മഹാമാരിയെ സുവർണാവസരമായിക്കാണുന്ന ബാങ്കധികാരികളുടെ നിലപാട് പ്രതിഷേധാർഹം: ബെഫി

കൊച്ചി > ബാങ്കുകളുടെ ബിസിനസ് സമയം 10 മുതൽ 2 വരെ നിജപ്പെടുത്താൻ എസ്എൽബിസി (സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് കമ്മിറ്റി) ഇറക്കിയ ഉത്തരവിനെ മറികടക്കുന്ന നയങ്ങളാണ് പല ബങ്കുകളും സ്വീകരിക്കുന്നതെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബെഫി). അഡ്മിനിസ്ട്രേറ്റീവ് ഓഫീസുകളിലും ശാഖകളിലും ജീവനക്കാരുടെ എണ്ണം 50 ശതമാനമാക്കി കുറക്കാനും എസ്എൽബിസി മെമ്പർ ബാങ്കുകളോട് നിർദ്ദേശിച്ചിരുന്നു. എന്നാൽ ഉത്തരവ് പുറത്തിറക്കിയ എസ്എൽബിസി കൺവീനർ സ്ഥാനം വഹിക്കുന്ന കനറാ ബാങ്കും, കനറാ ബാങ്ക് മാനേജ്മെൻ്റിൻ്റെ നിയന്ത്രണത്തിലുള്ള കേരള ഗ്രാമീൺ ബാങ്കുമുൾപ്പടെ പല ബാങ്കുകളും മഹാമാരി സാഹചര്യം സുവർണാവസരമാക്കി മാറ്റുന്നതിനുള്ള നിർദ്ദേശങ്ങളാണ് പുറത്തിറക്കിയിരിക്കുന്നത് - ബെഫി പ്രസ്താവനയിൽ പറഞ്ഞു.

ഇടപാടുകാരുടെ സമയം വെട്ടിക്കുറച്ചത് എത്താത്ത ടാർഗറ്റുകൾ പൂർത്തീകരിക്കാനും പെൻഡിംഗ് പണികൾ തീർക്കാനുമായി ഉപയോഗിക്കാനുള്ള നിർദ്ദേശമാണ് പല ബാങ്കുകളും നൽകിയിരിക്കുന്നത്. അതേ സമയം ജീവനക്കാരുടെ എണ്ണം അൻപത് ശതമാനമാക്കണമെന്ന എസ്എൽബിസി ഉത്തരവിനെ ഒഴുക്കൻ മട്ടിലൂടെയുള്ള നിർദ്ദേശത്തിൽ ഒതുക്കുകയാണ് ഇതേ ബാങ്കധികാരികൾ ചെയ്തിരിക്കുന്നത്. ബാങ്ക് ഓഫ് ഇന്ത്യ എന്ന പൊതുമേഖലാ ബാങ്ക് ഉത്തരവ് അനുസരിച്ച് 2 മണിക്ക് ബിസിനസ് സമയത്തിന് ശേഷം ക്ലോസിംഗ് പണികളും പൂർത്തിയാക്കി വീടുകളിലേക്ക് പോയ ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകാൻ ശാഖാ മാനേജർമാർ മാർക്ക് നിർദ്ദേശവും നൽകിയിരിക്കുകയാണ്.

ജീവനക്കാരെ മാനസികമായി സമ്മർദ്ദത്തിലാക്കുന്ന ബാങ്കധികാരികളുടെ മനുഷ്യത്വ വിരുദ്ധ നിലപാടുകൾ ഏറെ ചർച്ച ചെയ്യുന്ന വേളയിലാണ് ഇത്തരം നടപടി എന്നതും ശ്രദ്ധേയമാണ്. ബാങ്കധികാരികളുടെ മനുഷ്യത്വരഹിതമായ നിലപാടിൽ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി ശക്തമായി പ്രതിഷേധിക്കുന്നു. വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്ന് SLBC യോടും സംസ്ഥാന സർക്കാരിനോടും അഭ്യർത്ഥിക്കുന്നു. രണ്ടു മണിക്ക് ബിസിനസ് സമയം കഴിഞ്ഞ് ക്ലോസിംഗ് പണികൾ പൂർത്തിയാക്കി ജീവനക്കാരും ഓഫീസർമാരും സുരക്ഷിതമായി വീടുകളിലേക്ക് പോകണമെന്നും സംസ്ഥാന സർക്കാരിൻ്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളോട് പരമാവധി സഹകരിക്കണമെന്നും ബാങ്ക് ജീവനക്കാരുടെയും ഓഫീസർമാരുടെയും സംയുക്ത ട്രേഡ് യൂണിയൻ സമിതി, UFBUവും ആഹ്വാനം നൽകിയിട്ടുണ്ട് - ബെഫി പ്രസ്താവനയിൽ പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3sB6lTP

Comments

Archive

Contact Form

Send