രാജ്യസഭാ തെരഞ്ഞെടുപ്പ് പുതിയ നിയമസഭ വന്നശേഷമെന്ന് കമ്മീഷൻ: കേസ് വിധി പറയാൻ മാറ്റി
കൊച്ചി> സംസ്ഥാനത്തുനിന്നുള്ള രാജ്യസഭാംഗങ്ങളെ തെരഞ്ഞെടുക്കുന്നത് പുതിയ നിയമസഭ വന്നശേഷമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചു. കേന്ദ്രത്തിന്റെ ഇടപെടൽ മൂലമാണ് രാജ്യാസഭാ തെരഞ്ഞെടുപ്പ് മാറ്റിയത്. പുതിയ നിയമസഭാ അംഗങ്ങളിൽ നിന്നും മാത്രമേ തെരഞ്ഞെടുപ്പ് നടത്തുകയുള്ളൂ. ഒഴിവുള്ള 3 രാജ്യസഭാ സീറ്റുകളിലേക്ക് ഏപ്രിൽ 21 ന് മുൻപ് വിജ്ഞാപനം പുറപ്പെടുവിക്കുമെന്നും കമ്മീഷൻ കോടതിയെ അറിയിച്ചു. കേസ് വിധി പറയാൻ മാറ്റി. തെരഞ്ഞെടുപ്പ് മരവിപ്പിച്ച നടപടി ചോദ്യം ചെയ്ത് നിയമസഭാ സെക്രട്ടറിയും എസ് ശര്‍മ്മ എംഎല്‍എയും സമര്‍പ്പിച്ച ഹര്‍ജികളാണ് ജസ്റ്റിസ് പി വി ആശ പരിഗണിച്ചത്.
വയലാര്‍ രവി, പിവി അബ്ദുല്‍ വഹാബ്, കെ കെ രാഗേഷ് എന്നിവരുടെ കാലാവധി അവസാനിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്.
അതേസമയം കമ്മിഷന്റെ നിലപാട് നിയമപരമല്ലന്ന് ഹർജി ഭാഗം വാദിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇത്തരം കളികൾ നടത്തുന്നത് ഉചിതമല്ല. നേരത്തെ രേഖാമൂലം നൽകിയ വിശദീകരണത്തിന് വിരുദ്ധമാണ് പുതിയ നിലപാട് . നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം വരുന്ന മെയ് 2 ന് മുൻപ് തെരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ടു.
രാജ്യസഭാ തെരഞ്ഞെടുപ്പിന് വിജ്ഞാപനം പുറപ്പെടുവിക്കാൻ എല്ലാ നടപടികളും സ്വീകരിച്ചതിന് തലേന്നാണ് കേന്ദ്ര നിയമമന്ത്രാലയം മാറ്റിവെയ്ക്കാൻ അഭിപ്രായപ്പെട്ടത്. അതിനാലാണ് വിജ്ഞാപനം പുറപ്പെടുവിക്കാതിരുന്നതെന്നും കമ്മീഷൻ അറിയിച്ചു. കേന്ദ്ര നിയമമന്ത്രാലയത്തിന്റെ അഭിപ്രായത്തിന് വില നൽകേണ്ടതുണ്ടെന്നും കമ്മിഷൻ പറഞ്ഞു. 21 ന് വിജ്ഞാപനം വന്നാൽ ഏഴു ദിവസത്തിനകം നോമിനേഷൻ നൽകണം. ജൂൺ 1 ന് മാത്രമേ നിലവിലുള്ള സഭയുടെ കാലാവധി കഴിയൂ എന്ന് കമ്മിഷൻ അറിയിച്ചു.
അതേസമയം ജനകീയ അഭിലാഷം നടപ്പാകില്ലെന്ന കാരണത്താലാണ് ഇടപ്പെട്ടതെന്നും കമ്മീഷൻ നിയമോപദേശം തേടിയതിനു ശേഷമാണ് തെരഞ്ഞെടുപ്പ് മാറ്റിയതെന്നും കേന്ദ്രം വിശദീകരിച്ചു . പുതിയ നിയമസഭയാണ് തെരഞ്ഞെടുപ്പ് നടത്തേണ്ടത് 'അതാണ് ജനാഭിലാഷമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.
Credits Kerala || Deshabhimani Online News https://ift.tt/322n3AC
Comments