ഡിഎഫ്‌ഐ കേന്ദ്രത്തിന്റെ സ്വകാര്യ ‘കിഫ്‌ബി’: തോമസ്‌ ഐസക്


ആലപ്പുഴ
കേരളത്തിന്റെ കിഫ്ബി മാതൃകയിലാണ് കേന്ദ്രം രൂപീകരിക്കുന്ന ഡെവലപ്മെന്റ് ഫിനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂഷൻ (ഡിഎഫ്ഐ) എന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ഇത് സന്തോഷകരമാണെന്നും പശ്ചാത്തല വികസനത്തിനുള്ള ധനസമാഹരണത്തിന് ഇത്തരം സംരംഭം വേണ്ടിവരുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. എന്നാൽ ഡിഎഫ്ഐയിലുള്ളത് ബിജെപിയുടെ സ്വകാര്യവൽക്കരണ അജണ്ടയാണ്. ഇപ്പോൾ പൊതുമേഖലയിലാണെങ്കിലും മൂന്നു വർഷത്തിനുള്ളിൽ സ്വകാര്യ വൽക്കരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി പറയുന്നു. 26 ശതമാനം മാത്രമേ കേന്ദ്ര സർക്കാരിന് ഭാവിയിൽ ഓഹരിയുണ്ടാകൂ. 111 ലക്ഷം കോടി രൂപ സമാഹരിക്കാമെന്നാണ് കേന്ദ്രം പ്രതീക്ഷിക്കുന്നത്. ഏഴായിരത്തിൽപരം പശ്ചാത്തല സൗകര്യ പദ്ധതിക്ക് അനുമതി നൽകാമെന്നാണ് തീരുമാനം. ഭാവിയിൽ പണം കിട്ടുമെന്ന പ്രതീക്ഷയിലാണിത്. ഡിഎഫ്ഐയിൽ ഓഹരി മൂലധനമായി 20,000 കോടി രൂപ നൽകുന്നുണ്ടെങ്കിലും എല്ലാ വർഷവും ഗ്രാന്റ് നൽകുന്നതിന് വ്യവസ്ഥയില്ല.

വായ്പയെടുത്ത് മുതൽമുടക്കുന്ന പദ്ധതികളിൽ നിന്നുള്ള വരുമാനംകൊണ്ട് തിരിച്ചടവിനുള്ള പണം കണ്ടെത്തണം. ഇങ്ങനെയെങ്കിൽ നിക്ഷേപകർക്ക് 20 ശതമാനമെങ്കിലും പലിശയോ ലാഭമോ ഉറപ്പുവരുത്തിയേ പറ്റു. ഇതിനായി യൂസർഫീ കുത്തനെ ഉയർത്തി ജനങ്ങളിൽ അമിതഭാരം അടിച്ചേൽപ്പിക്കേണ്ടിവരും. പശ്ചാത്തല സൗകര്യങ്ങളെയും സ്വകാര്യവൽക്കരിക്കേണ്ടിവരും. കിഫ്ബി എന്നും പൊതുമേഖലാ സ്ഥാപനമായിരിക്കും. ജനങ്ങളുടെ മേൽ യൂസർഫീ ഇനത്തിൽ ഭാരം അടിച്ചേൽപ്പിക്കില്ല. സ്വത്ത് സ്വകാര്യവൽക്കരിക്കില്ല. ഈ തുകകൊണ്ട് ബാധ്യത തീർക്കാൻ കഴിയുന്ന പദ്ധതികൾ മാത്രമേ കിഫ്ബി ഏറ്റെടുക്കുകയുള്ളൂ–- ഐസക് പറഞ്ഞു.

ഇവിടെ വേട്ട; അവിടെ അന്വേഷണവുമില്ല
കിഫ്ബിയെ ഇ ഡി വേട്ടയാടുമ്പോൾ കേന്ദ്രത്തിന്റെ ഡെവലപ്മെന്റ് ഫിനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂഷ(ഡിഎഫ്ഐ)നെ സിബിഐ അടക്കമുള്ള ഏജൻസികളുടെ അന്വേഷണ പരിധിയിൽ നിന്നും നിയമത്തിലൂടെ ഒഴിവാക്കുന്നത് എന്തുകൊണ്ടെന്ന് ധനമന്ത്രി തോമസ് ഐസക്.

കിഫ്ബിയിൽ നിയമ ലംഘനമുണ്ടെങ്കിൽ വൈസ് ചെയർമാൻ എന്ന നിലയിൽ ഉത്തരവാദിത്വം ഏൽക്കുന്നുവെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. പറ്റുമെങ്കിൽ എന്നെ അറസ്റ്റു ചെയ്യൂ. ഉദ്യോഗസ്ഥരുടെ പിന്നാലെ നോട്ടീസുമായി പോയി കുതിരകയറണ്ട. തെരഞ്ഞെടുപ്പിന് മുമ്പ് ആരെയെങ്കിലും അറസ്റ്റ് ചെയ്യാനാണ് നീക്കം. അതൊന്നും നടക്കില്ല. രാജ്യം ചിന്തിക്കും മുമ്പ് കേരളം മാതൃക സൃഷ്ടിച്ചുവെന്ന് മനസിലായില്ലേ. മോഡിയുടെ രാഷ്ട്രീയ പ്രചാരണ ഉപകരണമാകുന്ന അന്വേഷണ ഏജൻസികളെ രാഷ്ട്രീയമായി വെല്ലുവിളിക്കുന്നു.

അന്വേഷണ പ്രഹസനത്തിന് തെരഞ്ഞെടുപ്പു കഴിയും വരെയെ ആയുസുണ്ടാകൂ. ചില ഉന്നത ഉദ്യോഗസ്ഥരെ അറസ്റ്റു ചെയ്യുന്നതിനും ഇഡിയുടെ നീക്കമുണ്ട്. ഇതിനെ നിയമപരമായും ജനങ്ങളെ അണിനിരത്തിയും നേരിടും. കിഫ്ബി തുടക്കം കുറിച്ചിട്ടുള്ള വികസന പ്രവർത്തനം തുടരണമോ വേണ്ടയോ എന്ന ചോദ്യമാണ് തെരഞ്ഞെടുപ്പിലെ പ്രധാന വിഷയം. വികസനം അട്ടിമറിക്കുന്നതിന് കേന്ദ്ര ഏജൻസികൾക്കും അവർക്ക് ഒത്താശ ചെയ്യുന്ന യുഡിഎഫിനുമുള്ള മറുപടി ജനം വോട്ടിലൂടെ നൽകും.

കള്ളപ്പണം വെളിപ്പിക്കുമെന്നാണ് പറയുന്നത്. എല്ലാം ആർബിഐ പരിശോധിച്ചിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനം കെവൈസി ഉറപ്പുവരുത്തി ബാങ്കുവഴി ബോണ്ടുകളിൽ പണം സ്വീകരിക്കുമ്പോൾ എങ്ങനെയാണ് കള്ളപ്പണം വെളുപ്പിക്കാൻ കഴിയുക. സ്വകാര്യ സ്ഥാപനമായി മാറുന്ന ഡിഎഫ്ഐയെ അഴിമതി അന്വേഷണത്തിന്റെ പരിധിയിൽ നിന്നും ഒഴിവാക്കുമ്പോൾ പൂർണമായും സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കിഫ്ബിയെ വേട്ടയാടുന്നതിന്റെ ലക്ഷ്യം കേന്ദ്രം വ്യക്തമാക്കണമെന്നും ഐസക് പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3eU3OBa

Comments

Archive

Contact Form

Send