കൊടുംക്രൂരതയുടെ മുഖംകണ്ട്‌ ഞെട്ടി അയൽക്കാർ ; ഒളിവിലിരുന്ന സ്ഥലങ്ങളിൽ തെളിവെടുപ്പ്‌ അടുത്തദിവസങ്ങളിൽ


കൊച്ചി
മകളെ ബോധംകെടുത്തി പുഴയിലെറിഞ്ഞുകൊന്ന കേസിലെ പ്രതി സനു മോഹനെ, ഫ്ലാറ്റിലും കുട്ടിയെ പുഴയിലെറിഞ്ഞ കടവിലുമെത്തിച്ച് പൊലീസ് തെളിവെടുത്തു. കങ്ങരപ്പടിയിലെ ഫ്ലാറ്റിൽ സനു മോഹനെ കൊണ്ടുവരുമ്പോൾ ശ്രീഗോകുലം ഹാർമണി ഇരട്ട അപ്പാർട്ട്മെന്റിലെ താമസക്കാരെല്ലാം സ്ഥലത്തുണ്ടായിരുന്നു. പൊലീസ് വാഹനത്തിൽനിന്നിറക്കി ഫ്ലാറ്റിലേക്ക് പോയപ്പോഴും തിരിച്ചിറങ്ങിയപ്പോഴും അവരെ നോക്കാൻ സനു മോഹൻ ധൈര്യപ്പെട്ടില്ല. ഫ്ലാറ്റിൽനിന്നിറക്കി അപ്പാർട്ട്മെന്റിന്റെ ഗേറ്റുവരെ പൊലീസ് സനു മോഹനെ കൊണ്ടുവന്നു. കുഞ്ഞുവൈഗയുടെ ദാരുണാന്ത്യത്തിന്റെ ഞെട്ടലിൽനിന്ന് മോചിതരാകാതെ സ്ത്രീകളും കുട്ടികളുമുൾപ്പെടെ അപ്പാർട്ട്മെന്റിലെ താമസക്കാർ അവിടെയുണ്ടായിരുന്നു. മാന്യമായി പെരുമാറിയ, അസോസിയേഷന്റെ സെക്രട്ടറി കൂടിയായിരുന്ന സനു മോഹന്റെ ക്രൂരകൃത്യം അപ്പാർട്മെന്റിലുള്ളവർക്ക് വിശ്വസിക്കാനായിട്ടില്ല. അവർക്കിടയിലും സനു മോഹന് ഭാവഭേദമൊന്നുമില്ലായിരുന്നു. തെളിവെടുപ്പിനിടെ ചോദ്യങ്ങൾക്കെല്ലാം മറുപടിയും നൽകി.

ചൊവ്വാഴ്ച രാവിലെ 10.45നാണ് തൃക്കാക്കര പൊലീസ് സ്റ്റേഷനിൽനിന്ന് അസിസ്റ്റന്റ് കമീഷണർ ആർ ശ്രീകുമാർ, സർക്കിൾ ഇൻസ്പെക്ടർ കെ ധനപാലൻ, എസ്ഐ വി എ ഷഫീഖ് എന്നിവരുൾപ്പെട്ട അന്വേഷകസംഘം സനു മോഹനെ ഫ്ലാറ്റിൽ തെളിവെടുപ്പിന് കൊണ്ടുവന്നത്. 11.45ന് ഫ്ലാറ്റിലെ തെളിവെടുപ്പ് പൂർത്തിയാക്കി. ആറാംനിലയിലെ ഫ്ലാറ്റിലാണ് വൈഗയെ ശ്വാസംമുട്ടിച്ചത്. ബോധം മറഞ്ഞ വൈഗയെ, പുതപ്പിൽ പൊതിഞ്ഞ് മുട്ടാർ പുഴയിൽ തള്ളാൻ കാറിൽ കയറ്റിക്കൊണ്ടുപോകുകയായിരുന്നു.

കങ്ങരപ്പടിയിൽനിന്ന് എച്ച്എംടി റോഡിലെത്തി മൃതദേഹം കണ്ടെത്തിയ മുട്ടാർ കടവിലേക്ക്. എറണാകുളം ഗവ. മെഡിക്കൽ കോളേജ് പിന്നിട്ട് പൊലീസ് വാഹനം നിർത്തി. സനു മോഹൻ മൊബൈൽഫോൺ ഈ ഭാഗത്ത് ഉപേക്ഷിച്ചതായി പറഞ്ഞിരുന്നു. അൽപ്പസമയം തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പ്രതിയെ പുറത്തിറക്കാതെയായിരുന്നു തെരച്ചിൽ.

പ്രതി ഒളിവിലിരുന്ന സ്ഥലങ്ങളിൽ എത്തിച്ചുള്ള തെളിവെടുപ്പ് അടുത്തദിവസങ്ങളിൽ നടക്കുമെന്ന് എസിപി ആർ ശ്രീകുമാർ പറഞ്ഞു. 29 വരെയാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിൽ നൽകിയിട്ടുള്ളത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3sAPDUP

Comments

Archive

Contact Form

Send