മുഖംമൂടിയഴിഞ്ഞു; ഗതിയില്ലാതെ വീണ്ടും അഴീക്കോട്ട്
കണ്ണൂർ> മുഖംമൂടി പൂർണമായി അഴിഞ്ഞുവീണ്, അപഹാസ്യനായാണ് മുസ്ലിംലീഗ് നേതാവ് കെ എം ഷാജി ഒരിക്കൽക്കൂടി അഴിക്കോട് മണ്ഡലത്തിലെ വോട്ടർമാരെ അഭിമുഖീകരിക്കുന്നത്. സ്വന്തം വികൃതമുഖം അനാവരണം ചെയ്യപ്പെട്ടതിലെ ജാള്യം ഷാജിക്കുണ്ട്. മണ്ഡലം മാറാൻ അവസാന നിമിഷംവരെ കിണഞ്ഞു ശ്രമിച്ചിരുന്നു. കാസർകോടും കളമശേരിയും പെരിന്തൽമണ്ണയും വരെ കൈക്കലാക്കാൻ നോക്കിയെങ്കിലും എല്ലായിടത്തും തിരസ്കൃതനായപ്പോഴാണ് ഒടുവിൽ അഴീക്കോട് സ്വീകരിക്കാൻ നിർബന്ധിതനായത്.
അഴിമതി, അവിഹിത സ്വത്തുസമ്പാദന കേസുകളിൽ ജയിലിൽ പോകാൻ കാലുനീട്ടി നിൽക്കുന്ന നേതാവ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വർഗീയ വിദ്വേഷം പ്രചരിപ്പിതിന് തെരഞ്ഞെടുപ്പുതന്നെ ഹൈക്കോടതി റദ്ദാക്കി. ആറു വർഷത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് അയോഗ്യതയും കൽപ്പിച്ചു. എതിർ സ്ഥാനാർഥിയായിരുന്ന എൽഡിഎഫിലെ എം വി നികേഷ്കുമാറും മണ്ഡലത്തിലെ വോട്ടറായ ബാലനും സമർപ്പിച്ച രണ്ടു ഹർജികളിലും സമാന വിധിയാണ് ഹൈക്കോടതിയിൽനിന്നുണ്ടായത്.
സുപ്രീംകോടതി സ്റ്റേ ലഭിച്ചെന്ന സാങ്കേതികത്വത്തിൽ മാത്രമാണ് വീണ്ടും ജനവിധി തേടാൻ ഷാജിക്ക് വഴിയൊരുങ്ങുന്നത്. കർശന ഉപാധികളോടെയാണ് 2018 നവംബറിൽ സുപ്രീംകോടതി സ്റ്റേ അനുവദിച്ചത്. എംഎൽഎ എന്നനിലയിൽ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാമെങ്കിലും വോട്ടവകാശമില്ല. ആനുകൂല്യങ്ങളും കൈപ്പറ്റാൻ പാടില്ല. നികേഷ്കുമാറിന് നൽകേണ്ട അര ലക്ഷം രൂപയുടെ കോടതിച്ചെലവ് കെട്ടിവച്ചതിനുശേഷമാണ് സുപ്രീംകോടതിയെ സമീപിക്കാനായതെന്നതും ശ്രദ്ധേയം.
ഇതിലുമേറെ ഷാജിയെ കുഴക്കുന്നതാണ് പ്ലസ്ടു കോഴക്കേസും അവിഹിത സ്വത്തു സമ്പാദനക്കേസും. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് അഴീക്കോട് ഹൈസ്കൂളിന് ഹയർസെക്കൻഡറി കോഴ്സ് അനുവദിച്ചതിന്റെപേരിൽ മാനേജ്മെന്റിൽനിന്ന് 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ വിജിലൻസ് പ്രഥമവിവര റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ച് അന്വേഷണം നടത്തുകയാണ്. സിപിഐ എം നേതാവും കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റുമായ കുടുവൻ പത്മനാഭൻ മുഖമന്ത്രിക്കു നൽകിയ പരാതിയിലാണ് വിജിലൻസ് കേസെങ്കിലും യഥാർഥത്തിൽ കൈക്കൂലിക്കാര്യം പുറത്തുകൊണ്ടുവന്നത് മുസ്ലിംലീഗ് നേതാവായിരുന്ന നൗഷാദ് പൂതപ്പാറയാണ്. പരാതി സാധൂകരിക്കുന്ന തെളിവുകളും സാക്ഷിമൊഴികളും വിജിലൻസിന് ലഭിച്ചിട്ടുണ്ട്.
വിജിലൻസിനെ പിന്തുടർന്ന്, ഷാജിയുടെ അവിഹിത സ്വത്തു സമ്പാദനത്തെക്കുറിച്ച് അന്വേഷിച്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിച്ചു. ഇഞ്ചിക്കൃഷിയിലൂടെയാണ് കോടികളുടെ സമ്പാദ്യവും ആസ്തിയുമെന്ന വാദം ഷാജിയെ കൂടുതൽ പരിഹാസ്യനാക്കി.
Credits Kerala || Deshabhimani Online News https://ift.tt/3tccSFh
Comments