ഓക്‌സിജൻ എക്സ്‌പ്രസ്‌ പുറപ്പെട്ടത്‌ 
വിൽക്കാൻവച്ച പ്ലാന്റിൽനിന്ന്‌



കൊച്ചി
ഇന്ത്യൻ റെയിൽവേയുടെ ‘ഓക്സിജൻ എക്സ്പ്രസ്’ ട്രെയിൻ പുറപ്പെട്ടത് കേന്ദ്രം സ്വകാര്യവൽക്കരിക്കാൻ തീരുമാനിച്ച വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിൽ (വിസാഗ് സ്റ്റീൽ പ്ലാന്റ്)നിന്ന്. നവരത്ന പദവിയുള്ള വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിൽ പ്രതിദിനം 130 ടൺ മെഡിക്കൽ ഓക്സിജനാണ് ഉൽപ്പാദിപ്പിക്കുന്നത്. നിലവിൽ 3500 ടൺ ഓക്സിജൻ ലഭ്യമാണ്. 7000 ടണ്ണിന്റെ സംഭരണശേഷിയുമുണ്ട്.

കരിഞ്ചന്തയിൽ ഓക്സിജന് ടണ്ണിന് 75,000 രൂപയിലധികം വരുമ്പോൾ പ്ലാന്റിൽനിന്ന് ടണ്ണിന് 11,700 രൂപയ്ക്കാണ് വിതരണം. സ്വകാര്യ ആശുപത്രികൾക്കും ഓക്സിജൻ നൽകുന്നുണ്ട്. ഓക്സിജനുവേണ്ടി രാജ്യം കേഴുമ്പോഴും പ്ലാന്റ് വിൽക്കാനുള്ള നീക്കത്തിൽനിന്ന് കേന്ദ്രം പിന്നോട്ടുപോയിട്ടില്ല.

കോവിഡ് വ്യാപനത്തിൽ മെഡിക്കൽ ഓക്സിജൻ ലഭ്യത കുറഞ്ഞ സാഹചര്യത്തിലാണ് റെയിൽവേ ഓക്സിജൻ ടാങ്കറുകളുമായി ട്രെയിനുകൾ അയക്കാൻ തീരുമാനിച്ചത്. ആദ്യ ഓക്സിജൻ എക്സ്പ്രസ് വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിൽനിന്ന് 19നാണ് മഹാരാഷ്ട്രയിലെ നാഗ്പൂരിലേക്ക് പുറപ്പെട്ടത്. ഏഴ് ടാങ്കറുകളിൽ 100 ടൺ ഓക്സിജനാണ് നൽകിയത്. സിഐടിയു അടക്കമുള്ള ട്രേഡ് യൂണിയനുകൾ സ്വകാര്യവൽക്കരണ നീക്കത്തിനെതിരെ ഫെബ്രുവരിമുതൽ സമരത്തിലാണ്.

പ്ലാന്റിനുമുന്നിൽ 75 ദിവസമായും വിശാഖപട്ടണം മുനിസിപ്പൽ കോർപറേഷൻ ഓഫീസിനുമുന്നിൽ 25 ദിവസമായും റിലേ നിരാഹാരസമരം നടക്കുകയാണെന്ന് പ്ലാന്റിലെ സ്റ്റീൽ പ്ലാന്റ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) പ്രസിഡന്റ് ജെ അയോധ്യ റാം പറയുന്നു. സ്വകാര്യവൽക്കരണത്തിനെതിരെ സിഐടിയു നഗരവാസികളുടെ 10 ലക്ഷം ഒപ്പുശേഖരണം ആരംഭിച്ചിട്ടുണ്ട്. വിദ്യാർഥികളും യുവാക്കളുമടക്കം നിരവധിപേർ ഇതിൽ പങ്കാളികളാകുന്നുണ്ട്.



Credits National || Deshabhimani ​Online ​News https://ift.tt/3ns1QtI

Comments

Archive

Contact Form

Send