കെപിസിസി ജനറൽ സെക്രട്ടറിക്കെതിരെ വ്യാജ പ്രചാരണം നടത്തിയത്‌ യുഡിഫ്‌ ചെയർമാൻ


ആലക്കോട്> കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. സോണി സെബാസ്റ്റ്യനെതിരെ സമൂഹമാധ്യമങ്ങളിലൂടെ പ്രചരണം നടത്തിയതിന് പിന്നിൽ കോൺഗ്രസ് നേതാവും യുഡിഎഫ് ജില്ലാ ചെയർമാനുമായ പി ടി മാത്യൂവാണെന്ന് തെളിഞ്ഞു. ഇരിക്കൂർ നിയമസഭ മണ്ഡലം സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ടാണ് എ ഗ്രൂപ്പ് നേതാവായ സോണിക്കെതിരെ അതേ ഗ്രൂപ്പിലെ പി ടി മാത്യൂ അപവാദ പ്രചാരണം നടത്തിയത്. സ്ഥാനാര്ഥി നിര്ണ്ണയ ചർച്ചകൾ ചൂടുപിടിച്ച ഘട്ടത്തിലാണ് ജോണ് ജോസഫ് എന്ന ഫെയ്സ് ബുക്ക് പ്രൊഫൈലില് നിന്നും കൊപ്ര സംഭരണ അഴിമതിയുമായി ബന്ധപ്പെട്ട പ്രചരണവും ആക്ഷേപ പോസ്റ്റുകളും പ്രചരിപ്പിച്ചത്.ഇരിക്കൂര് നിയോജക മണ്ഡലത്തിലെ കോണ്ഗ്രസ് സ്ഥാനാര്ഥി ലിസ്റ്റിൽ മുന്നിലുണ്ടായിരുന്ന സോണിയെ അപകീർത്തിപ്പെടുത്തതായിരുന്നു പോസ്റ്റുകളെല്ലാം.

മാര്ച്ച് മൂന്നിനിട്ട ആദ്യ പോസ്റ്റിൽ "അഴിമതി വീരൻ സോണി സെബാസ്റ്റ്യൻ നമ്മുടെ സ്ഥാനാർഥിയായി വരണോ? എന്നായിരുന്നു ചോദ്യം. ഏപ്രിൽ 28ന് തലശ്ശേരി വിജിലൻസ് കോടതിയിൽ സോണി സെബാസ്റ്റ്യൻ മുഖ്യ പ്രതിയായ കൊപ്ര സംഭരണ അഴിമതി കേസിന്റെ നടപടികൾ തുടങ്ങുകയാണ്. ഈ അവസരത്തിൽ സോണി കോൺഗ്രസ് സ്ഥാനാർഥിയായി വരുന്നത് വളരെയെറെ ദോഷം ചയ്യും. എല്ലാവരുടെയും അഭിപ്രായം എന്താണ്? ഇതായിരുന്നു രണ്ടാമത്തെ പോസ്റ്റ്. പോസ്റ്റിനോടൊപ്പം കൊപ്ര സംഭരണവുമായി ബന്ധപ്പെട്ട് വിജിലന്സ് കേസിന്റെ പകര്പ്പും കോടതി ഉത്തരവിന്റെ പകര്പ്പും ചേര്ത്തിട്ടുണ്ട്. ഇത് സമൂഹ മാധ്യമങ്ങളില് എതിര് ഗ്രൂപ്പുകാര് വ്യാപകമായി പ്രചരിപ്പിച്ചു. ഇരിക്കൂർ മണ്ഡലത്തിൽ സജീവ് ജോസഫിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച ശേഷം മാര്ച്ച് 12ന് വീണ്ടും ഈ പ്രൊഫൈലിൽ സോണിക്കെതിരെ പോസ്റ്റ് വന്നു. ഇരിക്കൂറിൽ എ ഗ്രൂപ്പിന്റെ സീറ്റ് നഷ്ട്ടപ്പെട്ടു. കൊപ്ര അഴിമതി വിജിലൻസ് കേസിലെ പ്രതിയെ സ്ഥാനാർഥിയാക്കണം എന്ന് വാശി പിടിച്ചത് കൊണ്ടല്ലേ എന്നായിരുന്നു പോസ്റ്റ്.

ഇതിനെതിരെ സോണി സെബാസ്റ്റ്യന് നൽകിയ പരാതിയിൽ സൈബര് സെൽ അന്വേഷിച്ചപ്പോഴാണ് യുഡിഎഫ് ജില്ലാ കണ്വീനര് പി ടി മാത്യുവാണ് പോസ്റ്റിന് പിന്നിലെന്ന് കണ്ടെത്തിയത്. "ജോണ് ജോസഫ്" എന്ന പ്രൊഫൈല് ഐഡിയുടെ ഐപി അഡ്രസ്സ് പി ടി മാത്യുവിന്റെ ലാന്റ് ഫോണ് നമ്പറാണെന്ന് സൈബർ സെൽ അന്വേഷണത്തിൽ തെളിഞ്ഞു. ഇതിനെ തുടർന്ന് ആലക്കോട് പൊലീസ് പി ടി മാത്യൂവിനെ ചോദ്യം ചെയ്തു. ഉടൻ കേസ് രജിസ്റ്റർ ചെയ്യുമെന്നറിയുന്നു. ഇല്ലാത്തതൊന്നും പ്രചരിപ്പിച്ചിട്ടില്ല എന്നാണ് പി ടി മാത്യുവിന്റെ വാദം. ഇതോടെ കേസ് രജിസ്റ്റര് ചെയ്യാനുള്ള ഒരുക്കത്തിലാണ് ആലക്കോട് പൊലീസ്.

സജിവ് ജോസഫിനെ ഇരിക്കൂറിലെ സ്ഥാനാർഥിയായി പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്ന് അറിഞ്ഞതിനെ തുടർന്ന് ശ്രീകണ്ഠപുരത്തെ ഇരിക്കൂർ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് മുന്നിൽ നടത്തിയ രാപ്പകൽ സമരത്തിന് നേതൃത്വം കൊടുത്തവരിൽ പ്രധാനിയായിരുന്നു പി ടി മാത്യൂ. സജീവ് ജോസഫിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിനെ തുടർന്ന് യുഡിഎഫ് ചെയർമാൻ സ്ഥാനം രാജിവെക്കുകയും ചെയ്തു. ഇതെല്ലാം നാടകമായിരുന്നുവെന്ന് ഇപ്പോൾ തെളിഞ്ഞു. സ്വന്തം ഗ്രൂപ്പുകാർ പോലും സോണി സെബാസ്റ്റ്യനെ ചതിക്കുകയായിരുന്നുവെന്ന് ഇതോടെ വ്യക്തമായി.

സോണി സെബാസ്റ്റ്യനും സജീവ് ജോസഫും തമ്മിലുള്ള സ്ഥാനാർഥി തർക്കത്തിനിടയിൽ ചുളുവിൽ ഇരിക്കൂർ സീറ്റ് ഉറപ്പിക്കുയായിരുന്നു പി ടി മാത്യൂവിന്റെ ലക്ഷ്യം. ഇതിനാണ് സ്വന്തം ഗ്രൂപ്പ് നേതാവിനെതിരെ അപവാദം പ്രചരിപ്പിച്ചത്. സജീവ് ജോസഫിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിന് ശേഷം എ ഗ്രൂപ്പിൽ നിന്ന് ആദ്യം മറുകണ്ടം ചാടിയ ആളാണ് പി ടി മാത്യൂ. ഇതാണ് സംശയത്തിനിടയാക്കിയത്. തെരഞ്ഞെടുപ്പ് സീറ്റ് തർക്കത്തിന് ശേഷം ഇരിക്കൂർ മണ്ഡലത്തിൽ കോൺഗ്രസിലെ പോര് രൂക്ഷമാക്കുന്നതാണ് സോണിക്കെതിരായ പ്രചാരണത്തിന് പിന്നിൽ പി ടി മാത്യുവാണെന്ന കണ്ടെത്തൽ.



Credits Kerala || Deshabhimani ​Online ​News https://ift.tt/3dEiJOS

Comments

Archive

Contact Form

Send