രണ്ട് ദിവസംകൊണ്ട് ദുരിതാശ്വാസ നിധിയിലേക്ക് എത്തിയത് ഒരു കോടിക്ക് മുകളിൽ; ചലഞ്ച് ഏറ്റെടുത്ത് കേരളം
തിരുവനന്തപുരം > കേരളത്തില് മുഴുവന് പേര്ക്കും സൗജന്യ വാക്സിന് പ്രഖ്യാപിച്ച ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ സംഭാവനയായി എത്തിയത് ഒരു കോടിയിലധികം രൂപയാണ്. കേന്ദ്രസർക്കാരിന്റെ വാക്സിൻ നയത്തിനെതിരെയുള്ള പ്രതിഷേധമായും വാക്സിന് സൗജന്യമായി നൽകുന്നതിലൂടെ സംസ്ഥാനത്തിനുണ്ടാകുന്ന കടബാധ്യത മുന്നിര്ത്തിയുമാണ് ആളുകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകുന്നത്.
നാളെ പൈസ ഇല്ലാത്തത് കൊണ്ട് കേരളത്തിൽ ഒരാൾക്ക് പോലും വാക്സിൻ കിട്ടാതെ വരരുതെന്നാണ് സംഭാവന നൽകുന്നവർ പറയുന്നത്. പണം നൽകി വാക്സിൻ വാങ്ങിക്കാൻ ശേഷിയുള്ളവരാണ് സൗജന്യ വാക്സിൻ സ്വീകരിച്ച് ദുരിതാശ്വാസ നിധിയിലേക്ക് അതിന്റെ പൈസ സംഭാവനയായി നൽകുന്നത്. കഴിഞ്ഞ ദിവസം നടത്തിയ വാർത്താ സമ്മേളനത്തിൽ ഇക്കാര്യം മുഖ്യമന്ത്രി പറഞ്ഞിരുന്നു.
സംഗീത സംവിധായകൻ ഗോപി സുന്ദർ ഉൾപ്പെടെയുള്ളവർ ദുരിതാശ്വാസ നിധിയിലേക്ക് പണം സംഭാവന ചെയ്തു. “ഇതൊരു പ്രഹസനമല്ല. മറിച്ച് ദാരിദ്ര്യാവസ്ഥയിൽ കഴിയുന്നവരെ സഹായിക്കാൻ മറ്റുള്ളവർക്കുള്ള പ്രചോദനമാണ്. ‘വല്ലാത്ത പഹയൻ’ എന്ന പേരിലുള്ള സമൂഹമാധ്യമ അക്കൗണ്ടിൽ ഞാൻ ഒരു കുറിപ്പ് കാണാനിടയായി. അത് എന്നെ ആഴത്തിൽ സ്പർശിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്തു. നിങ്ങളിൽ ചുരുക്കം ചിലരെങ്കിലും എന്റെ ഈ പ്രവൃത്തിയിൽ നിന്നും പ്രചോദനമുൾക്കൊള്ളുമെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് ഉദാരമായി സംഭാവന ചെയ്യുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. ശാന്തിയും സമാധാനവും സമൃദ്ധിയും നിറഞ്ഞ നല്ല നാളേയ്ക്കായി നമുക്ക് ഒരുമിച്ചു പോരാടാം. മറ്റുള്ളവർക്കായി നിലകൊള്ളാൻ ഓരോരുത്തരും തയ്യാറാകുമ്പോൾ നമുക്ക് ഒന്നും അസാധ്യമായിരിക്കില്ല. എല്ലാവരും സുരക്ഷിതരും സന്തുഷ്ടരുമായിരിക്കുക,” റെസീപ്റ്റ് പങ്കുവച്ചുകൊണ്ട് ഗോപി സുന്ദർ കുറിച്ചു.
രണ്ട് ഡോസ് വാക്സിന് തുകയായ 800 രൂപ സംഭാവന ചെയ്യണമെന്ന് പറഞ്ഞുകൊണ്ടാണ് ക്യാമ്പയിൻ ആരംഭിച്ചത്. കുടുംബാംഗങ്ങളുടെ എല്ലാം പേരിൽ പലരും തുക നൽകുന്നുണ്ട്.
Credits Kerala || Deshabhimani Online News https://ift.tt/3dJJ6Tx
Comments