കൊലക്കുറ്റം ചുമത്തും ; തെരഞ്ഞെടുപ്പ്‌ കമീഷനോട് മദ്രാസ്‌ ഹൈക്കോടതി

ചെന്നൈ
രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തിന് ഉത്തരവാദി തെരഞ്ഞെടുപ്പ് കമീഷനാണെന്ന് രൂക്ഷമായി വിമർശിച്ച് മദ്രാസ് ഹൈക്കോടതി. നാല് സംസ്ഥാനത്തും കേന്ദ്രഭരണ പ്രദേശത്തും നിയമസഭാ തെരഞ്ഞെടുപ്പ് റാലികൾ കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ നടത്താൻ അനുവദിച്ചു. റാലി നടത്തിയതിനെതിരെ നടപടിയും എടുത്തില്ല. കമീഷനെതിരെ കൊലപാതകക്കുറ്റം ചുമത്തണമെന്നും ചീഫ് ജസ്റ്റിസ് സഞ്ജീബ് ബാനർജി, ജസ്റ്റിസ് സെന്തിൽകുമാർ രാമമൂർത്തി എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു.

തെരഞ്ഞെടുപ്പ് കാരണം കോവിഡ് സാഹചര്യം വഷളാകരുതെന്ന് ഒന്നിലേറെ തവണ കമീഷനോട് നിർദേശിച്ചിട്ടും കാര്യമുണ്ടായില്ല. സാമൂഹ്യഅകലവും മറ്റ് മാനദണ്ഡങ്ങളും പാലിക്കാതെയാണ് പ്രചാരണവും റാലികളും നടന്നത്. വോട്ടെണ്ണൽ ദിനത്തിൽ കോവിഡ് മാനദണ്ഡങ്ങൾ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഗതാഗതമന്ത്രിയും കരൂർ മണ്ഡലം സ്ഥാനാർഥിയുമായ എം ആർ വിജയഭാസ്കർ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. വോട്ടെണ്ണൽ ദിനത്തിൽ മാനദണ്ഡങ്ങൾ പാലിക്കുന്നത് ഉറപ്പാക്കുമെന്ന് കമീഷന്റെ അഭിഭാഷകൻ നിരഞ്ജൻ രാജഗോപാലൻ പറഞ്ഞു. റാലികൾ നടക്കുമ്പോൾ കമീഷൻ അന്യഗ്രഹത്തിലായിരുന്നോ എന്നും കോടതി ചോദിച്ചു.

പൊതുജനാരോഗ്യം സുപ്രധാനമാണെന്ന് ഭരണഘടനാ സ്ഥാപനത്തെ ഓർമപ്പെടുത്തേണ്ടിവരുന്നത് പരിതാപകരമാണ്. അതിജീവിക്കേണ്ട സാഹചര്യമാണിപ്പോഴെന്നും മറ്റെല്ലാം പിന്നീടാണെന്നും കോടതി പറഞ്ഞു. വോട്ടെണ്ണൽ കേന്ദ്രത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിനുള്ള രൂപരേഖ 30നുള്ളിൽ കോടതിക്ക് നൽകണം. അല്ലാത്തപക്ഷം, മെയ് രണ്ടിനുള്ള വോട്ടെണ്ണൽ ജൂണിലേക്കോ ജൂലൈയിലേക്കോ നീട്ടിവയ്ക്കേണ്ടിവരുമെന്നും കോടതി നിരീക്ഷിച്ചു.

കേന്ദ്രത്തിന് 
ഒഴിഞ്ഞുമാറാനാകില്ല
ഓക്സിജൻ ലഭ്യത ഉറപ്പാക്കുന്നതിൽനിന്ന് കേന്ദ്രസർക്കാരിനും ഡൽഹി സർക്കാരിനും ഒഴിഞ്ഞുമാറാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി. കേന്ദ്രം വിതരണം ചെയ്യാത്തതിനാലല്ല പ്രതിസന്ധിയെന്നും ഇത് കേന്ദ്രത്തിന്റെ ജോലിയല്ലെന്നും സംസ്ഥാനത്തിന്റെതാണെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു.

സ്വമേധയാ കേസെടുത്ത് ബോംബെ ഹൈക്കോടതി
മറാത്താവാഡയിലെ കോവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ബോംബെ ഹൈക്കോടതിയുടെ ഔറംഗബാദ് ബെഞ്ച് സ്വമേധയാ ക്രിമിനൽ പൊതുതാൽപ്പര്യ ഹർജി രജിസ്റ്റർ ചെയ്തു. കോവിഡ് രോഗികളുടെ സംസ്കാരത്തിന് നേരിടുന്ന പ്രശ്നങ്ങൾ, റെംഡിസ്വിറിന്റെയും ഓക്സിജന്റെയും ദൗർലഭ്യം, കരിഞ്ചന്ത എന്നിവയുമായി ബന്ധപ്പെട്ട മാധ്യമ റിപ്പോർട്ടുകൾ പരിഗണിച്ചാണ് നടപടി.

കോവിഡുമായി ബന്ധപ്പെട്ട കേസുകൾ സുപ്രീംകോടതി പരിഗണിക്കുമെന്ന നിർദേശം ഈ ഹർജിയിൽ ബാധകമാണോ എന്ന് പരിശോധിക്കാൻ അമിക്കസ്ക്യൂരിയായി എസ് എസ് ബോറയെ നിയോഗിച്ചു.



Credits National || Deshabhimani ​Online ​News https://ift.tt/3aCmqCA

Comments

Archive

Contact Form

Send