ബാലശങ്കറിന്റെ പ്രസ്‌താവന യുഡിഎഫിനെ സഹായിക്കാൻ: എൽഡിഎഫ്
ചെങ്ങന്നൂർ
നിയമസഭാ തെരഞ്ഞെടുപ്പിൽ ചെങ്ങന്നൂരടക്കമുള്ള ചില മണ്ഡലങ്ങളിൽ എൽഡിഎഫ്, ബിജെപി ധാരണ എന്ന ആർഎസ്എസ് നേതാവ് ബാലശങ്കറിന്റെ പ്രസ്താവന നുണയും തെറ്റിദ്ധാരണാജനകവുമാണെന്ന് എൽഡിഎഫ് ചെങ്ങന്നൂർ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികൾ പ്രസ്താവനയിൽ അറിയിച്ചു. ബിജെപിയുടെ കാലുമാറ്റ രാഷ്ട്രീയത്തിന്റെ ഉപജ്ഞാതാവാണ് ബാലശങ്കർ. സീറ്റുവിഭജനത്തോടെ ആഭ്യന്തരകലഹം മൂർച്ഛിച്ച ബിജെപിക്ക് ഒരുസീറ്റും കിട്ടില്ലെന്ന് അറിയാവുന്ന ബാലശങ്കർ നടത്തിയ പ്രസ്താവന യുഡിഎഫിനെ സഹായിക്കാനാണ്.
രണ്ടുപതിറ്റാണ്ടായി ചെങ്ങന്നൂരിലെ ബിജെപിയുടെ തെരഞ്ഞെടുപ്പു ചരിത്രം യുഡിഎഫിനു വോട്ടുമറിച്ച് നൽകുന്നതാണ്. 2006 മുതലാണ് ചെങ്ങന്നൂരിൽ യുഡിഎഫിനു വേണ്ടി ബിജെപി യുടെ വോട്ടുകച്ചവടം. 2001 ൽ 12,598 വോട്ടു നേടിയ ബിജെപി 2006ൽ യുഡിഎഫ് സ്ഥാനാർഥി പി സി വിഷ്ണുനാഥിന്റെ വിജയത്തിന് വേണ്ടി വോട്ടുകച്ചവടം നടത്തിയതുമൂലം 3,299 വോട്ടു മാത്രമാണ് നേടിയത്. 2011ൽ ഈ കൂട്ടുകെട്ട് ആവർത്തിച്ചു. 6,057 വോട്ടുകൾ മാത്രം ലഭിച്ച ബിജെപിയുടെ നിലപാടുമൂലം പി സി വിഷ്ണുനാഥ് വീണ്ടും വിജയിച്ചു.
2016 ൽ എൽഡിഎഫ് സ്ഥാനാർഥി കെ കെ രാമചന്ദ്രൻ നായർ വിജയിച്ചപ്പോൾ ബിജെപി സ്ഥാനാർഥി പി എസ് ശ്രീധരൻപിള്ള 42,590 വോട്ടു നേടി .പിന്നീട് ഉപതെരഞ്ഞെടുപ്പിൽ സജി ചെറിയാനെതിരെ വീണ്ടും മത്സരിച്ച ശ്രീധരൻപിള്ളയ്ക്ക് 35,270 വോട്ടുകളേ ലഭിച്ചുള്ളൂ. 7,320 വോട്ട് യുഡിഎഫിന് മറിച്ചുനൽകി. കോൺഗ്രസ്, ബിജെപി പരസ്യബന്ധം ആരംഭിച്ച മണ്ഡലമാണ് ചെങ്ങന്നൂർ. വിവിധ തദ്ദേശ സ്ഥാപനങ്ങളിലും സർവീസ് സഹകരണബാങ്കുകളിലുമുള്ള തെരഞ്ഞെടുപ്പുകളിലും ഈ അവിശുദ്ധ ബന്ധം തുടരുന്നു. ദീർഘകാലമായി നാട്ടിൽ സ്ഥിരതാമസക്കാരനല്ലാത്ത ബാലശങ്കർ സ്ഥിതിഗതികൾ പഠിക്കാതെ നടത്തിയ പ്രസ്താവന ചെങ്ങന്നൂരിന്റെ രാഷ്ട്രീയകാലാവസ്ഥ അറിയാതെയാണ്. സീറ്റു ലഭിക്കാത്ത മോഹഭംഗവുമുണ്ട്.
ചെങ്ങന്നൂരിൽ യഥാർഥമത്സരം എൽഡിഎഫും ബിജെപിയും തമ്മിലാണ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഏഴു പഞ്ചായത്തുകളിൽ എൽഡിഎഫിനാണ് ഭരണം ലഭിച്ചത്. രണ്ടാം സ്ഥാനം ബിജെപിക്ക്. കോൺഗ്രസിന്റെ സഹായത്തോടെയാണ് ബിജെപി ഈ നേട്ടമുണ്ടാക്കിയതെന്ന് കണക്കുകൾ തെളിയിക്കുന്നു. ചെങ്ങന്നൂരിലെ ബിജെപിയുടെ വോട്ട് കോൺഗ്രസിനു മറിക്കാനുള്ള വില കുറഞ്ഞ രാഷ്ട്രീയ തന്ത്രമാണ് ബാലശങ്കറിന്റെ പ്രസ്താവനയ്ക്കു പിന്നിലെന്ന് എൽഡിഎഫ് മണ്ഡലം കമ്മിറ്റി ഭാരവാഹികള് അറിയിച്ചു.
Credits Kerala || Deshabhimani Online News https://ift.tt/3qVeWA1
Comments