വാക്‌സിനെവിടെ -ഓക്‌സിജനെവിടെ
ന്യൂഡൽഹി
കോവിഡ് അതിവ്യാപനത്തിനിടെ വിവിധ സംസ്ഥാനങ്ങളിൽ വാക്സിനും കടുത്ത ക്ഷാമം. ആശുപത്രികളിൽ ഓക്സിജനും കിട്ടാനില്ല. കൂടുതൽ പ്രതിദിന കേസുകളുള്ള മഹാരാഷ്ട്രയിൽ ക്ഷാമത്തെ തുടർന്ന് നിരവധി വാക്സിഷേൻ കേന്ദ്രങ്ങൾ പൂട്ടി. രാജസ്ഥാൻ, ഛത്തീസ്ഗഢ് സർക്കാരുകൾ കൂടുതൽ വാക്സിൻ ഡോസുകൾക്കായി കേന്ദ്രത്തോട് അഭ്യർഥിച്ചു. അതേ സമയം 18–-45 വയസ്സുകാർക്കുള്ള വാക്സിനേഷൻ രജിസ്ടേഷൻ 28 ന് തുടങ്ങും.
രാജ്യത്തെ സ്റ്റീൽപ്ലാന്റുകൾ ഓക്സിജൻ ഉൽപ്പാദനം വർധിപ്പിച്ചതായി കേന്ദ്രം അറിയിച്ചു. 2834 മെട്രിക്ക് ടൺ പ്രതിദിന ശേഷി 3474 മെട്രിക്ക് ടണ്ണായി ഉയർത്തിയിട്ടുണ്ടെന്ന് ഉരുക്കുമന്ത്രാലയം അറിയിച്ചു.
ഓക്സിജൻ ടാങ്കറുകൾ വഹിച്ചുള്ള പ്രത്യേക ട്രെയിൻ വൈകാതെ ഡൽഹിയിൽ എത്തുമെന്ന് റെയിൽവേ അറിയിച്ചു. നേരത്തെ മഹാരാഷ്ട്രയിലേക്കും യുപിയിലേക്കും ഓക്സിജൻ എക്സ്പ്രസ് ട്രെയിനുകൾ ഓടിച്ചിരുന്നു. ഓക്സിജൻ ക്ഷാമം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ രാജ്യത്തെ തുറമുഖങ്ങളിൽ ഓക്സിജനും അനുബന്ധ ഉപകരണങ്ങൾക്കും ചുമത്തിയിരുന്ന എല്ലാ പ്രത്യേക നിരക്കുകളും എടുത്തുകളയാൻ കേന്ദ്രം നിർദേശം നൽകി.
ആശുപത്രി കിടക്കകൾ ലഭ്യമല്ലാതായി തുടങ്ങിയതോടെ റെയിൽവേ ഡൽഹി, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ പ്രത്യേക ഐസൊലേഷൻ കോച്ചുകൾ തയ്യാറാക്കി. ഡൽഹിയിൽ 1200 കിടക്ക ലഭ്യമാണ്. മഹാരാഷ്ട്രയിലെ നന്ദുർബാറിൽ 378 കിടക്ക സജ്ജമാക്കി രോഗികളെ പ്രവേശിപ്പിച്ചു. പഞ്ചാബിലും ജബൽപ്പുരിലും പ്രത്യേക കോച്ചുകൾ സജ്ജമാക്കും.
Credits National || Deshabhimani Online News https://ift.tt/2RU4H2W
Comments