"കോവിഡ് ബോംബി’ന് മുകളിൽ ഡൽഹി; ഇനി 100 ഐസിയു കിടക്കമാത്രം
ന്യൂഡൽഹി > കോവിഡ് പരിശോധനകളിലെ രോഗസ്ഥിരീകരണനിരക്ക് ഡല്ഹിയില് 30 ശതമാനത്തില്. പരിശോധിക്കപ്പെടുന്ന ഓരോ നാലാമത്തെയാളും രോഗിയാകുന്ന സ്ഥിതി. ഡോക്ടർമാർ ഉൾപ്പെടെ ആരോഗ്യപ്രവർത്തകരും പൊലീസുകാരും മാധ്യമപ്രവര്ത്തകരും കോടതിജീവനക്കാരും കൂട്ടത്തോടെ രോഗബാധിതരായി. ആശുപത്രികൾക്ക് മുന്നിൽ ആംബുലൻസുകളുടെ നീണ്ട നിര. ആശുപത്രി കിടക്കകൾക്കും ഓക്സിജനും കടുത്ത ക്ഷാമം. 24 മണിക്കൂറിനിടെയാണ് ഡൽഹിയിലെ രോഗസ്ഥിരീകരണനിരക്ക് (ടെസ്റ്റ് പോസിറ്റിവിറ്റി) 24ൽനിന്ന് 30 ശതമാനമായത്. വാരാന്ത്യ അടച്ചുപൂട്ടൽ ഉൾപ്പെടെയുള്ള നിയന്ത്രണം ഏർപ്പെടുത്തിയിട്ടും രോഗവ്യാപനം കുറയാത്തതില് കടുത്ത ആശങ്ക ഉയരുന്നു.
ഡൽഹി ‘കോവിഡ് ബോംബിന്’ മുകളിലാണെന്നും അഞ്ച് ദിവസത്തേക്ക് എങ്കിലും സമ്പൂർണ അടച്ചുപൂട്ടൽ ഏർപ്പെടുത്തണമെന്നും വ്യാപാരികളുടെ സംഘടനയായ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ട്രേഡേഴ്സ് (സിഎഐടി) മുഖ്യമന്ത്രിക്കും ലെഫ്. ഗവർണർക്കും കത്ത് നൽകി. അതീവപ്രാധാന്യമുള്ള ഹര്ജി മാത്രമേ പരിഗണിക്കൂവെന്ന് ഡൽഹി ഹൈക്കോടതി അറിയിച്ചു. ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിനും ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചു.
ഇനി 100 ഐസിയു കിടക്കമാത്രം: കെജ്രിവാൾ
ന്യൂഡൽഹി > ഡൽഹിയിലെ സാഹചര്യം ഓരോ നിമിഷവും വഷളാകുകയാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ആശുപത്രികളിൽ ശേഷിക്കുന്നത് 100 ഐസിയു കിടക്കമാത്രം. കിടക്കകൾ കൂട്ടാനും ഓക്സിജൻ വിതരണം മുടങ്ങാതിരിക്കാനും കേന്ദ്രസഹായം വേണം.
കേന്ദ്രമേൽനോട്ടത്തിലുള്ള ആശുപത്രികളിൽ 7,000 മുതൽ 10,000 കിടക്ക വരെ കോവിഡ് ബാധിതര്ക്കായി മാറ്റിവയ്ക്കണം. ഡൽഹിസർക്കാർ യമുനാ സ്പോർട്സ് ക്ലബ്ബിൽ 6,000 കിടക്ക ഉടൻ സജ്ജീകരിക്കും. സ്കൂളുകളും ഹാളുകളും ആശ്രമങ്ങളും മറ്റും കോവിഡ് ആശുപത്രികളാക്കാൻ നടപടി തുടങ്ങി–-കെജ്രിവാൾ പറഞ്ഞു.
Credits National || Deshabhimani Online News https://ift.tt/2Qhks3v
Comments