ബിജെപി തെരഞ്ഞെടുപ്പ് ഫണ്ട് കവർച്ച: പ്രതികരിക്കാതെ സുരേന്ദ്രൻ
കൊച്ചി > കുഴൽപ്പണമായി കൊണ്ടുവന്ന പാർടി തെരഞ്ഞെടുപ്പുഫണ്ട് കവർച്ച ചെയ്തതിനെക്കുറിച്ച് പ്രതികരിക്കാതെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. വാർത്തയിൽ പറയുന്നത് ഒരു ദേശീയ പാർടിയുടെ ഫണ്ടാണെന്നും അത് ബിജെപിയല്ലെന്നും മാത്രമായിരുന്നു കൊച്ചിയിൽ കോർകമ്മിറ്റി യോഗശേഷം കെ സുരേന്ദ്രന്റെ പ്രതികരണം.
എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകൾക്കായി കൊണ്ടുവന്ന ബിജെപി തെരഞ്ഞെടുപ്പുഫണ്ടിൽനിന്ന് 10 കോടി രൂപ കൊടകരയിൽ വാഹനാപകടമുണ്ടാക്കി കവർച്ച ചെയ്ത സംഭവത്തെക്കുറിച്ച് വാർത്താലേഖകർ ആവർത്തിച്ച് ചോദിച്ചെങ്കിലും സുരേന്ദ്രൻ ഒഴിഞ്ഞുമാറി. ദേശീയപാർടി എന്നല്ലേ മാധ്യമങ്ങൾ പറഞ്ഞത്. അത് ഞങ്ങളല്ലെന്ന് സുരേന്ദ്രൻ പറഞ്ഞപ്പോൾ ബിജെപി ഫണ്ടാണെന്ന ദേശാഭിമാനി വാർത്ത മാധ്യമപ്രവർത്തകർ ശ്രദ്ധയിൽപ്പെടുത്തി. അപ്പോഴും സുരേന്ദ്രൻ പ്രതികരിച്ചില്ല. കുഴൽപ്പണ ഇടപാടായതിനാൽ ബിജെപി ഇഡിക്ക് പരാതി നൽകുമോ എന്ന ചോദ്യത്തിന് അതു തങ്ങളുടെ ജോലിയല്ലെന്നായിരുന്നു മറുപടി.
ഗുരുവായൂരിലും തലശേരിയിലും ബിജെപി സ്ഥാനാർഥികളുടെ പത്രികകൾ തള്ളിയത് വലിയ വീഴ്ചയായി കോർകമ്മിറ്റി വിലയിരുത്തിയിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.തെരഞ്ഞെടുപ്പിനുശേഷം ചേർന്ന ആദ്യ കോർകമ്മിറ്റി യോഗത്തിൽ കേന്ദ്രപ്രഭാരി സി പി രാധാകൃഷ്ണൻ, പി കെ കൃഷ്ണദാസ് എന്നിവരും പങ്കെടുത്തു. കേന്ദ്രമന്ത്രി വി മുരളീധരനും കുമ്മനം രാജശേഖരനും ഒ രാജഗോപാലും ഓൺലൈനായി പങ്കെടുത്തു.
Credits Kerala || Deshabhimani Online News https://ift.tt/3ng4zGT
Comments