ഔഫ് കൊലക്കേസ് പ്രതികൾക്ക് മുസ്ലിം ലീഗിന്റെ ആദരം
കാഞ്ഞങ്ങാട്
പഴയകടപ്പുറം കല്ലൂരാവിയിലെ ഔഫ് അബ്ദുറഹ്മാനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് മുസ്ലിംലീഗ് സ്ഥാപക ദിനാഘോഷത്തിൽ ആദരം. കേസിലെ ഒന്ന്, രണ്ട്, മൂന്ന് പ്രതികളായ പി എം ഇർഷാദ്, തലയില്ലത്ത് ഹസ്സൻ, മുണ്ടത്തോട് ഹാഷിർ എന്നിവരുടെ ചിത്രവുമായാണ് മുസ്ലിംലീഗ് സ്ഥാപക ദിനാഘോഷത്തിന് പ്രചാരണം.
‘മാറോട് ചേർത്ത പ്രസ്ഥാനം 73 -ാം വർഷത്തിലേക്ക്. സഹപ്രവർത്തകർക്ക് അഭിവാദ്യങ്ങൾ’ എന്ന വാചകവുമായി കൊലയാളികളുടെ ചിത്രമടങ്ങുന്ന പോസ്റ്റർ എംഎസ്എഫ് സംസ്ഥാന സെക്രട്ടറി ആബിദ് ആറങ്ങാടിയടക്കമുള്ളവർ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയാണ്. ആലമ്പാടി ഉസ്താദിന്റെ ചെറുമകനായ ഔഫ് അബ്ദുറഹ്മാന്റെ കൊലപാതകം ലീഗ് പ്രവർത്തകർക്കിടയിൽ വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. മുസ്ലിം സമുദായത്തിനിടയിൽ പ്രതിഷേധം കനത്തപ്പോൾ പാണക്കാട് മുനവ്വറലി തങ്ങൾ ഔഫിന്റെ വീട് സന്ദർശിച്ച് കൊലപാതകികളെ തള്ളിപ്പറഞ്ഞു.
അതൊക്കെ മറന്നാണ് പാർടി കൊലപാതകികൾക്കൊപ്പമാണെന്ന് ലീഗ് സ്ഥാപക ദിനത്തിൽ പ്രഖ്യാപിച്ചത്. ഇതോടെ മുസ്ലിംലീഗിനെതിരെ കടുത്ത പ്രതിഷേധം ഉയരുകയാണ്.
തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനുവേണ്ടി പ്രവർത്തിച്ചതിനാണ് ഔഫിനെ ലീഗുകാർ കൊലപ്പെടുത്തിയത്. ഗർഭിണിയായ ഭാര്യയെ ഡോക്ടറെ കാണിക്കാൻ പണം കടംവാങ്ങി വരുമ്പോൾ പതിയിരുന്നാണ് യൂത്ത് ലീഗ് കാഞ്ഞങ്ങാട് മുനിസിപ്പൽ സെക്രട്ടറി ഇർഷാദിന്റെ നേതൃത്വത്തിലുള്ള സംഘം കൊലപ്പെടുത്തിയത്. പിടിയിലായ മൂന്ന് പ്രതികളും റിമാൻഡിലാണ്. ഇവർ പുറത്തിറങ്ങിയാൽ ക്രമസമാധാനം തകരുമെന്ന് നിരീക്ഷിച്ച് കഴിഞ്ഞദിവസം കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു.
Credits Kerala || Deshabhimani Online News https://ift.tt/3evG7yE
Comments