സ്വപ്ന ലാഭക്കൊതി നയത്തിൻ്റെ മറ്റൊരു രക്തസാക്ഷി; ബാങ്ക് ജീവനക്കാർ ഇന്ന് കരിദിനം ആചരിക്കും
കൊച്ചി > കണ്ണൂർ തൊക്കിലങ്ങാടി കനറാ ബാങ്ക് ശാഖയിലെ വനിതാ മാനേജർ കെ എസ് സ്വപ്ന ബാങ്കിനുള്ളിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബെഫി) ഇന്ന് കരിദിനം ആചരിക്കും. ലാഭക്കൊതി നയത്തിൻ്റെ മറ്റൊരു രക്തസാക്ഷിയാണ് സ്വപ്നയെന്ന് ബെഫി വാർത്താക്കുറിപ്പിൽ പറഞ്ഞു. ജീവനക്കാർ എല്ലാവരും കറുത്ത ബാഡ്ജ് ധരിച്ചായിരിക്കും എത്തുക, ജില്ലാ കേന്ദ്രങ്ങളിൽ പ്രകടനങ്ങളും നടത്തും. ശാഖകളിൽ / ഓഫീസുകളിൽ രാവിലെ ജോലി തുടങ്ങുന്നതിന് മുമ്പ് അനുശോചനം രേഖപ്പെടുത്തി കൊണ്ട് ജോലി ആരംഭിക്കണമെന്നും ബെഫി ആഹ്വാനം ചെയ്തു.
കനറാ ബാങ്ക് ഒരു പൊതുമേഖലാ ബാങ്കാണ്. പൊതുമേഖല എന്നാൽ സർക്കാർ നിയന്ത്രണത്തിലുള്ളത്. 1991 വരെ പരിപൂർണമായും കേന്ദ്ര സർക്കാരിൻ്റെ ഉടമസ്ഥതയിലായിരുന്നു രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ. പിന്നീട് നയങ്ങൾ മാറിയതോടെ കേന്ദ്രസർക്കാർ പൊതുമേഖലാ ബാങ്കുകളുടെ ഓഹരി കൈമാറ്റം ചെയ്തു. അതോടൊപ്പം പുതിയ ഒരു ബാങ്കിംഗ് സംസ്കാരത്തിനും തുടക്കം കുറിച്ചു. പുതുമയുടെ സ്വരം ചേർത്ത് നവ സ്വകാര്യ ബാങ്കുകൾ രൂപം കൊണ്ടു. അതോടൊപ്പം ഒരു 'നവ' തൊഴിൽ നയവും പിറവിയെടുത്തു. വളരെ വേഗം അത് പൊതുമേഖലയെയും ബാധിച്ചു.
ലാഭം കൂട്ടാൻ മാർഗ്ഗം പലതും വന്നു. ജീവനക്കാരുടെ എണ്ണം കുറഞ്ഞു. ബാങ്കുകൾക്കുള്ളിൽ ബാങ്കിംഗ് ഇതര പ്രവർത്തനങ്ങൾക്ക് പ്രാധാന്യം ഏറി. സേവനം എന്ന വാക്ക് എല്ലാ മേഖലകളിലും അസ്തമിച്ചു. പ്രോഡക്ടും ടാർഗെറ്റും ബാങ്കിംഗ് മേഖലയിലെ നിത്യ പദങ്ങളായി മാറി. ജീവനക്കാരുടെ എണ്ണം കുറച്ചു, അധികാരികളുടെ എണ്ണം കൂട്ടി. ജോലിഭാരം ഏറി. സ്വകാര്യവത്ക്കരണത്തിന് ആക്കം കൂട്ടുന്ന, എന്നോ ആത്മാവ് നഷ്ടപ്പെട്ട കേന്ദ്ര സർക്കാർ, അവരുടെ ആത്മനിർഭര പദ്ധതികൾ പോലും ബാങ്കുകളിൽ അടിച്ചേൽപ്പിച്ച് ആത്മനിർവൃതി കൊണ്ടു. മേലാളൻമാർക്ക് അവരുടെ മൂത്ത മേലാളൻമാരിൽ നിന്നുള്ള നിർദ്ദേശങ്ങൾ ദിനംപ്രതി ഭീഷണി രൂപത്തിൽ എത്തി. അത് സ്വരം മാറ്റി രൂപം മാറ്റി കീഴധികാരികളിലേക്ക് പകർന്ന് ഒഴുകി. പലർക്കും പിടിച്ചു നില്ക്കാനായില്ല. ചിലർ പണി ഉപേക്ഷിച്ചു. ചിലർ ജീവിതം തന്നെ ഉപക്ഷിക്കുന്നു.
പഞ്ചാബ് നാഷണൽ ബാങ്ക്, കോർപ്പറേഷൻ ബാങ്ക്, സിറ്റി യൂണിയൻ ബാങ്ക്... ഏറ്റവും ഒടുവിൽ കനറാ ബാങ്ക് . വില്ലൻ, നയങ്ങളാണ്. അത് തീവ്രമാവുകയാണ്. സർക്കാർ ബാങ്കുകളുടെ എണ്ണം കുറച്ച്, വണ്ണം കൂട്ടി അതിനെ പൂർണമായും വിൽക്കുകയാണ്, കേന്ദ്ര സർക്കാർ. അതോടൊപ്പം തൊഴിൽ നയങ്ങളും ഉടച്ചുവാർക്കുകയാണ്. എല്ലാം ലാഭക്കൊതിയൻമാരായ കുത്തകകൾക്കു വേണ്ടി. അവരുടെ പണിയാളുകളാവുകയാണ് കേന്ദ്ര ഭരണാധികാരികൾ. അവിടെ ആത്മാഹുതിയല്ല പരിഹാരം. ഈ ലാഭക്കൊതി നയത്തിനെതിരെ ശബ്ദമുയർത്തണം; പോരാടണം. കനറാ ബാങ്ക് തൊക്കിലങ്ങാടി ശാഖാ മാനേജർ കെ എസ് സ്വപ്ന ഈ ലാഭക്കൊതിനയത്തിൻ്റെ മറ്റൊരു രക്തസാക്ഷിയാണ്. ദാരുണമായ ഇത്തരം അന്ത്യങ്ങൾ ഇനി ആവർത്തിക്കപ്പെരുതെന്നും ബെഫി പ്രതികരിച്ചു. തുടർ പരിപാടികൾ 14 ന് ചേരുന്ന സംസ്ഥാന ഭാരവാഹി യോഗത്തിൽ ചർച്ച ചെയ്ത് തീരുമാനിക്കും.
Credits Kerala || Deshabhimani Online News https://ift.tt/3tbndSk
Comments