വോട്ടെണ്ണൽ: കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം
തിരുവനന്തപുരം > 48 മണിക്കൂറിനുള്ളിൽ ആർടിപിസിആർ, ആന്റിജൻ ടെസ്റ്റ് നെഗറ്റീവായതിന്റെ ഫലമോ, രണ്ടുഡോസ് വാക്സിൻ സ്വീകരിച്ച സർട്ടിഫിക്കറ്റോ ഇല്ലാതെ സ്ഥാനാർഥികളെയോ ഏജന്റുമാരെയോ വോട്ടെണ്ണൽ ഹാളിൽ കയറ്റില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു. ടെസ്റ്റ് നടത്താനുള്ള സൗകര്യം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ ഒരുക്കണം.
കൗണ്ടിങ് ഏജന്റുമാരുടെ പട്ടിക വോട്ടെണ്ണലിന് മൂന്നുദിവസം മുമ്പ് വരണാധികാരികൾക്ക് നൽകണം. വോട്ടെണ്ണൽ സമയത്ത് കേന്ദ്രത്തിന് പുറത്ത് പൊതുജനങ്ങൾ കൂട്ടംകൂടാൻ അനുവദിക്കില്ല. ഹാളിൽ വായുസഞ്ചാരം ഉറപ്പാക്കണം
സാമൂഹ്യഅകലം, വായുസഞ്ചാരം തുടങ്ങിയവ ഉറപ്പാക്കുംവിധം ജനലുകൾ, എക്സ്ഹോസ്റ്റ് ഫാനുകൾ ഉൾപ്പെടെയുള്ള വിശാലമുള്ള ഹാളുകളിലായിരിക്കണം വോട്ടെണ്ണൽ.
വോട്ടെണ്ണലിന് മുമ്പും ശേഷവും ഹാൾ അണുനശീകരിക്കണം. ഹാളിന്റെ വിസ്തൃതി അനുസരിച്ചാകണം കൗണ്ടിങ് ടേബിളുകൾ. അതനുസരിച്ച് മൂന്നോ, നാലോ ഹാളിലായി അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർമാരെ നിയോഗിക്കണം.
പ്രവേശനകവാടത്തിൽ തെർമൽ സ്കാനിങ്, സാനിറ്റൈസർ/സോപ്പും വെള്ളവും എന്നിവ ഒരുക്കണം. കോവിഡ് പോസിറ്റീവാകുന്ന സാഹചര്യമാണെങ്കിൽ കൗണ്ടിങ് ഏജന്റുമാരെ മാറ്റാൻ അവസരമുണ്ടാകും. സാമൂഹ്യ അകലം പാലിച്ചുവേണം സീറ്റുകളൊരുക്കാൻ. കൗണ്ടിങ് ഏജന്റുമാർക്കും സ്ഥാനാർഥികൾക്കുമുള്ള പിപിഇ കിറ്റ് ഉണ്ടാകണം.
തപാലിന് കൂടുതൽ എആർഒമാർ
തപാൽ ബാലറ്റുകളെണ്ണാൻ കൂടുതൽ എആർഒമാരെ നിയോഗിക്കണം. ആവശ്യമെങ്കിൽ പ്രത്യേക ഹാളിൽ എണ്ണണം. മാസ്ക്, ഫെയ്സ് ഷീൽഡ്, പിപിഇ കിറ്റ്, ഗ്ലൗസ് എന്നിവ സംസ്കരിക്കാൻ കൃത്യമായ സംവിധാനം വേണം. വിജയിച്ച സ്ഥാനാർഥിക്കൊപ്പം സർട്ടിഫിക്കറ്റ് വാങ്ങാൻ രണ്ടുപേർ മാത്രമേ പാടുള്ളൂ.
Credits Kerala || Deshabhimani Online News https://ift.tt/3vlKRvS
Comments