വൈഗയുടെ മരണം; സനു മോഹൻ ഉടൻ പിടിയിലായേക്കും

കൊച്ചി > മുട്ടാർ പുഴയിൽ വൈഗ (13) എന്ന പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അച്ഛൻ സനു മോഹൻ ഉടൻ പിടിയിലാകുമെന്ന് സൂചന. ഇയാൾക്കായി അന്വേഷകസംഘം മൂകാംബികയിൽ തെരച്ചിൽ ആരംഭിച്ചു. സനു മോഹൻ ഇവിടെ താമസിച്ചതായി വിവരം ലഭിച്ചതിനെ തുടർന്നാണിത്. മൂകാംബികയിൽ താമസിച്ചത് സ്വന്തം പേരിലായിരുന്നുവെന്ന് കണ്ടെത്തി.

കർണാടകത്തിലെ റെയിൽവേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും ജാഗ്രതാനിർദേശം നൽകിയിട്ടുണ്ടെന്ന് സിറ്റി പൊലീസ് കമീഷണർ സി എച്ച് നാഗരാജു പറഞ്ഞു. ലുക്ക് ഔട്ട് നോട്ടീസും പതിപ്പിച്ചു. സനു മോഹൻ കൊല്ലൂരിലെ സ്വകാര്യ ലോഡ്ജിന്റെ ലോബിയിൽ മലയാളപത്രം വായിച്ചുകൊണ്ടിരിക്കുന്നതിന്റെയും ഹോട്ടലിനു മുന്നിലൂടെ നടക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു. താടിയും മുടിയും പറ്റെ വെട്ടിയ രീതിയിലാണ്. മാസ്ക് ധരിച്ച് ആർക്കും അധികം മുഖം കൊടുക്കാതെയായിരുന്നു പെരുമാറ്റം.

10 മുതൽ 16 വരെയാണ് ലോഡ്ജിൽ താമസിച്ചത്. മുറിയുടെ വാടക കാർഡ് വഴി നൽകാമെന്നാണ് സനു മോഹൻ പറഞ്ഞത്. വെള്ളിയാഴ്ച പുറത്തേക്കു പേകാൻ ടാക്സി വേണമെന്ന് അറിയിച്ചു. ഇതനുസരിച്ച് ഏർപ്പാടാക്കിയ ടാക്സിയിൽ ഇയാൾ പോയി. തിരിച്ചുവരാത്തതിനെത്തുടർന്ന് ലോഡ്ജ് ജീവനക്കാർ മുറി പരിശോധിച്ചപ്പോഴാണ് ബാഗും മറ്റുമെടുത്ത് കടന്നുകളഞ്ഞതായി വ്യക്തമായത്. ലോഡ്ജിൽ നൽകിയ തിരിച്ചറിയൽ കാർഡിലെ വിവരങ്ങൾവച്ച് മാനേജർ അന്വേഷിച്ചപ്പോഴാണ് പൊലീസ് അന്വേഷിക്കുന്ന സനു മോഹനാണെന്നു മനസ്സിലായത്. കർണാടകത്തിൽ ഒളിച്ചുതാമസിക്കാൻ പ്രാദേശിക സഹായം ലഭിച്ചതായി സംശയിക്കുന്നുണ്ട്. ഇയാൾ മൂകാംബിക ക്ഷേത്രം സന്ദർശിച്ചിരുന്നതായി ലോഡ്ജ് ജീവനക്കാർ പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3dr3xV1

Comments

Archive

Contact Form

Send