" പ്രാണവായു കിട്ടാതെ എന്തുചെയ്യും, മുട്ടാത്ത വാതിലുകൾ ഇല്ല " ; നിസ്സഹായരായി ഡല്‍ഹി ഡോക്ടര്‍മാര്‍
ന്യൂഡൽഹി
ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് പ്രാണവായു ഉറപ്പാക്കാൻ ഡല്‍ഹി ആശുപത്രി ജീവനക്കാരടെ നെട്ടോട്ടത്തിന് അറുതിയില്ല. സർക്കാരുകൾ വല്ലപ്പോഴും എത്തിക്കുന്ന ഓക്സിജൻ ടാങ്കറുകൾക്ക് പുറമേ സ്വകാര്യപ്ലാന്റുകളിൽനിന്നും ഓക്സിജന്‍ സംഭരിക്കാനുള്ള പെടാപ്പാടിലാണ് ജീവനക്കാര്‍.
സരോജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ നൂറ്റമ്പതോളം രോഗികളുണ്ട്. പ്രതിദിനം നാല് ടൺ ഓക്സിജൻ വേണം. എന്നാൽ, വ്യാഴാഴ്ച പകൽ 2.30യ്ക്ക് ലഭിച്ചത് മൂന്നര ടൺ മാത്രം. മോഡിനഗറിലെ ഐനോക്സ് പ്ലാന്റിൽ നിന്നാണ് ഓക്സിജൻ വിതരണം. പലതവണ ബന്ധപ്പെട്ടെങ്കിലും നടപടി ഉണ്ടാകാത്തതിനാൽ ജീവവായു ഉറപ്പാക്കാന്‍ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരിക്കകയാണ് ആശുപത്രി അധികൃതര്‍.
രണ്ടുമണിക്കൂറിലേക്കുള്ള ഓക്സിജനേ അവശേഷിക്കുന്നുള്ളൂവെന്ന് ഡൽഹി മൂൾചന്ദ് ആശുപത്രിയും ശനിയാഴ്ച അടിയന്തരസന്ദേശംനല്കി. സാഹചര്യം വിശദീകരിക്കവേ മെഡിക്കൽഡയറക്ടർ മധുഹണ്ട വികാരഭരിതനായി. ‘പുലർച്ചെ നാല് മുതൽ ഓക്സിജനായി മുട്ടാത്ത വാതിലുകൾ ഇല്ല. രോഗികളെ രക്ഷിക്കാൻ 24 മണിക്കൂറും പരിശ്രമിക്കുന്നു, പ്രാണവായു കിട്ടാതെ എന്ത് ചെയ്യും? ’–- അദ്ദേഹം ചോദിച്ചു.
‘ഐസിയു രോഗികൾക്കുമാത്രം നൽകാനുള്ളത് മാത്രമേ ശേഷിക്കുന്നുള്ളൂ. ഇരുനൂറ്റി അറുപതോളം രോഗികൾ ഇവിടെയുണ്ട്. എന്ത് ചെയ്യണമെന്ന് അറിയില്ല’–- ബത്ര ഹോസ്പിറ്റൽ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. സുധാൻശു ബൻഖട വെളിപ്പെടുത്തി. മാക്സ് ആശുപത്രികളും പ്രതിസന്ധിയിലാണ്.
സഹായം തേടി കെജ്രിവാൾ
പ്രാണവായു കിട്ടാതെ ഡൽഹിയിൽ കോവിഡ് രോഗികൾ മരിച്ചുതുടങ്ങിയതോടെ മറ്റ് സംസ്ഥാനങ്ങളോട് സഹായഭ്യർഥനയുമായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. മെഡിക്കൽ ഓക്സിജൻ അധികമായുണ്ടെങ്കിൽ നൽകണമെന്ന് അഭ്യർഥിച്ച് കെജ്രിവാൾ എല്ലാ മുഖ്യമന്ത്രിമാർക്കും കത്തയച്ചു. ഓക്സിജൻ പ്ലാന്റുകളുടെ ചുമതല സൈന്യം ഏറ്റെടുക്കണമെന്നും വിതരണം തടസ്സപ്പെടാതിരിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകണമെന്നും വെള്ളിയാഴ്ച പ്രധാനമന്ത്രിയോട് കെജ്രിവാൾ അഭ്യർഥിച്ചിരുന്നു.
Credits National || Deshabhimani Online News https://ift.tt/3tPeOUW
Comments