ഏതാണാ ‘മരണം’; ബിജെപിക്ക് മാരണമായി ഷായുടെ ആരോപണം
തിരുവനന്തപുരം > ബിജെപിയെ കുടുക്കിലാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആരോപിച്ച ‘ദുരൂഹമരണം’. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഇല്ലാത്ത പല ആരോപണങ്ങളും ബിജെപി–-കോൺഗ്രസ് നേതാക്കൾ ഉയർത്തിയെങ്കിലും ഇത്തരത്തിലൊന്ന് ആരും ഉന്നയിച്ചിട്ടില്ല. അമിത് ഷാ മനഃപൂർവം പറഞ്ഞതാണോ അതോ അബദ്ധം പറ്റിയതാണോ എന്ന ആശയക്കുഴപ്പത്തിലാണ് ബിജെപിക്കാർ. സംഭവം കൂടുതൽ ചർച്ചയാക്കാൻ ബിജെപിക്ക് താൽപ്പര്യമില്ലെന്ന് വ്യക്തം. ആഭ്യന്തരമന്ത്രിയുടെ ആരോപണം ഏറ്റെടുക്കാൻ ബിജെപി നേതാക്കളും രംഗത്തുവന്നില്ല.
ഏത് സംഭവത്തെക്കുറിച്ചാണ് ഷാ പറഞ്ഞതെന്നുപോലുമറിയാത്ത സംസ്ഥാന ബിജെപി നേതൃത്വത്തിന് അക്ഷരാർഥത്തിൽ ഉത്തരംമുട്ടി. മരണത്തെപ്പറ്റി അറിയില്ലെന്നാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ തിങ്കളാഴ്ച പ്രതികരിച്ചത്. ചൊവ്വാഴ്ച വാർത്താസമ്മേളനത്തിൽ പലവട്ടം ചോദ്യമുയർന്നെങ്കിലും സുരേന്ദ്രന് മറുപടി ഉണ്ടായിരുന്നില്ല. അമിത് ഷായെ പോലൊരാൾ വെറുതെ ഒന്നും പറയില്ലെന്നും ഒരു ചോദ്യത്തിൽ മാത്രം മുഖ്യമന്ത്രി തൂങ്ങുന്നത് എന്തിനാണെന്നും പറഞ്ഞൊഴിയുകയായിരുന്നു സുരേന്ദ്രൻ.
തിരുവനന്തപുരത്ത് ബിജെപി റാലിയിലാണ് സ്വർണക്കടത്തുമായി ബന്ധപ്പെട്ട ഒരു ദുരൂഹമരണം സംസ്ഥാനം അന്വേഷിക്കാത്തതെന്താണെന്ന് അമിത് ഷാ ചോദിച്ചത്. ‘ഒരു സാക്ഷി സംശയാസ്പദമായി മരിച്ചു, അതേപ്പറ്റി ശരിയായ ദിശയിൽ അന്വേഷണം നടത്തിയോ’ എന്നായിരുന്നു ചോദ്യം. ഏതെങ്കിലും മരണത്തെക്കുറിച്ചു സംശയമുണ്ടെങ്കിൽ എഴുതിത്തന്നാൽ അന്വേഷിക്കാമെന്നാണ് പിണറായിയിലെ റാലിയിൽ ഷായുടെ ചോദ്യങ്ങളോട് ശക്തമായി പ്രതികരിച്ച മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. എന്നാൽ, ആഭ്യന്തരമന്ത്രിയോ ബിജെപി നേതാക്കളോ ഈ വെല്ലുവിളി ഏറ്റെടുത്തില്ല. അമിത്ഷാ മടങ്ങിയ ശേഷം ബിജെപി നേതാക്കളുടെ യോഗത്തിൽ ഇക്കാര്യം ചർച്ചയായിരുന്നു. ഏതെങ്കിലും മരണം കുത്തിപ്പൊക്കി ദുരൂഹത ആരോപിച്ചാൽ അത് പാരയാകുമോ എന്ന സംശയത്തിൽ വേണ്ടെന്നുവച്ചു.
രാജ്യത്തെ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമായി കേന്ദ്ര ഏജൻസികൾ തന്നെ വിലയിരുത്തുന്ന കേരളത്തെക്കുറിച്ച് അമിത്ഷാ ഉന്നയിച്ച മറ്റ് ആരോപണങ്ങളും വഴിയാധാരമായി. കേരളത്തിലെ അഴിമതിയുടെ കൂടുതൽ വിവരം കൈവശമുണ്ടെന്നും എന്നാൽ, താനത് വെളിപ്പെടുത്തില്ലെന്നുമാണ് ഷാ തട്ടിവിട്ടത്. എന്താണ് കൈയിലുള്ള വിവരമെന്നും പുറത്തുവിടാൻ എന്താണ് മടിയെന്നുമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന ചോദ്യം. ഇക്കാര്യത്തിലും ബിജെപിക്ക് മിണ്ടാട്ടമില്ല.
Credits Kerala || Deshabhimani Online News https://ift.tt/38o9NtD
Comments