത്തിനും ഏറെസന്തോഷം. നിഷ്കളങ്കമായ സ്നേഹഭാവങ്ങളോടെ മനോരമന്യൂസ് റിപ്പോര്ട്ടറോട് കവിത പറഞ്ഞ ഡയലോഗും ദൃശ്യവും സമൂഹമാധ്യമങ്ങളിലൂടെ ലോകമെങ്ങും പറക്കുകയാണ്, ടണ് കണക്കിന് ലൈക്കും ഷെയറും വാരിക്കൂട്ടി.

ആലപ്പുഴ ചുങ്കം ഈസ്റ്റിലെ സുഭാഷ് ഹോട്ടല് ഉടമ രാജപ്പന്റെയും കൗമാരിയുടെയും മകന് സുധീറിന്റെ ഭാര്യയാണ് കവിത. ഭര്ത്താവിനൊപ്പം ഹോട്ടലില് സഹായിക്കുമ്പോള് കവിത ചാനലിനോട് പറഞ്ഞതാണിന്ന് തുടര്ഭരണമെന്ന നാടിന്റെ ഹൃദയാഭിലാഷത്തിന് അടയാളവാക്യമായി മാറിയത്. കവിതയുടെ മറുപടിയിലെ ആത്മാര്ഥതകണ്ട് ചാനല് റിപ്പോര്ട്ടര് തെല്ലൊന്നമ്പരന്നെങ്കിലും അടുത്ത നിമിഷം ആസ്വദിച്ച് അടിപൊളിയെന്ന് പറഞ്ഞ് ചിരിക്കുന്നു. ഇരുവരുടെയും പ്രസന്നഭാവങ്ങള് തറയ്ക്കുന്നത് പ്രേക്ഷകരുടെ ഹൃദയത്തിലേക്ക്.

മുഖ്യമന്ത്രി പിണറായി വിജയനോടുള്ള സ്നേഹവും ബഹുമാനവുമാണ് താന് പ്രകടിപ്പിച്ചതെന്ന് കവിത പറഞ്ഞു. അച്ഛന്റെ സഹാേദരന് എന് ജെ പുരുഷന് ചേര്ത്തല തെക്ക് പഞ്ചായത്തംഗമായിരുന്നു. അദ്ദേഹത്തിന്റെ ഛായയുണ്ട് പിണറായിക്ക്. അച്ഛന്റെ പേരും വിജയന്. അങ്ങിനെയാണ് ശ്രദ്ധിക്കുന്നത്. മുഖ്യമന്ത്രിയെ നിരീക്ഷിച്ചപ്പോള് ബഹുമാനം കൂടി. നീതിപൂര്വം കാര്യങ്ങള് നടത്തുന്നു. പ്രളയവും കൊറോണയും ഒക്കെ വന്നപ്പോള് എങ്ങനെ ജീവിക്കും എന്ന് ആശങ്കയായിരുന്നു നമുക്കെല്ലാം. എന്നാല് മഖ്യമമന്ത്രി മുന്നില്നിന്ന് നയിച്ചു. ഒരാളെയും പട്ടിണിക്കിട്ടില്ല. ചങ്കൂറ്റത്തോടെ നട്ടെല്ലുയര്ത്തി പ്രതിബന്ധങ്ങളെ നേരിടുന്ന അദ്ദേഹം വലിയ ആത്മവിശ്വാസമാണ് പാവങ്ങള്ക്ക് പകരുന്നത്. ആ ഭരണമാണ് കേരളത്തിന് ആവശ്യമെന്നും നാട് അതാണ് ആഗ്രഹിക്കുന്നതെന്നും കവിത പ്രതികരിച്ചു.

ചാനല് ദൃശ്യം കേരളമാകെ ഏറ്റെടുത്തു. മന്ത്രി കടകംപള്ളിയും വീഡിയോ ഷെയര് ചെയ്തിട്ടുണ്ട്. 'കേരളത്തിന്റെ പൊതുവികാരം ഇതാണ്. ' മന്ത്രിയുടെ കമന്റ്. വീഡിയോയില് കൗമാരിയും സംസാരിക്കുന്നുണ്ട്. 'ജനങ്ങള്ക്ക് നല്ലത് ചെയ്യുന്ന നന്മയുള്ള ഈ സര്ക്കാരാണ് വരേണ്ടത്.' വീഡിയോ കണ്ട് ധാരാളം പേര് വിളിച്ചു. നേരില് കണാനായാല് മുഖ്യമന്ത്രിക്കൊപ്പം ഒരു ചിത്രമെടുക്കണം കവിതയും സുധീറും പറഞ്ഞു. രണ്ട് മക്കളുണ്ട്: ശങ്കര് മഹാദേവും കൃഷ്ണ ഗോവിന്ദും. കായല് മത്സ്യവിഭവങ്ങളുടെ പേരുകേട്ട ഭക്ഷണശാലയാണ് സുഭാഷ് ഹോട്ടല്. സുധീറിന്റെ അനുജന് സുഭാഷും ഭാര്യആശയും സഹായത്തിനുണ്ട്.





Credits Kerala || Deshabhimani ​Online ​News https://ift.tt/38gl27w

Comments

Archive

Contact Form

Send