തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ ആൾക്കൂട്ടം വേണ്ട; സ്വയം ലോക്ക്ഡൗണിലേക്ക് പോകേണ്ട സാഹചര്യം: മുഖ്യമന്ത്രി
തിരുവനന്തപുരം > സ്വയം ലോക്ക്ഡൗണിലേക്ക് പോകേണ്ട സാഹചര്യമാണ് നിലവിലുളളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും ലോക്ക്ഡൗണ് വേണ്ടെന്ന് കരുതുന്നത് ജനങ്ങളുടെ പൗരബോധത്തിലുളള വിശ്വാസം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് രോഗികള് വലിയ രീതിയില് വര്ദ്ധിക്കുന്ന ഘട്ടത്തില് തെരഞ്ഞെടുപ്പ് വിജയത്തിന്റെ പേരില് ആഹ്ളാദപ്രകടനങ്ങള് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്ത്ഥിച്ചു.
ഫലപ്രഖ്യാപനത്തിന് ഇനി അധിക ദിവസമില്ല. ആ ദിവസം വളരെ ഉത്തരവാദിത്വത്തോടെ പെരുമാറാന് എല്ലാവരും തയ്യാറാകണം. എവിടെയെങ്കിലും കൂട്ടം കൂടി ഇരിക്കാതെ വീടുകളിലിരുന്ന് ഫലപ്രഖ്യാപനം അറിയണം. ഫലപ്രഖ്യാപനത്തിന് ശേഷം ആഹ്ളാദ പ്രകടനങ്ങളുമായി പൊതു സ്ഥലങ്ങളില് ആള്കൂട്ടം സൃഷ്ടിക്കുന്ന അവസ്ഥ ഉണ്ടാകരുത്. രോഗവ്യാപനം വര്ദ്ധിപ്പിക്കാനുള്ള കാരണമായി മാറരുത്, ഇക്കാര്യം സര്വ്വകക്ഷി യോഗത്തില് തീരുമാനമായതാണ്. ഒന്നുകൂടി ഓര്മിപ്പിക്കുകയാണ്- പിണറായി പറഞ്ഞു.
സെല്ഫ് ലോക്ക്ഡൗണ് എന്ന ആശയമാണ് സര്ക്കാര് മുന്നോട്ട് വെക്കുന്നത്. സ്വയം ലോക്ക്ഡൗണിലേക്ക് പോകേണ്ട സന്ദര്ഭമാണിത്. മാസ്ക് ധരിച്ചും അകലം പാലിച്ചും കൈകള് ശുചിയാക്കിയും ജീവിക്കുക. അനാവശ്യമായി പുറത്ത് പോകില്ലെന്നും ആള്ക്കൂട്ടം ഉണ്ടാകുന്നത് ഒഴിവാക്കുമെന്നും തീരുമാനിക്കണം. ആഘോഷങ്ങള് മാറ്റി വെക്കുമെന്നും യാത്രകള് ഒഴിവാക്കുമെന്നും അടഞ്ഞ സ്ഥലങ്ങളില് ഇടപഴകില്ലെന്നും രോഗിയുമായി സമ്പര്ക്കമുണ്ടായാല് ഐസൊലേഷന് കൃത്യമായി പാലിക്കുമെന്നും തീരുമാനിക്കണം.
Credits Kerala || Deshabhimani Online News https://ift.tt/3nwYgP3
Comments