ഗഡ്‌കരിക്ക്‌ കിട്ടി ‘സ്‌കാനിയ ബസ്'; കോഴക്കുരുക്കില്‍ കേന്ദ്രമന്ത്രി

ന്യൂഡൽഹി > വിവിധ സംസ്ഥാനങ്ങളിൽ ബസുകളുടെ കരാർ ലഭിക്കാൻ സ്വീഡിഷ് കമ്പനി സ്കാനിയ കേന്ദ്ര ഉപരിതലഗതാഗത മന്ത്രി നിതിൻഗഡ്കരിക്ക് സമ്മാനിച്ചത് ആഡംബരബസ്. കമ്പനി ഓഡിറ്റർമാരുടെ ആഭ്യന്തരപരിശോധനാ റിപ്പോർട്ട് പുറത്തുവിട്ട് സ്വീഡിഷ് വാർത്താചാനൽ എസ്വിടിയാണ് വിവരം പുറത്തുകൊണ്ടുവന്നത്.

നിതിൻഗഡ്കരിയുടെ മകളുടെ വിവാഹത്തിനാണ് ആഡംബരബസ് "സമ്മാനിച്ചത്'. 2013 മുതൽ 2016വരെ വിവിധ സംസ്ഥാനങ്ങളിൽ ബസുകളുടെ കരാർ ലഭിക്കാൻ ചില ഉദ്യോഗസ്ഥർ വൻകോഴയും പാരിതോഷികങ്ങളും കൈമാറിയതായാണ് കമ്പനി ഓഡിറ്റർമാർ കണ്ടെത്തി. ഗഡ്കരിയുടെ കുടുംബവുമായി അടുത്ത ബന്ധമുള്ള നാഗ്പുരിലെ കമ്പനിക്ക് ‘സ്കാനിയ മെട്രോലിങ്ക് എച്ച്ഡി ബസ്’ കൈമാറിയതിന്റെ രേഖകൾ പുറത്തുവന്നതായും എസ്വിടി റിപ്പോർട്ട് ചെയ്തു. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഗഡ്കരിയുടെ ഓഫീസ് പ്രതികരിച്ചു.

സ്വീഡനിലെ പ്രമുഖ വാഹനനിർമാണ കമ്പനിയാണ് ‘സ്കാനിയ’. 2016 നവംബർ അവസാനം ‘സ്കാനിയ’ ബംഗളൂരുവിലെ ട്രാൻസ്മോട്ടോഴ്സിന് ആധുനികസൗകര്യങ്ങളുള്ള ‘സ്കാനിയ മെട്രോലിങ്ക് എച്ച്ഡി ബസ്’ കൈമാറി. ട്രാൻസ്മോട്ടോഴ്സ് ഈ ബസ് നാഗ്പുരിലെ സുദർശൻ ഹോസ്പിറ്റാലിറ്റി എന്ന കമ്പനിക്ക് കൈമാറി. നാഗ്പുരിലെ കമ്പനിക്ക് ഗഡ്കരിയുടെ മക്കളുമായി അടുത്തബന്ധമുണ്ടെന്നും ആഡംബരബസ് മകളുടെ വിവാഹത്തിന് ഉപയോഗിച്ചതായും റിപ്പോർട്ടിലുണ്ട്.

‘സ്കാനിയ ഇടപാട്’ സാമൂഹ്യമാധ്യമങ്ങളിലും വലിയ ചർച്ചാവിഷയമായി. കേന്ദ്രമന്ത്രിയുടെ അഴിമതി വാർത്ത മുഖ്യധാരാമാധ്യമങ്ങൾ മുക്കിയെന്ന് ചിലർ വിമർശിച്ചു. മുൻ ഉദ്യോഗസ്ഥരാണ് അഴിമതിക്ക് പിന്നിലെന്നും അവർ ഇപ്പോൾ കമ്പനിയിലില്ലെന്നും സ്കാനിയ പ്രതിനിധികൾ അവകാശപ്പെട്ടു.

ചില ഉദ്യോഗസ്ഥർക്ക് 65,000 യൂറോ വരെ(56.41 ലക്ഷംരൂപ) കൈക്കൂലി നൽകിയതായും റിപ്പോർട്ടുണ്ട്. പൊതുമേഖലാ കൽക്കരി ഖനന കമ്പനിക്ക് നൽകിയ ട്രക്കുകളുടെ ചേസിസ് നമ്പറുകളിലും ലൈസൻസ് പ്ലേറ്റുകളിലും സ്കാനിയ ഉദ്യോഗസ്ഥർ കൃത്രിമം കാണിച്ചെന്നും അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.

ആഡംബരവിവാഹം 2016ൽ

2016 ഡിസംബറിൽ നാഗ്പുരിലായിരുന്നു നിതിൻഗഡ്കരിയുടെ മകളുടെ വിവാഹം. കോടികൾ ചെലവിട്ടാണ് വിവാഹആഘോഷങ്ങൾ നടത്തിയതെന്നും 50 ചാർട്ടേഡ് വിമാനങ്ങളിലാണ് അതിഥികളെ എത്തിച്ചതെന്നും ആരോപണം ഉയർന്നു. സ്വീഡിഷ് വാർത്താചാനലിന്റെ റിപ്പോർട്ട് ഈ ആരോപണങ്ങളെ ബലപ്പെടുത്തുന്നു.



Credits National || Deshabhimani ​Online ​News https://ift.tt/30BruBY

Comments

Archive

Contact Form

Send