നേമത്തെ‌ ‘കരുത്തനെ’ അറിയാതെ കോൺഗ്രസ്‌ ; തടിയൂരി ചെന്നിത്തലയും ഉമ്മൻചാണ്ടിയും



ന്യൂഡൽഹി
നേമത്ത് കോൺഗ്രസ് പരീക്ഷിക്കുന്ന ‘കരുത്തൻ’ ആരായിരിക്കും. കോൺഗ്രസ് സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് കേരള ഹൗസിൽ തമ്പടിച്ച ഖദർധാരികളുടെ രണ്ടുദിവസമായുള്ള ചൂടൻ ചർച്ച കരുത്തനെ കേന്ദ്രീകരിച്ചാണ്. പല പേരുകളും മാറ്റിമാറ്റി പറഞ്ഞ് ദൃശ്യമാധ്യമങ്ങളും ചർച്ച കൊഴുപ്പിക്കുന്നുണ്ട്. പി സി ചാക്കോ അടക്കമുള്ളവർ കോൺഗ്രസ് വിട്ടതിന്റെ ക്ഷീണം നേമത്തെ ‘കരുത്തനെ’ ഉപയോഗിച്ച് രണ്ടുദിവസത്തേക്ക് വഴിമാറ്റാൻ ദൃശ്യമാധ്യമങ്ങൾ കോൺഗ്രസിനെ കാര്യമായി സഹായിച്ചു.

ബിജെപിയെ മുഖാമുഖം എതിരിടാൻ നേമത്ത് ഒരു ‘കരുത്തൻ’ മൽസരിക്കണമെന്ന് ഹൈക്കമാൻഡ് നിർബന്ധിക്കുന്നതായി മുല്ലപ്പള്ളിയാണ് ആദ്യം വെടിപൊട്ടിച്ചത്. ഉമ്മൻ ചാണ്ടിയോ ചെന്നിത്തലയോ മൽസരിക്കണമെന്നാണ് ഹൈക്കമാൻഡ് താൽപ്പര്യപ്പെടുന്നതെന്നും മുല്ലപ്പള്ളി വിശ്വസ്ത മാധ്യമപ്രവർത്തകരോട് ‘രഹസ്യമായി’ മൊഴിഞ്ഞു. ബ്രേക്കിങ് ന്യൂസ് വന്നതോടെ ഉമ്മൻചാണ്ടിയും ചെന്നിത്തലയും അപകടം മണത്തു. നേമത്തേക്ക് ഇല്ലെന്ന് ചെന്നിത്തല ആദ്യമേ വ്യക്തമാക്കി. പ്രതിപക്ഷ നേതാവായതിനാൽ 140 മണ്ഡലത്തിലും താൻതന്നെയല്ലെ മൽസരിക്കുന്നതെന്നായിരുന്നു മാധ്യമങ്ങളുടെ ചോദ്യത്തിന് ചെന്നിത്തലയുടെ മറുപടി.

ഇതോടെ ഉമ്മൻചാണ്ടി നേമത്തേക്ക് വരുമെന്നായി. ചില ഐ ഗ്രൂപ്പുകാരാണ് ദൃശ്യമാധ്യമങ്ങൾക്ക് ഈ ‘എക്സ്ക്ലൂസീവ്’ ചോർത്തിയത്. സ്ക്രീനിങ് കമ്മിറ്റി ചർച്ചകൾക്കായി കേരള ഹൗസിന് പുറത്തേക്ക് ഇറങ്ങിയ ഉമ്മൻചാണ്ടി കൈയോടെ എക്സ്ക്ലൂസീവ് നിഷേധിച്ചു. 50 കൊല്ലമായി താൻ പുതുപ്പള്ളിയിലാണെന്നും ഇനിയും അങ്ങനെ തന്നെയെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

എംപി സ്ഥാനമുള്ളതിനാൽ നേമമെങ്കിൽ നേമം ഒരു കൈയാകാമെന്ന് കെ മുരളീധരൻ അറിയിച്ചെങ്കിലും ഉമ്മൻചാണ്ടിയും ചെന്നിത്തലയും ഒന്നിച്ചുനിന്ന് വെട്ടി. സിറ്റിങ് എംപിമാർ തൽക്കാലം വരേണ്ടെന്ന് ഇരുവരും ഒരേസ്വരത്തിൽ പറഞ്ഞു. നേമത്ത് എന്തായാലും ‘കരുത്തൻ’ തന്നെ ഇറങ്ങുമെന്ന് മുല്ലപ്പള്ളി ആവർത്തിച്ചു. വെള്ളിയാഴ്ച ‘കരുത്തനെ’യും പ്രഖ്യാപിച്ചേക്കും.



Credits Kerala || Deshabhimani ​Online ​News https://ift.tt/30yebSP

Comments

Archive

Contact Form

Send