ആഴക്കടൽ മത്സ്യബന്ധനം 
വിവാദത്തിൽ ഗൂഢാലോചന ; ലക്ഷ്യം മത്സ്യത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കൽ : മുഖ്യമന്ത്രി


കൊല്ലം
മത്സ്യത്തൊഴിലാളികളെ എൽഡിഎഫിൽനിന്ന് അകറ്റാൻ കഴിയുമോ എന്ന ഗൂഢാലോചനയാണ് ആഴക്കടൽ മത്സ്യബന്ധന വിവാദത്തിനു പിന്നിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മത്സ്യമേഖലയിൽ സർക്കാർ സ്വീകരിച്ച നടപടികളെ മത്സ്യത്തൊഴിലാളികൾ വലിയ തോതിലാണ് അനുകൂലിക്കുന്നത്. ഇത് യുഡിഎഫിന്റെ വോട്ട്ബാങ്ക് നഷ്ടപ്പെടുത്തുമെന്ന ഭയത്താൽ, ഇവരെ തെറ്റിദ്ധരിപ്പിക്കാൻ നടന്ന ഗൂഢാലോചനയാണിതെന്ന് അദ്ദേഹം പറഞ്ഞു.

മറ്റുപല കാര്യങ്ങളിലും ഇടപെടുന്ന ‘ദല്ലാൾ’ എന്ന് അറിയപ്പെടുന്ന മഹാനും പ്രതിപക്ഷ നേതാവിനൊപ്പം മുമ്പുണ്ടായിരുന്നയാളും ഇപ്പോഴുള്ളയാളുമൊക്കെ ഈ ഗൂഢാലോചനയിലുണ്ട്. ഇത് അന്വേഷണത്തിലൂടെ പുറത്തുവരും. ഇതിൽ ഉൾപ്പെട്ടയാൾ കുണ്ടറയിൽ മേഴ്സിക്കുട്ടിഅമ്മയ്ക്കെതിരെ മത്സരിക്കുന്നത് ഗൂഢാലോചനയ്ക്ക് തെളിവാണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കടലിന്റെ അവകാശം മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപ്പെടുത്താൻ സർക്കാർ തെറ്റായ നടപടി സ്വീകരിച്ചെന്ന ബോധ്യം മത്സ്യത്തൊഴിലാളികളിൽ ഉണ്ടാക്കിയെടുക്കാനുള്ള ശ്രമമാണ് നടന്നത്. ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് ഇപ്പോൾ പുറത്തുവന്ന രേഖകൾ വലിയ കാര്യമല്ലേയെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. ഫിഷറീസ് വകുപ്പിനും സർക്കാരിനുമെതിരെ ചില കേന്ദ്രങ്ങളിൽനിന്ന് ആക്ഷേപങ്ങൾ ഉയർന്നിട്ടുണ്ട്. എല്ലാത്തിനും മുഖ്യമന്ത്രിയുടെ ഓഫീസിനെ ബന്ധപ്പെടുത്താൻ നോക്കുന്നത് ‘നല്ലൊരു’ കാര്യമാണ്.

വിദേശത്തുള്ള മലയാളികളിൽ നല്ല രീതിയിൽ വ്യവസായം നടത്തുന്നവരുണ്ട്. അല്ലാത്തവരുമുണ്ട്. അത്തരക്കാരായ ചിലർ തൽക്കാലത്തേക്ക് ഒരു കോട്ടും വാങ്ങിയിട്ട് കേരളത്തിലേക്കു വരാറുണ്ട്. ബന്ധപ്പെട്ട സെക്രട്ടറിമാരെ കാണാനാണ് ഇത്തരക്കാരോട് താൻ പറയാറുള്ളത്. ട്രോളറും യാനങ്ങളുമൊക്കെ നിർമിക്കാനുള്ള ഇവരുടെ സാമ്പത്തിക ശേഷി എത്രത്തോളമുണ്ടെന്ന് ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.

ഔദ്യോഗിക സ്ഥാനത്തിരുന്നുകൊണ്ട് ചിലർക്കുവേണ്ടി ദല്ലാൾപ്പണി നടത്തുന്നവരുണ്ട്. ഇവരാണ് സർക്കാർ നടപടിക്രമങ്ങളിൽ അസ്വാഭാവികത ആരോപിക്കുന്നതിനും സഹായികളാകുന്നത്. ഒരു മഹാന് ഔദ്യോഗിക സ്ഥാനത്തിരുന്ന് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടാൻ കഴിയും. എന്നാൽ, ബന്ധപ്പെട്ടത് ദുരുദ്ദേശ്യത്തോടെയാണ്. ഇങ്ങനെയാണ് കാര്യങ്ങൾ എന്ന് തന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയെ ബോധ്യപ്പെടുത്തി മെസേജ് അയക്കുമ്പോൾ സ്വാഭാവികമായി കൊടുക്കുന്ന മറുപടിയെയാണ് ഇവർ രേഖയായി പറയുന്നത്. പിആർഡിയെക്കൊണ്ട് പ്രസ് റിലീസ് ഇറക്കിക്കുന്നതിൽവരെ അയാൾ എത്രമാത്രം മെനക്കെട്ടിട്ടുണ്ടെന്ന് നോക്കണം. ഇതുകൊണ്ടൊന്നും മുഖ്യമന്ത്രിയുടെ ഓഫീസിനെ കളങ്കപ്പെടുത്താൻ കഴിയില്ല. അന്വേഷണം മുറുകുമ്പോൾ ഗൂഢാലോചനയുടെ തെളിവുകൾ ഓരോന്നായി പുറത്തു വരും. അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ കൂടുതൽ പറയുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3rok1Ro

Comments

Archive

Contact Form

Send