ടി എസ് മുരളി സ്മാരക അവാർഡ് എം എം ലോറൻസിന്
കൊച്ചി > ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രഥമ കേരള സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന ടി എസ് മുരളിയുടെ സ്മാരണാർത്ഥം ഏർപ്പെടുത്തിയിരിക്കുന്ന അവാർഡ് ഈ വർഷം എം എംലോറൻസിന് നൽകാൻ തീരുമാനിച്ചു. ട്രേഡ് യൂണിയൻ രാഷ്ട്രീയ പൊതുമണ്ഡലങ്ങൾക്ക് നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് അവാർഡ്. താഴേക്കിടയിലുള്ള തൊഴിലാളികളെ, അവർ അനുഭവിക്കുന്ന വിവേചനങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്തി അവരെ സംഘടിപ്പിച്ച് തൊഴിലാളി വർഗ്ഗ ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിൽ അണിനിരത്താൻ എം എം ലോറൻസ് വഹിച്ച പങ്ക് വിസ്മരിക്കാനാകില്ല. 1950 ൽ ഇടപ്പള്ളി പോലീസ് സ്റ്റേഷൻ ആക്രമണക്കേസിൽ പ്രതിചേർക്കപ്പെട്ട ലോറൻസ്, 22 മാസക്കാലം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. അന്ന് ജയിലിൽ കൊടിയ പോലീസ് ഭീകരതക്ക് ഇരയായി.
സി ജെ നന്ദകുമാർ, കെ വി ജോർജ്, പി എൻ രാജഗോപാലൻ നായർ, ടി നരേന്ദ്രൻ, എസ് എസ് അനിൽ, എൻ നന്ദകുമാർ, പി സുരേഷ് കുമാർ എന്നിവരടങ്ങിയ കമ്മിറ്റിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്. 25000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. എല്ലാ വർഷവും പൊതു രംഗത്ത് സ്തുത്യർഹമായ സേവനം നടത്തുന്ന വ്യക്തികൾക്കോ സംഘടനകൾക്കോ ആണ് ബിഇഎഫ്ഐ സംസ്ഥാന കമ്മിറ്റിയും ബാങ്ക് ഓഫ് ബറോഡ എംപ്ലോയീസ് യൂണിയനും ചേർന്ന് പ്രസ്തുത അവാർഡ് നൽകി വരുന്നത്. പ്രഥമ ടി എസ് മുരളി അവാർഡ് പ്രമുഖ ട്രേഡ് യൂണിയൻ നേതാവ് കെ എൻ രവിന്ദ്രനാഥിനും രണ്ടാം വർഷം പ്രൊ. എം കെ സാനുമാഷിനുമാണ് നൽകിയത്. കഴിഞ്ഞ വർഷം കോവിഡ് 19 സാഹചര്യങ്ങൾ കണക്കിലെടുത്ത് അവാർഡ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.
ടി എസ് മുരളി ഓർമ്മയായിട്ട് ഏപ്രിൽ 30 ന് നാല് വർഷം തികയുകയാണ്. അന്നേ ദിവസം അവാർഡ് തുകയും പ്രശസ്തിപത്രവും എം എം ലോറൻസിന് കൈമാറും. അനുസ്മരണ സമ്മേളനം സൂം പ്ലാറ്റ്ഫോമിൽ 2021 മെയ് 1ന് ശനിയാഴ്ച രാവിലെ 10.00 ന് നടക്കും. മുൻ എം പി പി രാജീവ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. ബിഇഎഫ്ഐ മുൻ അഖിലേന്ത്യാ പ്രസിഡണ്ട് പി സദാശിവൻപിള്ള അനുസ്മരണ പ്രഭാഷണം നടത്തും.
Credits Kerala || Deshabhimani Online News https://ift.tt/3tsocxu
Comments