വീണാ എസ് നായരുടെ പോസ്റ്റര് ആക്രിക്കടയില്‍ കണ്ടെത്തിയ സംഭവം കെപിസിസി അന്വേഷിക്കും
തിരുവനന്തപുരം> വട്ടിയൂര്ക്കാവിലെ യുഡിഎഫ് സ്ഥാനാര്ഥി വീണ എസ് നായരുടെ പോസ്റ്റര് ആക്രിക്കടയില് കണ്ടെത്തിയത് കെപിസിസി അന്വേഷിക്കും. കെപിസിസി പ്രസിഡന്റിനേയും പ്രതിപക്ഷ നേതാവിനെയും പരാതി അറിയിച്ചിട്ടുണ്ടെന്ന് വീണ പറഞ്ഞു. വീഴ്ച ആരുടെ ഭാഗത്തെങ്കിലും ഉണ്ടായിട്ടുണ്ടെങ്കില് കര്ശന നടപടി എടുക്കുമെന്ന് നേതൃത്വം അറിയിച്ചതായും വീണ മാധ്യമങ്ങളോട് പ്രതികരിച്ചു.
നന്ദന്കോട്ടെ വൈഎംആര് ജങ്ഷനിലുള്ള ആക്രിക്കടയിലാണ് കോണ്ഗ്രസുകാര് പോസ്റ്ററുകള് തൂക്കിവിറ്റത്. വ്യാഴാഴ്ച പകല് പതിനൊന്നിനാണ് പോസ്റ്ററുകള് കടയില് എത്തിച്ചത്. 50 കിലോവരുന്ന പോസ്റ്ററുകളാണ് വിറ്റത്. കിലോയ്ക്ക് പത്ത് രൂപ വീതം കടക്കാരന് നല്കി.
'നേമം മോഡല്' വോട്ടുകച്ചവടം ഇത്തവണ വട്ടിയൂര്ക്കാവില് നടപ്പാക്കുന്നതായുള്ള തെളിവുകള് തെരഞ്ഞെടുപ്പിന്റെ തുടക്കം മുതല് പുറത്തുവന്നിരുന്നു. വീണയുടെ സ്ഥാനാര്ഥിത്വം മുതല് പ്രചാരണ രംഗത്തെ യുഡിഎഫിന്റെ നിര്ജീവാവസ്ഥവരെ ബിജെപിയുമായുള്ള കൂട്ടുകെട്ട് വ്യക്തമാക്കിയിരുന്നു. ഈ തെളിവുകളില് ഒടുവിലത്തേതാണ് പ്രചാരണത്തിന് ഉപയോഗിക്കാതെ കിലോ കണക്കിന് പോസ്റ്ററുകള് ആക്രിക്കടയില് തൂക്കിവിറ്റ സംഭവം.
പ്രചാരണ രംഗത്തുള്പ്പെടെ യുഡിഎഫ് സജീവമല്ലായിരുന്നു. ''വട്ടിയൂര്ക്കാവില് കോണ്ഗ്രസിന്റെ സഹായത്തിന് തിരുവനന്തപുരത്ത് ബിജെപിയുടെ പ്രത്യുപകാരം'' എന്നതായിരുന്നു ബിജെപിയുമായി ഉണ്ടാക്കിയ ഡീല്.
Credits Kerala || Deshabhimani Online News https://ift.tt/3mzbpqE
Comments