വി മുരളീധരനെതിരായ അന്വേഷണം ; വിദേശകാര്യവകുപ്പ്- ഒളിച്ചുകളിക്കുന്നു
കോഴിക്കോട്
അബുദാബിയിൽ നടന്ന ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷൻ മന്ത്രിതല സമ്മേളനത്തിൽ സ്മിത മേനോൻ എന്ന പി ആർ കമ്പനി മാനേജരെ അനധികൃതമായി പങ്കെടുപ്പിച്ചതിൽ കേന്ദ്ര സഹമന്ത്രി വി മുരളീധരന്റെ പങ്ക് അന്വേഷിക്കണമെന്ന പരാതിയിൽ വിദേശകാര്യ വകുപ്പിന് ഒളിച്ചുകളി. ലോക് താന്ത്രിക് യുവ ജനതാദൾ ദേശീയ പ്രസിഡന്റ് സലീം മടവൂർ നൽകിയ പരാതിയിൽ സെൻട്രൽ വിജിലൻസ് കമീഷൻ വിദേശകാര്യ വകുപ്പിലെ ചീഫ് വിജിലൻസ് ഓഫീസറോട് ഒരു മാസത്തിനകം അന്വേഷിച്ച് നടപടിയെടുക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ മൂന്ന് മാസമായിട്ടും വിജിലൻസ് കമീഷൻ ഉത്തരവ് ലഭിച്ചില്ലെന്നാണ് വിദേശകാര്യവകുപ്പിന്റെ നിലപാട്. ഇതേക്കുറിച്ച് സലീം മടവൂർ വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിലും ഉത്തരവ് ലഭിച്ചില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു. സെൻട്രൽ വിജിലൻസ് കമീഷൻ കഴിഞ്ഞവർഷം ഒക്ടോബർ 20–ന് അയച്ച കത്താണ് വിദേശകാര്യ വകുപ്പ് കിട്ടിയില്ലെന്ന് പറയുന്നത്.
ഇത് മുരളീധരനെ രക്ഷിക്കാനുള്ള ഹീനമായ ശ്രമമാണെന്ന് സലീം മടവൂർ ആരോപിച്ചു. സ്വജനപക്ഷപാതം, അഴിമതി, അധികാര ദുർവിനിയോഗം തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് മുരളീധരനെതിരെ പരാതിയിൽ ഉന്നയിച്ചത്. ഇതേക്കുറിച്ച് വ്യക്തമായ അന്വേഷണത്തിന് തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.
Credits National || Deshabhimani Online News https://ift.tt/3roY9pW
Comments