ഹോം ക്വാറന്റൈനില്‍ കഴിയുന്നവര്‍ വാര്‍ഡ് മെമ്പര്‍മാരുടെയോ, കൗണ്‍സിലര്‍മാരുടേയോ ഫോണ്‍ നമ്പറുകള്‍ സൂക്ഷിക്കണം
തിരുവനന്തപുരം > ഹോം ക്വാറന്റൈനില്‍ കഴിയുന്നവര്‍ നിര്‍ബന്ധമായും അതാതിടത്തെ വാര്‍ഡ് മെമ്പര്‍മാരുടെയോ, കൗണ്‍സിലര്‍മാരുടേയോ ഫോണ്‍ നമ്പറുകള്‍ സൂക്ഷിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതോടൊപ്പം തൊട്ടടുത്തുള്ള ആശാ വര്‍ക്കര്‍, ഹെല്‍ത്ത് ഇന്‍സ്പെകടര്‍ തുടങ്ങിയ ആരോഗ്യപ്രവര്‍ത്തകരുടെ നമ്പറുകളും കയ്യില്‍ കരുതണം. ടെസ്റ്റിംഗ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി ആരോഗ്യപ്രവര്‍ത്തകരുമായി ബന്ധപ്പെടണം.
ഹോം ഐസൊലേഷനില്‍ കഴിയാന്‍ നിര്‍ദ്ദേശിക്കുന്നത് കാര്യമായ രോഗലക്ഷണങ്ങളില്ലാത്ത രോഗികളോടാണ്. പക്ഷേ, അങ്ങനെ ചെയ്യുമ്പോള്‍ വീടുകളില്‍ അതിനാവശ്യമായ സൗകര്യങ്ങള്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തണം. രോഗിക്ക് താമസിക്കാന്‍ ബാത്ത് റൂം അറ്റാച്ഡ് ആയ മുറി ആവശ്യമാണ്. എ.സി ഉപയോഗിക്കാന്‍ പാടില്ല. പരമാവധി വായുസഞ്ചാരമുള്ള മുറി ആയിരിക്കണം. പരിചരിക്കുന്നവരും മുന്‍കരുതലുകള്‍ എടുക്കണം. എന്‍.95 മാസ്കുകള്‍ രോഗിയും പരിചരിക്കുന്നവരും അടുത്തു വരുമ്പോള്‍ ധരിക്കണം.
പള്‍സ് ഓക്സി മീറ്റര്‍ ഉപയോഗിച്ച് എല്ലാ ദിവസവും പരിശോധിക്കണം. ലക്ഷണങ്ങള്‍ കൂടുതല്‍ ഉണ്ടാവുകയാണെങ്കില്‍ ഉടനടി ചികിത്സ തേടണം. അതിന് ഇസഞ്ചീവനി എന്ന സംവിധാനത്തിന്റെ മൊബൈല്‍ ആപ്പ്, അല്ലെങ്കില്‍ വഴി ഓണ്‍ലൈന്‍ കണ്സള്ട്ടേഷന് നടത്താം.
ആരോഗ്യപ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് ചികിത്സ ആവശ്യമാണെങ്കില്‍ ആശുപത്രിയിലേയ്ക്ക് മാറുകയും വേണം.
വീട്ടില്‍ സൗകര്യമില്ലാത്തവര്‍ക്ക് ഡൊമിസിലിയറി കെയര്‍ ഫസിലിറ്റില്‍ ആരംഭിച്ചിട്ടുണ്ട്. സി.എഫ്എല്‍.ടി.സികളും സി.എല്‍.ടി.സികളും ശാക്തീകരിക്കുകയും ചെയ്തിട്ടുണ്ട്. രോഗികളാകുന്ന ആര്‍ക്കും തന്നെ ഐസൊലേഷനില്‍ പോകാനോ, ചികിത്സ ലഭിക്കാനോ ബുദ്ധിമുട്ട് ഉണ്ടാകരുതെന്ന ലക്ഷ്യം മുന്നില്‍ കണ്ടാണ് സര്‍ക്കാര്‍ ഈ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇവ കൂടുതല്‍ മികച്ചതാക്കാനുള്ള തീവ്രശ്രമം മുന്നോട്ടു കൊണ്ടുപോവുകയാണ്. ഈ സൗകര്യങ്ങള്‍ ലഭ്യമാകാന്‍ അതാതു ജില്ലകളിലെ ഹെല്പ്ലൈന് നമ്പറുകളില്‍ വിളിക്കുക. അല്ലെങ്കില്‍ 1056 എന്ന സംസ്ഥാനതല ഹെല്പ്ലൈന് നമ്പറില്‍ വിളിച്ചാല്‍, അവര്‍ അതാതു ജില്ലകളിലേയ്ക്ക് കണക്റ്റ് ചെയ്തു തരികയും ചെയ്യും. പരമാവധി അതാതു ജില്ലകളിലെ ഹെല്പ്ലൈന് നമ്പറുകള്‍ തന്നെ ഉപയോഗിക്കുക.
Credits Kerala || Deshabhimani Online News https://ift.tt/3gJKJlQ
Comments