കൊലവിളി പ്രസംഗം, പ്രകടനം; മുസ്ലിംലീഗും യുഡിഎഫും കലാപത്തിന്‌ ആഹ്വാനം ചെയ്യുന്നു: എം വി ജയരാജൻ

കണ്ണൂർ > സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജനെതിരെ മലപ്പുറം എടവണ്ണപ്പാറയിൽ മുസ്ലിം ലീഗ് നേതാവ് നടത്തിയ കൊലവിളി പ്രസംഗത്തിലും പട്ടുവം അരിയിൽ ലോക്കൽ കമ്മിറ്റിയംഗം യു വി വേണുവിനെതിരായ കൊലവിളി പ്രകടനത്തിലും സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ ശക്തമായി പ്രതിഷേധിച്ചു. സമാധാനശ്രമങ്ങളിൽ സഹകരിക്കാതെ നേതാക്കൾക്കെതിരെ കൊലവിളി പ്രകടനങ്ങളും പ്രസംഗങ്ങളും നടത്തി കലാപത്തിന് ആഹ്വാനം ചെയ്യുകയാണ് ലീഗും യുഡിഎഫും. ഇതിനെതിരെ ശക്തമായ നടപടികൾ പൊലീസ് അധികൃതരിൽനിന്നുണ്ടാകണമെന്നും ജയരാജൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

മലപ്പുറം വാഴക്കാട് എടവണ്ണപ്പാറയിൽ യൂത്ത് ലീഗ് നേതാവ് സാദിഖ് കക്കാട്ട് ആണ് ജയരാജന്റെ രണ്ട് കാലും കൈയ്യും ഇല്ലാതാക്കി മൂലക്കിരുത്തുമെന്ന് പ്രസംഗിച്ചത്. റമദാൻ കഴിഞ്ഞാൽ പകരം വീട്ടൽ തുടരുമെന്നും കൊലവിളി മുദ്രാവാക്യം ഉയർത്തുകയുണ്ടായി. ബുധനാഴ്ച അരിയിൽനിന്ന് മുള്ളൂൽ ഭാഗത്തേക്ക് നടത്തിയ ലീഗ് പ്രകടനത്തിലാണ് സിപിഐ എം അരിയിൽ ലോക്കൽ കമ്മിറ്റിയംഗം യു വി വേണുവിനെതിരെ പ്രകോപന മുദ്രവാക്യം വിളിച്ചത്. ‘റംസാനൊന്നു കഴിഞ്ഞോട്ടെ, മെയ് രണ്ട് കഴിഞ്ഞോട്ടെ നിന്നെക്കൊല്ലും കട്ടായം’ എന്നായിരുന്നു ഭീഷണി. പട്ടുവം പഞ്ചായത്ത് അംഗം കല്ലിങ്കിൽ നാസറിന്റെ നേതൃത്വത്തിൽ അമ്പതോളം പേരാണ് ഇങ്ങനെ കലാപം സൃഷ്ടിക്കാനുള്ള പ്രകോപന പ്രകടനം നടത്തിയത്.

പുല്ലൂക്കരയിലുണ്ടായ ദൗർഭാഗ്യകരമായ സംഭവത്തെത്തുടർന്ന് മുസ്ലിം ലീഗ് പാനൂർ മേഖലയിൽ നടത്തിയ കലാപശ്രമങ്ങൾ ഭീതിതമാണ്. മാട്ടൂൽ പ്രദേശങ്ങളിലും സമാനമായ അക്രമ സംഭവങ്ങളാണ് നടത്തിയത്. പാനൂർ മേഖലയിലെ ആക്രമണങ്ങൾക്ക് കോഴിക്കോട് ജില്ലയിലെ നാദാപുരം, കുറ്റ്യാടി, എടച്ചേരി പ്രദേശങ്ങളിലുള്ള ലീഗ് ക്രിമിനലുകളാണ് നേതൃത്വം നൽകിയത്. പെരിങ്ങത്തൂരിലും പുല്ലൂക്കരയിലും കടവത്തൂരിലും നടത്തിയ ആക്രമണങ്ങൾ വലിയ കലാപത്തിന് ആസൂത്രണം ചെയ്തുള്ളതാണെന്ന് വ്യക്തമാണ്.

കോഴിക്കോട് ജില്ലയിലുള്ള ലീഗ് ക്രിമിനലുകളെ ഇറക്കി കണ്ണൂർ ജില്ലയിൽ കലാപം സൃഷ്ടിക്കാനുള്ള ലീഗിന്റെയും യുഡിഎഫിന്റെയും ആസൂത്രിത ശ്രമങ്ങളെ കരുതിയിരിക്കണമെന്നും പ്രസ്താവനയിൽ അഭ്യർഥിച്ചു. ആക്രമണം നടത്തിയ നിരവധി ലീഗ് പ്രവർത്തകരെ സംഭവ സ്ഥലത്തു വച്ചു തന്നെ പൊലീസ് പിടികൂടി റിമാൻഡ് ചെയ്തിരിക്കുകയാണ്. ആയുധങ്ങളോടെയാണ് ലീഗ് ക്രിമിനലുകളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കലാപകാരികൾ സഞ്ചരിച്ച വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. അതിൽ ചില വാഹനങ്ങൾ ക്രിമിനലുകൾ സ്ഥിരമായി ഉപയോഗിച്ചതാണെന്നും ജയരാജൻ പ്രസ്താവനയിൽ പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3s4Fu28

Comments

Archive

Contact Form

Send