തർക്കത്തിനൊടുവിൽ ഷാജിയുടെ പത്രിക സ്വീകരിച്ചു; നിയമയുദ്ധം തുടരും

കണ്ണൂർ> സുപ്രീംകോടതി അഭിഭാഷകരടക്കം അണിനിരന്ന രണ്ടുമണിക്കൂറോളം നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിൽ യുഡിഎഫ് അഴീക്കോട് മണ്ഡലം സ്ഥാനാർഥി കെ എം ഷാജിയുടെ നാമനിർദേശ പത്രിക വരണാധികാരി സ്വീകരിച്ചെങ്കിലും ഇതുസംബന്ധിച്ച നിയമയുദ്ധം തുടരാൻ സാധ്യത. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ഷാജി അയോഗ്യനാണെന്ന ഹൈക്കോടതി വിധി നിലനിൽക്കുകയാണെന്നതിൽ നിയമവിദഗ്ധർ ഉറച്ചുനിൽക്കുകയാണ്.

ശനിയാഴ്ച പകൽ 11ന് നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ആരംഭിച്ചതുമുതൽ മൂന്നുമണിക്കൂറോളം ഷാജിയുടെ സ്ഥാനാർഥിത്വം തുലാസിലായിരുന്നു. പകൽ രണ്ടിനാണ് വരണാധികാരിയായ ജില്ലാ പട്ടികജാതി വികസന ഓഫീസർ കെ വി രവിരാജ് തടസ്സവാദങ്ങൾ നിരാകരിച്ച് പത്രിക സ്വീകരിക്കാൻ തീരുമാനിച്ചത്. തെരഞ്ഞെടുപ്പു കമീഷൻ പുറത്തിറക്കിയ അയോഗ്യരുടെ പട്ടികയിൽ ഷാജിയുടെ പേരില്ല എന്ന സാങ്കേതികത്വം മാത്രം മുറുകെപിടിച്ചായിരുന്നു തീർപ്പ്.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വർഗീയവിദ്വേഷം വമിക്കുന്ന പ്രചാരണം നടത്തിയതായി തെളിഞ്ഞതിനെ തുടർന്ന് 2018 നവംബർ ഒമ്പതിനാണ് ഹൈക്കോടതി ഷാജിയുടെ തെരഞ്ഞെടുപ്പ്
റദ്ദാക്കിയത്. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ആറുവർഷത്തേക്ക് അയോഗ്യതയും കൽപ്പിച്ചു. എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന എം വി നികേഷ്കുമാറിന്റെ ഹർജിയിലായിരുന്നു സുപ്രധാന വിധി. നവംബർ 27ന് സുപ്രീകോടതി ഷാജിയുടെ അപ്പീൽ പരിഗണിച്ച് ഉപാധികളോടെ സ്റ്റേ അനുവദിച്ചു. നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാമെങ്കിലും എംഎൽഎ എന്ന നിലയിൽ ശമ്പളവും ആനുകൂല്യങ്ങളും കൈപ്പറ്റരുതെന്നും വോട്ടവകാശം ഉണ്ടാവില്ലെന്നതുമായിരുന്നു ഉപാധികൾ. പിന്നീട് പ്രൊഫ. ടി വി ബാലന്റെ ഹർജിയിലും ഹൈക്കോടതിയിൽനിന്ന് സമാന വിധിയുണ്ടായി.

മത്സരിക്കാൻ ഷാജി അയോഗ്യനാണെന്നും പത്രിക തള്ളണമെന്നും സൂക്ഷ്മപരിശോധന ആരംഭിച്ചയുടൻ എൽഡിഎഫ് മണ്ഡലം സെക്രട്ടറി എം പ്രകാശൻ ആവശ്യപ്പെട്ടു. എൽഡിഎഫ് സ്ഥാനാർഥി കെ വി സുമേഷിനുവേണ്ടി ഹാജരായ സുപ്രീംകോടതി അഭിഭാഷകൻ പി വി ദിനേശും ഹൈക്കോടതി അഭിഭാഷകൻ പി കെ വർഗീസും കോടതിവിധിയും ജനപ്രാതിനിധ്യനിയമത്തിലെ പ്രസക്ത വകുപ്പുകളും ഉദ്ധരിച്ച് ഷാജിയുടെ സ്ഥാനാർഥിത്വം നിലനിൽക്കില്ലെന്ന് വാദിച്ചു. അയോഗ്യത കൽപ്പിച്ച ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തില്ലെന്നും ഇരുവരും പറഞ്ഞു. അതേസമയം, ഷാജിക്കുവേണ്ടി അഡ്വ. ഹാരീസ് ബീരാൻ, അഡ്വ. മുഹമ്മദ് ഷാ എന്നിവർ ഹാജരായി. വാദപ്രതിവാദം രണ്ടുമണിക്കൂറോളം നീണ്ടു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3rdZbEB

Comments

Archive

Contact Form

Send