ചൈനയുടെയും സഹായം സ്വീകരിക്കും; വിദേശസഹായം സ്വീകരിക്കുന്നതില്‍ താല്കാലിക നയം മാറ്റത്തിന് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി > വിദേശ സഹായം സ്വീകരിക്കുന്നതില്‍ ഇന്ത്യ താത്ക്കാലിക നയം മാറ്റത്തിനൊരുങ്ങുന്നു. കോവിഡുമായി ബന്ധപ്പെട്ട സഹായങ്ങള്‍ സ്വീകരിക്കാനാണ് തീരുമാനം. ചൈനയില്‍ നിന്നടക്കം സഹായം സ്വീകരിക്കാന്‍ ഇന്ത്യ തയ്യാറാകുന്നുവെന്ന് 'ഇന്ത്യന്‍ എക്സ്പ്രസ്' റിപ്പോര്‍ട്ട് ചെയ്യുന്നു.
റെഡ് ക്രോസ് പോലെയുള്ള സംഘടനകള്‍ വഴി സഹായം സ്വീകരിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇങ്ങനെ സഹായം സ്വീകരിച്ചാല്‍ സര്‍ക്കാര്‍ സംവിധാനം വഴി ഉപയോഗിക്കാന്‍ സാധിക്കില്ലെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍. മാത്രവുമല്ല ഗുണഭോക്താക്കളെ സ്വീകരിക്കുന്നതില്‍ അടക്കം വിവേചനം ഉണ്ടാകുമെന്നും കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് താത്ക്കാലിക നയം മാറ്റത്തിന് രാജ്യം തയ്യാറാകുന്നത്. ഇതനുസരിച്ച് ചൈനയില്‍ നിന്നടക്കം ഇന്ത്യ സഹായം സ്വീകരിക്കും. ചൈനയില്‍ നിന്ന് ഓക്സിജനും മരുന്നുകളും സ്വീകരിക്കാനാണ് തീരുമാനം.
അമേരിക്ക, ഫ്രാന്‍സ്, യുകെ, ജര്‍മനി, ഓസ്ട്രേലിയ, ചൈന, ന്യൂസിലന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ പ്രതിസന്ധി മറികടക്കാന്‍ ഇന്ത്യയെ സാധ്യമായ രീതിയില്‍ സഹായിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഹോങ്കോങ്, സിങ്കപ്പുര്‍, തായ്ലന്റ്, യുഎഇ എന്നിവിടങ്ങളില്‍നിന്നും സഹായമെത്തുന്നുണ്ട്.
മെയ് എട്ടിന് നടക്കുന്ന യൂറോപ്യന്‍ യൂണിയന് യോഗം ഇന്ത്യയിലെ കോവിഡ് ദുരിതങ്ങള്‍ ചര്‍ച്ച ചെയ്ത് എന്തൊക്കെ സഹായങ്ങള്‍ നല്‍കണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കും. യൂറോപ്യന്‍ യൂണിയന് നീക്കത്തിന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ നന്ദി അറിയിച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും വന്‍തോതില്‍ സഹായമെത്തുന്നു. സൗദി, യുഎഇ, കുവൈത്ത്, ബഹ്റൈന്‍ എന്നീ രാജ്യങ്ങള്‍ സഹായം എത്തിച്ചുതുടങ്ങി.
പ്രളയകാലത്ത് സാങ്കേതികത പറഞ്ഞ് കേരളത്തിന് വിദേശ സഹായം സ്വീകരിക്കുന്നതില്‍ തടസം സൃഷ്ടിച്ച കേന്ദ്രമാണിപ്പോള്‍ നയം മാറ്റിയിരിക്കുന്നത്. യുഎഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്ന് കേരളത്തിന് സഹായവാഗ്ദാനം എത്തിയിരുന്നു. എന്നാല്‍, വിദേശസഹായം ആവശ്യമില്ലെന്നും വാഗ്ദാനങ്ങള്‍ക്ക് നന്ദിയുണ്ടെന്നും അറിയിച്ച് വിദേശകാര്യമന്ത്രാലയം പ്രസ്താവനയും പുറപ്പെടുവിച്ചു.
Credits National || Deshabhimani Online News https://ift.tt/3ntYrLd
Comments