ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ്: ഇടതുമുന്നണിയുടെ രണ്ടാമത് സ്ഥാനാര്ഥി പട്ടിക പ്രസിദ്ധീകരിച്ചു
കൊല്ക്കത്ത> ബംഗാളില് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഇടതുമുന്നണിയുടെ രണ്ടാമത് സ്ഥാനാര്ഥി പട്ടിക പ്രസിദ്ധീകരിച്ചു. 104 സ്ഥാനര്ത്ഥികളുടെ പേരുകളാണ് ചൊവ്വാഴ്ച ഇടതുമുന്നണി ചെയര്മാന് ബിമന് ബസു പ്രഖ്യാപിച്ചത്. ആദ്യ രണ്ടു ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പു നടക്കുന്ന 56 മണ്ഡലങ്ങളിലെ പേരുകള് മുമ്പ് പ്രഖാപിച്ചിരുന്നു.
ഇടതുമുന്നണി- കോണ്ഗ്രസ്- ഐഎസ്എഫ് എന്നീ കക്ഷികളടങ്ങുന്ന സംയുക്ത മോര്ച്ചയാണ് തൃണമൂലിനും ബിജെപിയ്ക്കുമെതിരെ മൂന്നാം മുന്നണിയായി മത്സരിക്കുന്നത്. ഇടതു മുന്നണി 165, കോണ്ഗ്രസ് 92, ഐഎസ്എഫ് 37 എന്നീ ക്രമത്തിലാണ് സീറ്റുകള് പങ്കുവെച്ചിരിക്കുന്നത്.
ഇടതുമുന്നണിയില് 160 മണ്ഡലങ്ങളിലെ സ്ഥാനാര്ത്ഥികളെ ഇതുവരെ പ്രഖ്യാപിച്ചു. ബാക്കി രണ്ടു ദിവസത്തിനുള്ളില് പ്രഖ്യാപിക്കുമെന്ന് ബിമന് ബസു അറിയിച്ചു. കോണ്ഗ്രസ്, ഐഎസ്എഫ് എന്നിവരുടെ ലിസ്റ്റും അടുത്തുതന്നെ പ്രഖ്യാപിക്കും.
സ്ഥാനാര്ത്ഥികളില് നിരവധി പേര് പുതുമുഖങ്ങളാണ് . യുവാക്കള്ക്കും വനിതകള്ക്കും മികച്ച പ്രാതിനിധ്യമാണുള്ളത്. 38 പേര് 40 വയസ്സിന് താഴെയുള്ളവരാണ്. 28 പേര് വനിത സ്ഥാനാര്ത്ഥികളാണ്. സിപിഐ എം പി ബി അംഗം മുഹമ്മദ് സലിം ഹൂഗ്ലി ജില്ലയിലെ ചാന്ദിത്തലയില് നിന്ന് മത്സരിക്കും. പ്രസിദ്ധമായ നന്ദിഗ്രാമില് മുഖ്യമന്ത്രി മമത ബാനര്ജിയ്ക്കെതിരെ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് മീനാക്ഷി മുഖര്ജിയാണ് സിപിഐ എം സ്ഥാനാര്ത്ഥി.
ജവഹര്ലാല് നെഹറു യൂണിവേഴ്സിറ്റി സ്റ്റുഡന്സ് യൂണിയന് ചെയര് പേഴ്സണ് ഐയ്സി ഘോഷ് ബര്ദ്വമാന് ജില്ലയിലെ ജാമുരിയയില് നിന്ന് സിപിഐ എം സ്ഥാനാര്ത്ഥിയായി ജനവിധി തേടും . ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി സയന്ദീപ് മിത്ര എസ്എഫ്ഐ മുന് സംസ്ഥാന പ്രസിഡന്റ് മധുജ സെന് റോയ് എന്നിവരും സിപിഐ എം സ്ഥാനാര്ത്ഥി പട്ടികയിലുണ്ട്
. എസ്എഫ്ഐ ഡിവൈഎഫ്ഐ സംഘടനകളുടെ നിരവധി മുന് ഭാരവാഹികളും പട്ടികയില് ഇടം പിടിച്ചു.
തൃണമൂലിനെ അധികാരത്തില് നിന്ന് താഴെയിറക്കാനും ബിജെപിയെ ഒറ്റപ്പെടുത്താനും യോജിക്കാന് കഴിയുന്ന ജനാധിപത്യ മതേതര കക്ഷികളുമായി ചേര്ന്നാണ് സംയുക്ത മോര്ച്ച രൂപീകരിച്ചതെന്ന് ബിമന് ബസു പറഞ്ഞു. ആകെയുള്ള 294 മണ്ഡലങ്ങളിലും സംയുക്ത മോര്ച്ച സ്ഥാനാര്ത്ഥികള് യോജിച്ച് പോരാടും.
സീറ്റുകള് ലഭിച്ചില്ലെങ്കിലും പല ജനാധിപത്യ മതേതര കക്ഷികളും സംയുക്ത മോര്ച്ചയുമായി സഹകരിച്ച് പ്രവര്ത്തിക്കാന് സന്നദ്ധത അറിയിച്ചിട്ടുണ്ട്.
Credits National || Deshabhimani Online News https://ift.tt/3vc28bO
Comments