ഓക്സിജനും വാക്സിനും എത്തിക്കൂ ; പ്രധാനമന്ത്രിക്ക് യെച്ചൂരിയുടെ കത്ത്
ന്യൂഡൽഹി
രാജ്യത്തെ എല്ലാ ആശുപത്രിക്കും രോഗികൾക്കും തടസ്സം കൂടാതെ മെഡിക്കൽ ഓക്സിജൻ ലഭ്യത ഉറപ്പാക്കണമെന്നും സാർവത്രിക വാക്സിനേഷൻ ഉറപ്പാക്കുന്നതിനായി സംസ്ഥാനങ്ങൾക്ക് സൗജന്യമായി വാക്സിൻ കൈമാറണമെന്നും അഭ്യർഥിച്ച് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ചു. ബജറ്റിൽ കോവിഡ് പ്രതിരോധത്തിന് നീക്കിവച്ച 35,000 കോടി രൂപ വാക്സിനേഷനായി മാറ്റണം. കോടികൾ മുടക്കിയുള്ള സെൻട്രൽ വിസ്ത പദ്ധതി ഉപേക്ഷിക്കണം. എല്ലാ അനാവശ്യചെലവും ഒഴിവാക്കണം. പിഎം കെയർ ഫണ്ടിലേക്ക് ലഭിച്ച പണം സുതാര്യമായി ചെലവഴിക്കണം. ഓക്സിജനും വാക്സിനുകൾക്കുമായി ഈ പണം ഉപയോഗിക്കണം.
ഏറെ വേദനയോടെയാണ് കത്തയക്കുന്നത്. കോവിഡ് രണ്ടാം വ്യാപനം ഒരു സുനാമിയായി മാറുകയാണ്. കേന്ദ്രത്തിന്റെ സമീപനവും നിലപാടുകളുമാണ് സ്ഥിതി വഷളാക്കിയത്. എന്തുവില കൊടുത്തും ഓക്സിജൻ സംഭരിച്ച് ആശുപത്രികൾക്കും രോഗികൾക്കും എത്തിക്കണം. ഇന്ത്യയിലെ വാക്സിൻ ഉൽപ്പാദനം അടിയന്തര വ്യവസ്ഥകൾക്ക് കീഴിൽ കൊണ്ടുവരണം. കൂടുതൽ മരണം തടയാൻ ലഭ്യമായ എല്ലാ സ്രോതസ്സിൽനിന്നും വാക്സിൻ ഇറക്കുമതി ചെയ്യണം. ഇത്തരം തീരുമാനങ്ങളെടുക്കാൻ സാമ്പത്തിക പ്രയാസങ്ങളുണ്ടാകും. ബജറ്റിലെ 35,000 കോടിയും പിഎം കെയർ നിധിയുമെല്ലാം ഉപയോഗിക്കുക.
ജനങ്ങൾക്ക് ഓക്സിജനും വാക്സിനുകളും എത്തിച്ച് കൂടുതൽ മരണം തടയാൻ കഴിയുന്നില്ലെങ്കിൽ താങ്കളുടെ സർക്കാരിന് അധികാരത്തിൽ തുടരാനുള്ള ധാർമിക അവകാശം നഷ്ടപ്പെടും. ഇപ്പോഴത്തെ ആരോഗ്യ ദുരന്താവസ്ഥ ഒഴിവാക്കേണ്ടതും തടയേണ്ടതുമാണ്. ഇതുവരെ ചെയ്യാതിരുന്ന ഈ അടിസ്ഥാന ഉത്തരവാദിത്തമാണ് താങ്കളുടെ സർക്കാർ നിർവഹിക്കേണ്ടത്–- യെച്ചൂരി കത്തിൽ പറഞ്ഞു.
Credits National || Deshabhimani Online News https://ift.tt/3nisSnj
Comments