വി മുരളീധരന് വായില്‍തോന്നിയത് വിളിച്ചുപറയുന്നു; മാധ്യമങ്ങള്‍ കൂട്ടുനില്‍ക്കരുത്: മന്ത്രി ശൈലജ
കണ്ണൂര്‍ > കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ചട്ടം ലംഘിച്ചെന്ന കേന്ദ്ര സഹമന്ത്രി വി മുരളീധരന്റെ ആരോപണം പൂര്‍ണമായും അടിസ്ഥാനരഹിതമാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഒരു തരത്തിലുള്ള ചട്ടലംഘനവുമില്ല. ക്വാറന്റൈന് ലംഘനവുമില്ല. മുരളീധരനെ പോലുള്ളവര്‍ ഇത്രയും നിരുത്തരവാദപരമായി സംസാരിക്കരുതെന്നും മന്ത്രി പ്രതികരിച്ചു.
എട്ടിന് മുഖ്യമന്ത്രിക്ക് കോവിഡ് പരിശോധന നടത്തുമ്പോള്‍ നേരിയ ജലദോഷം മാത്രമേ ലക്ഷണമായി ഉണ്ടായിരുന്നുള്ളൂ. മകള്‍ പോസിറ്റീവായതുകൂടി കണക്കിലെടുത്താണ് ടെസ്റ്റ് നടത്തിയത്. കൂടുതല്‍ പരിശോധനകള്‍ നടത്താമെന്നു കരുതി കോഴിക്കോട് മെഡിക്കല്‍ കേളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ക്വാറന്റൈനില്‍ കഴിയുന്നതിനിടെ മുഖ്യമന്ത്രി വോട്ടു ചെയ്യാന്‍ പോയി എന്നു പറയുന്നതിന് ഒരടിസ്ഥനാവുമില്ല. ആറിന് രാവിലെയാണ് മുഖ്യമന്ത്രി വോട്ടു ചെയ്തത്. അന്ന് ഉച്ചക്കാണ് മകളുടെ പരിശോധനാഫലം വരുന്നത്.
അതിനുശേഷം അദ്ദേഹം ക്വാറന്റൈനില്‍ തന്നെയായിരുന്നു. ആശുപത്രിയില്‍ പ്രവേശിച്ച് പത്തു ദിവസത്തിനു മുമ്പ് കോവിഡ് പരിശോധന നടത്തിയത് ചട്ടലംഘനമാണെന്നാണ് മറ്റൊരു ആരോപണം. ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ ഇങ്ങനെ വായില്‍തോന്നിയത് വിളിച്ചുപറയരുത്. കേന്ദ്ര ഗവണ്മെന്റും ഐസിഎംആറും പറഞ്ഞിട്ടുള്ളത് ലക്ഷണങ്ങളൊന്നുമില്ലാത്ത രോഗികളെ രണ്ടുമൂന്ന് ദിവസം കഴിയുമ്പോള്‍ വീട്ടിലേക്കു വിടാനാണ്. കേരളം നല്ല മുന്‍കരുതല്‍ എന്ന നിലയില്‍ പത്തു ദിവസം വരെ ആശുപത്രിയില്‍ നിര്‍ത്തി പരിശോധിച്ചുവിടുന്നുവെന്നേയുള്ളൂ.
ഒരു ബുദ്ധിമുട്ടും ഇല്ലാത്തവര്‍ വീട്ടില്‍ പോയി ക്വാറന്റൈനില്‍ കഴിഞ്ഞാല്‍ മതി. അതാണ് മുഖ്യമന്ത്രിയുടെ കാര്യത്തിലും ഉണ്ടായത്. വീട്ടിലേക്കു പോകുന്നതിനു മുമ്പ് ടെസ്റ്റ് നടത്തി നോക്കിയപ്പോള്‍ നെഗറ്റീവ്. അദ്ദേഹം വീട്ടില്‍ പൂര്‍ണമായും ക്വാറന്റൈനില്‍ കഴിയുകയാണ്. പുറത്ത് ഒരു പരിപാടിക്കും പോകുന്നില്ല. ഇതില്‍ എവിടെയാണ് ചട്ടലംഘനം? ക്വാറന്റൈന് ലംഘനം? വെറുതെ വാര്‍ത്തയുണ്ടാക്കാന്‍ വേണ്ടി ഓരോരുത്തര് വായില്‍ തോന്നിയത് വിളിച്ചുപറയുന്നതിന് മാധ്യമങ്ങള്‍ കൂട്ടുനില്‍ക്കരുതെന്നും കെ കെ ശൈലജ പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/3uRI8Kr
Comments