യെദ്യൂരപ്പക്കെതിരെ മന്ത്രി, ഹൈക്കോടതി
ബംഗളൂരു
കർണാടക സർക്കാരിനെ കടുത്ത പ്രതിസന്ധിയിലാക്കി മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയ്ക്ക് ഇരട്ട പ്രഹരം. ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ്കൂടിയായ ഗ്രാമവികസന മന്ത്രി കെ എസ് ഈശ്വരപ്പ, യെദ്യൂരപ്പയ്ക്കെതിരെ ഗവർണർക്കും പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും പരാതി നൽകി. ബിജെപി സംസ്ഥാന ഘടകത്തിലെ ഭിന്നത പരസ്യമാക്കിയ ഈ സംഭവത്തിന് പിന്നാലെ ഹൈക്കോടതിയിൽ നിന്നും യെദ്യൂരപ്പയ്ക്ക് പ്രഹരം. 2019ൽ ജെഡിഎസ്–-കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ എംഎൽഎയ്ക്ക് പണം വാഗ്ദാനംചെയ്ത കേസിൽ യെദ്യുരപ്പയ്ക്കെതിരെ അന്വേഷണം തുടരാമെന്ന് കർണാടക ഹൈക്കോടതി വ്യക്തമാക്കി.
യെദ്യുരപ്പ തന്റെ വകുപ്പിൽ സ്വേച്ഛാധിപതിയെപ്പോലെ ഇടപെടുന്നെന്നാണ് ഈശ്വരപ്പ ഗവർണർക്ക് നൽകിയ പരാതിയിൽ തുറന്നടിച്ചത്. യെദ്യുരപ്പയുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചകളാണ് ഉണ്ടാകുന്നതെന്ന് അഞ്ചു പേജുള്ള പരാതിയിൽ ഈശ്വരപ്പ പറഞ്ഞു. നിയമസഭാ നടപടി ക്രമങ്ങൾക്കും കീഴ്വഴക്കങ്ങൾക്കും വിരുദ്ധമാണ് ഇടപെടൽ. മുഖ്യമന്ത്രി താൻ അറിയാതെ തന്റെ വകുപ്പിനുകീഴിൽ പദ്ധതികൾക്ക് പണം അനുവദിക്കുകയും ആവശ്യപ്പെടുന്ന പദ്ധതി വിഹിതം അനുവദിക്കാതിരിക്കുകയും ചെയ്യുന്നു. ഈ ഇടപെടലുകൾ വിലക്കണം എന്നാവശ്യപ്പെട്ടാണ് ശിവമോഗയിൽനിന്നുള്ള എംഎൽഎയായ ഈശ്വരപ്പ ഗവർണർ വാജുഭായി വാലയ്ക്ക് പരാതി നൽകിയത്.
ഒരുകാലത്ത് യെദ്യൂരപ്പയുടെ വിശ്വസ്തനായിരുന്നു ഈശ്വരപ്പ. പിന്നീട്, യെദ്യൂരപ്പയുടെ നടപടികളെ ചോദ്യം ചെയ്ത റായണ്ണ ബ്രിഗേഡിൽ ഈശ്വരപ്പ ഭാഗമായി. മുഖ്യമന്ത്രിക്കെതിരെ മന്ത്രി പരാതിപ്പെട്ടത് തെറ്റാണെന്ന് ബിജെപി ജനറൽ സെക്രട്ടറി അരുൺ സിങ് പറഞ്ഞു.
യെദ്യൂരപ്പയെ അനുകുലിക്കുന്ന ചില മന്ത്രിമാരും ഈശ്വരപ്പയെ വിമർശിച്ചു. എന്നാൽ ബിജെപി സർക്കാർ അഴിമതിയുടെ കേന്ദ്രമാണെന്നും യെദ്യൂരപ്പ രാജിവയ്ക്കണമെന്നും പിസിസി അധ്യക്ഷൻ ഡി കെ ശിവകുമാർ ആവശ്യപ്പെട്ടു.
യെദ്യൂരപ്പയ്ക്കെതിരെ
അന്വേഷണം ആകാം
ജെഡിഎസ്–-കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ എംഎൽഎയ്ക്ക് പണം വാഗ്ദാനംചെയ്ത കേസിൽ യെദ്യുരപ്പയ്ക്കെതിരെ അന്വേഷണം തുടരാമെന്ന് കർണാടക ഹൈക്കോടതി വിധിച്ചു. ബിജെപിയിൽ ചേരാൻ നാഗനഗൗഢ കാണ്ട്കറിന് പണവും മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം സ്റ്റേ ചെയ്തിരുന്നത് കോടതി പിൻവലിച്ചു. എച്ച് ഡി കുമാരസ്വാമി സർക്കാരിനെ അട്ടിമറിച്ച ഓപ്പറേഷൻ കമലയുടെ ഭാഗമായ ചാക്കിട്ടുപിടിത്തമാണ് യെദ്യൂരപ്പ നടത്തിയത്.
Credits National || Deshabhimani Online News https://ift.tt/2QOHCy7
Comments