ഈ വിധി എങ്ങനെ സർക്കാരിന് തിരിച്ചടിയാകും... അഡ്വ. മുകുന്ദ് പി ഉണ്ണി എഴുതുന്നു

സംസ്ഥാന സർക്കാരിനും ക്രൈംബ്രാഞ്ചിനും തിരിച്ചടി എന്ന് ഇപ്പോൾ തന്നെ ചാനലുകളിൽ സ്ക്രോൾ പോകുന്നുണ്ട്. എന്നാൽ, ഹൈക്കോടതിയുടെ വിധിപ്പകർപ്പു ഇതുവരെയും പുറത്തുവന്നിട്ടില്ല എന്നതൊരു വസ്തുതയാണ്. ഒരു കാര്യമുറപ്പാണ്, പുറത്തുവരുന്ന മാധ്യമവാർത്തകളിൽ നിന്ന് ഈ വിധി ഒരു തിരിച്ചടിയാണ് എന്ന് പറയാൻ കഴിയില്ല.

എന്തിനായിരുന്നു ഇപ്പോൾ റദ്ദാക്കപ്പെട്ട എഫ്.ഐ.ആർ എന്ന് ആദ്യം പരിശോധിക്കാം.

മുഖ്യമന്ത്രിക്കെതിരെയും മറ്റു മന്ത്രിമാർക്കെതിരെയും കള്ളമൊഴി കൊടുക്കാൻ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ നിർബന്ധിക്കുന്നു എന്നു സ്വർണക്കടത്തു കേസ് പ്രതിയായ സ്വപ്ന സുരേഷ് പറയുന്ന വോയ്സ് ക്ലിപ്പിന്റെ സത്യാവസ്ഥ അന്വേഷിക്കാൻ വേണ്ടി ആണ് ക്രൈം ബ്രാഞ്ചിന്റെ ആദ്യത്തെ എഫ്.ഐ.ആർ. എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർക്കെതിരെ ഗുരുതരമായ കുറ്റങ്ങളാണ് ഈ എഫ്.ഐ.ആറിൽ ചൂണ്ടിക്കാണിച്ചിട്ടുള്ളത്. പ്രേരണാക്കുറ്റം, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ എന്നതൊക്കെ ആണ് ഇവയിൽ ചിലതു.

മറ്റൊരു പ്രതിയായ സന്ദീപ് നായരെയും തെറ്റായ മൊഴി രേഖപ്പെടുത്താൻ ചില എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ നിർബന്ധിക്കുന്നു എന്നു പറയുന്ന രണ്ടാമതൊരു എഫ്.ഐ.ആറും ക്രൈം ബ്രാഞ്ച് രെജിസ്റ്റർ ചെയ്തിരുന്നു.

ഈ രണ്ടു എഫ്.ഐ.ആറും എൻഫോഴ്സ്മെന്റ് ഹൈക്കോടതിയിൽ ചോദ്യം ചെയ്തു. എൻഫോഴ്സ്മെന്റിന്റെ ആവശ്യം പരിഗണിച്ച് ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് ആ എഫ്.ഐ.ആറുകൾ റദ്ദു ചെയ്തു. ഇത്രയും കാര്യങ്ങൾ വാസ്തവമാണ്.

എന്നാൽ, ഈ റദ്ദ് ചെയ്തിരിക്കുന്നത് ഒരു നിയമപരമായ ഒരു സാങ്കേതികപ്രശ്നം ചൂണ്ടിക്കാണിച്ചു കൊണ്ടാണ്. ആരോപണത്തിന്റെ ഗൗരവം അപ്പോഴും നിലനിൽക്കുന്നുവെന്നു വേണം മനസ്സിലാക്കേണ്ടത്.

Section 195(1)(b) CrPC പ്രകാരം തെറ്റായ തെളിവ് ഹാജരാക്കുന്നതും മറ്റുമായ കുറ്റകൃത്യം ആ കേസ് പരിഗണിക്കുന്ന കോടതിയുടെ അനുവാദത്തോടു കൂടി മാത്രമേ അന്വേഷിക്കാവൂ എന്നുണ്ട്. ഒരു പ്രത്യേക എഫ്.ഐ.ആർ ഇട്ടു ഇത്തരം വിഷയങ്ങളിക്ക് കടക്കാൻ സാധിക്കുകയില്ല. ഇതാണ് ഹൈക്കോടതി ചൂണ്ടിക്കാണിച്ചത്.

ഇവിടെ എൻഫോഴ്സ്മെന്റ് കേസുകൾ നിലക്കുന്ന പ്രത്യേകകോടതിയുടെ അനുമതിയോടു കൂടി ഇതെല്ലം പരിഗണിക്കാം എന്നു ഹൈക്കോടതി പ്രത്യേകം പറയുന്നുമുണ്ട്. സന്ദീപ് നായരുടെ 161 ആം വകുപ്പ് പ്രകാരമുള്ള മൊഴി സീൽഡ് കവറിൽ കോടതിയിൽ വെച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ കൂടെ കോടതി ചൂണ്ടിക്കാണിക്കുന്നത് എൻഫോഴ്സ്മെന്റ് പ്രത്യേകകോടതിയുടെ പരിഗണക്കു വിടേണ്ട വിഷയങ്ങൾ അതിൽ ഉണ്ട് എന്നാണ്.

ഇന്നത്തെ വിധിയുടെ അർഥം സർക്കാരിന് തിരിച്ചടി എന്ന നിലയിൽ ദുർവ്യാഖ്യാനിക്കുന്നത് ശരിയായ രീതിയല്ല. ഗൗരവകരമായ വിഷയങ്ങൾ ഉണ്ട് എന്നും അത് ക്രൈം ബ്രാഞ്ച് ഒരു FIR ഇട്ടു അന്വേഷിക്കേണ്ട വിഷയങ്ങൾ മാത്രമല്ല എന്നുമാണ് ഇന്നത്തെ വിധിയുടെ അർത്ഥം. എൻഫോഴ്സ്മെന്റ് പ്രത്യേക കോടതിയുടെ അനുമതിയോടു കൂടി പ്രത്യേക അന്വേഷണം നടത്തേണ്ട വിഷയം ആണ് എന്നും ഇതിന് അർത്ഥമുണ്ട്. അത് സർക്കാരിന് എങ്ങനെയാണ് തിരിച്ചടിയാകുന്നത്? എൻഫോഴ്സ്മെന്റിനുള്ള കുരുക്ക് മുറുകുന്നു എന്നായിരുന്നു ശരിക്കും വേണ്ടിയിരുന്ന തലക്കെട്ട്.

(സുപ്രീം കോടതി അഭിഭാഷകനാണ് ലേഖകൻ )

Credits Kerala || Deshabhimani ​Online ​News https://ift.tt/32jr57Z

Comments

Archive

Contact Form

Send