എ എ അസീസ് എൽഡിഎഫിലേക്ക് തിരിച്ചുവരണം: കോവൂർ കുഞ്ഞുമോൻ
കൊല്ലം
മുങ്ങിത്താഴുന്ന കപ്പലാണ് ആർഎസ്പിയെന്നും അതിൽനിന്നും സംസ്ഥാന സെക്രട്ടറി എ എ അസീസ് പുറത്തുവന്ന് ഇടതുപക്ഷത്തിന്റെ ഭാഗമാകണമെന്നും ആർഎസ്പി ലെനിനിസ്റ്റ് നേതാവ് കോവൂർ കുഞ്ഞുമോൻ എംഎൽഎ പറഞ്ഞു. പ്രസ്ക്ലബ്ബിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരവിപുരം മണ്ഡലത്തിൽ സീറ്റ് നൽകാതെ ആർഎസ്പിയിലെ ഒരു വിഭാഗം നേതാക്കൾ അദ്ദേഹത്തെ അവഗണിച്ചു. ആർഎസ്പി വിട്ടുപോയ ബാബു ദിവാകരനെ ക്ഷണിച്ചുകൊണ്ടുവന്ന് ഇരവിപുരത്ത് സ്ഥാനാർഥിത്വംനൽകി.
ഇ കെ നായനാർ മന്ത്രിസഭയിൽ അംഗമായിരുന്ന ബേബിജോൺ രോഗബാധിതനായതോടെ ആദ്യകാല നേതാവ് വി പി രാമകൃഷ്ണപിള്ളയെ പകരം മന്ത്രി ആക്കുന്നതിനെതിരെ ആർഎസ്പിയിൽ വിഭാഗീയ പ്രവർത്തനത്തിന് നേതൃത്വംനൽകിയ ആളാണ് ബാബുദിവാകരൻ. ആർഎസ്പി ചില വ്യക്തികളുടെ കൈയിൽ അകപ്പെട്ടു. പ്രവർത്തകർ വലിയ നിരാശയിലാണ്. തൊഴിലാളികൾക്കിടയിൽ പ്രവർത്തിച്ച് പാരമ്പര്യമുള്ള എ എ അസീസും പ്രവർത്തകരും എൽഡിഎഫിലേക്ക് തിരിച്ചുവരണം. കുന്നത്തൂരിൽ ആർഎസ്പി സ്ഥാനാർഥിയെ പ്രഖ്യാപിച്ചത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണെന്നും കോവൂർ കുഞ്ഞുമോൻ പറഞ്ഞു.
കുന്നത്തൂർ മണ്ഡലത്തിൽ കോവൂർ കുഞ്ഞുമോനെ സ്ഥാനാർഥിയാക്കാൻ ആർഎസ്പി എൽ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചതായി സംസ്ഥാന സെക്രട്ടറി ഷാജി ഫിലിപ്പ് പറഞ്ഞു. കൊല്ലം ജില്ലാ സെക്രട്ടറി സാബു ചക്കുവള്ളി, ജി വിമൽബാബു, ബി എസ് മണിലാൽ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ആർഎസ്പി ലെനിനിസ്റ്റ്
എന്ന പേരിൽ പുതിയ പാർടി
ആർഎസ്പി ലെനിനിസ്റ്റ് എന്ന പേരിൽ പുതിയ പാർടി രജിസ്റ്റർ ചെയ്യുമെന്ന് കോവൂർ കുഞ്ഞുമോൻ പറഞ്ഞു. നേരത്തെ രജിസ്റ്റർ ചെയ്തത് ആർഎസ്പി ലെനിനിസ്റ്റ് മാർക്സിസ്റ്റ് എന്ന പേരിൽ ആയിരുന്നു. വരവുചെലവ് കണക്ക് നൽകാത്തതിന്റെ പേരിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ സൈറ്റിൽനിന്ന് ആ പാർടിയെ ഒഴിവാക്കിയിട്ടുണ്ട്. പാർടി സംസ്ഥാന സെക്രട്ടറി ആയിരുന്ന അമ്പലത്തറ ശ്രീധരൻനായരെ ആരുമറിയാതെ ഒഴിവാക്കി ആസ്ഥാനം കൈവശപ്പെടുത്തിയ കുബുദ്ധിയാണ് ബലദേവെന്നും കോവൂർ കുഞ്ഞുമോൻ പറഞ്ഞു.
അച്ചടക്കലംഘനത്തിനും പാർടി ഫണ്ട് ദുരുപയോഗിച്ചതിനും ബലദേവിനെ പാർട്ടിയിൽനിന്ന് നേരത്തെ പുറത്താക്കിയതാണ്. തനിക്കെതിരെ അപകീർത്തികരമായ പ്രസ്താവനകൾ നടത്തിയ ബലദേവിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കോവൂർ കുഞ്ഞുമോൻ പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/30dTJq4
Comments