കോൺഗ്രസും ബിജെപിയും പരസ്പരം സഹായിക്കുന്നു : മുഖ്യമന്ത്രി
പിണറായി (കണ്ണൂർ)
യുഡിഎഫ് –-ബിജെപി കേരളതല സഖ്യം പ്രകടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോൺഗ്രസും ബിജെപിയും പരസ്പരം സഹായിക്കുകയാണ്. ചരിത്രത്തിൽ ഏറ്റവുമധികം പിഎസ്സി നിയമനങ്ങൾ നടത്തിയ എൽഡിഎഫ് സർക്കാരിനെതിരെ സംയുക്തമായി കുപ്രചാരണം നടത്തുന്നു. 100 പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിച്ച് അവിടങ്ങളിലെ തൊഴിലുകൾ ഇല്ലാതാക്കുന്ന, യുപിഎസ്സിയിൽ എട്ടുലക്ഷം തസ്തിക ഒഴിച്ചിട്ടിരിക്കുന്ന കേന്ദ്രസർക്കാരിനെതിരെ കോൺഗ്രസ് ഒന്നും പറയുന്നില്ല. ഭക്ഷ്യധാന്യക്കിറ്റ് വരെ കേന്ദ്രത്തിന്റേതാണെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു. മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ എവിടെ കിറ്റ് കൊടുക്കുന്നെന്ന് ചോദിച്ചാൽ മിണ്ടാട്ടമില്ല–- മുഖ്യമന്ത്രി പറഞ്ഞു.
യുഡിഎഫ് ഭരണത്തിലാണ് ഒറ്റ അക്കത്തിൽ കിടന്ന ബിജെപിയുടെ വോട്ടുശതമാനം ഇരട്ടയക്കത്തിൽ എത്തിയത് (2011: 6.06 ശതമാനം, 2014: 10.83, 2015: 13.3). 2016 മുതൽ നടന്ന മൂന്ന് തെരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ വോട്ടുശതമാനം കുറഞ്ഞു (2016: 14.96 ശതമാനം, 2019: 14.88, 2020: 14.52). ബിജെപിയുടെ ഫാസിസത്തെ തടയാൻ ദില്ലിക്കുപോയ ചിലർ പാതിവഴിയിൽ യുദ്ധം അവസാനിപ്പിച്ച് മടങ്ങി. കൂട്ടത്തിലുള്ള 18പേർ ബിജെപിക്കെതിരെ നടക്കുന്ന കർഷകസമരത്തിൽ പങ്കുചേർന്നിട്ടില്ല. ഇടതുപക്ഷം നേതൃനിരയിൽ തന്നെയുണ്ട്.
ബിജെപിയെ ചെറുക്കാനാണ് പല സംസ്ഥാനങ്ങളിലും കോൺഗ്രസിനെ ജയിപ്പിച്ചത്. കോൺഗ്രസ് സ്വയം ബിജെപിക്ക് വിറ്റു. ഗോവ, മണിപുർ, മധ്യപ്രദേശ്, കർണാടക, പുതുച്ചേരി , നാഗാലാൻഡ്, അരുണാചൽ പ്രദേശ്, ബിഹാർ, ത്രിപുര എന്നിവിടങ്ങളിൽ ഇതാണ് അരങ്ങേറിയത്. കേരളത്തിൽനിന്ന് ലോക്സഭാംഗമായിരുന്ന കൃഷ്ണകുമാർ, കോൺഗ്രസ് ദേശീയ വക്താവ് ടോം വടക്കൻ, മുൻ പിഎസ്സി ചെയർമാൻ കെ എസ് രാധാകൃഷ്ണൻ, കെപിസിസി നേതാക്കളായിരുന്ന രാമൻനായർ, പന്തളം പ്രതാപൻ, വിജയൻ തോമസ്, വനിതാ കമീഷൻ അംഗമായിരുന്ന പ്രമീളാദേവി, കെ കെ ശ്രീധരൻ എന്നിങ്ങനെ എത്ര പേർ. ലീഗ് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കലിക്കറ്റ് സർവകലാശാല വിസിയാക്കിയ അബ്ദുൾസലാം ഉൾപ്പെടെ പലരും ഇപ്രാവശ്യം ബിജെപി സ്ഥാനാർഥികളാണ്.
ബിജെപിയിൽ പോയവർ കോൺഗ്രസിലായിരുന്നപ്പോൾ പൗരത്വ നിയമത്തെഎതിർത്തിരുന്നു. ഇപ്പോൾ അവർക്ക് സിഎഎയെ അനുകൂലിക്കാതെ തുടരാൻ കഴിയുമോ. കോൺഗ്രസിന്റെ വിശ്വാസ്യത ജനങ്ങൾ കാണുന്നുണ്ട്. പ്രളയത്തിൽ തകർന്ന 1,000 വീട് പണിതുകൊടുക്കും എന്ന് വാഗ്ദാനം ചെയ്തവരല്ലേ കെപിസിസി. 100 വീടെങ്കിലും കാണിച്ചു തരാമോ? പൊതുജനങ്ങളിൽനിന്ന് പിരിച്ചെടുത്ത തുകയുടെ കണക്കെങ്കിലുമുണ്ടോ. കത്വയിലെ പെൺകുട്ടിക്കുവേണ്ടി പിരിച്ച തുകയുടെ കണക്ക് ലീഗ് പ്രസിദ്ധപ്പെടുത്താമോ.
ധർമടം നിയോജകമണ്ഡല പര്യടനത്തിലെ ജനപങ്കാളിത്തവും വഴിയോരങ്ങളിലും വീട്ടുമുറ്റത്തും കാത്തുനിന്ന് അഭിവാദ്യംചെയ്യുന്ന സ്ത്രീകളും കൃത്യമായ സൂചന നൽകുന്നു. കേരളത്തിലെ ഓരോ വീട്ടിലും എൽഡിഎഫ് സർക്കാരിനെ കുടുംബാംഗത്തെ പോലെ കണക്കാക്കുന്നു. അതുതന്നെയാണ് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ആത്മബലം–- മുഖ്യമന്ത്രി പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/3tnEY0r
Comments