രാജേഷ് വധക്കേസ് പ്രതിക്കെതിരെ വധശ്രമം, കാൽ വെട്ടിമാറ്റി; പ്രതികൾ ബിജെപി പ്രവർത്തകരാണെന്നാണ് ദൃക്സാക്ഷികൾ
വഞ്ചിയൂർ > ആർഎസ്എസ് കാര്യവാഹ് രാജേഷ് വധക്കേസിലെ നാലാം പ്രതിയായ യുവാവിനെതിരെ വധശ്രമം. അക്രമിസംഘം കാൽ വെട്ടി മാറ്റി. ശ്രീകാര്യം ഇടവക്കോട് പുതുവൽപുത്തൻ വീട്ടിൽ എബി (27) യുടെ കാലുകളാണ് വെട്ടിമാറ്റിയത്. ബുധനാഴ്ച പകൽ 11.30ന് ഇടവക്കോട് പ്രതിഭ നഗറിലായിരുന്നു സംഭവം.
കാറിലും രണ്ടു ബൈക്കിലുമായിയെത്തിയ സംഘമാണ് എബിയെ വെട്ടിയത്. വീടിനു സമീപത്തെ റോഡരികത്തെ മതിലിൽ സുഹൃത്തുമായി ഇരിക്കുകയായിരുന്നു എബി. അക്രമി സംഘത്തെ കണ്ട എബിയും സുഹൃത്തും ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് വെട്ടുകയായിരുന്നു. ഇരുകാലിലുമാണ് വെട്ടിയത്. വലതുകാൽ രണ്ടായി മുറിച്ചു മാറ്റപ്പെട്ട നിലയിലായിരുന്നു. പ്രതികൾ ബിജെപി പ്രവർത്തകരാണെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. 2017 ജൂലൈയിലാണ് ആർഎസ്എസ് കാര്യവാഹ് രാജേഷിന്റെ കൊലപാതകം. കൊലപാതകത്തിന് പിന്നിൽ സിപിഐ എം ആണെന്ന് ബിജെപി കേന്ദ്രനേതാക്കൾ അടക്കം അന്ന് ശ്രീകാര്യത്തെത്തി പറഞ്ഞിരുന്നു.
വധക്കേസിലുൾപ്പെട്ടവർക്ക് സിപിഐ എമ്മുമായി ഒരു ബന്ധവുമില്ലെന്ന് ജില്ലാ സെക്രട്ടറി ആനാവുർ നാഗപ്പൻ വ്യക്തമാക്കിയിരുന്നു. ഇതിനെ അവഗണിച്ചാണ് ബിജെപി രാഷ്ട്രീയമായി വധക്കേസിനെ വളച്ചൊടിച്ചത്. അസമിലെ തേസ്പുരിൽ 2017 മെയ് 23ന് സുഖോയ് വിമാനം തകർന്നുവീണ് കാണാതായ പൈലറ്റ് ഫ്ലൈറ്റ് ലഫ്റ്റനന്റ് അച്ചുദേവിന്റെ ശ്രീകാര്യത്തെ വീട്ടിൽപ്പോലും കയറാതെ അന്നത്തെ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് തൊട്ടടുത്തുള്ള രാജേഷിന്റെ വസതിയിൽ എത്തിയത് വിവാദമായിരുന്നു. പൊലീസ്, ഫിംഗർ പ്രിന്റ്, സയന്റിഫിക് സംഘങ്ങൾ സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തി. പ്രദേശത്തെ സിസിടിവികൾ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നു. നിരവധി കേസുകളിൽ പ്രതിയാണ് എബിയെന്നും, പ്രതികളെ തിരിച്ചറിഞ്ഞതായും ശ്രീകാര്യം പൊലീസ് പറഞ്ഞു. തിരുവനന്തപുരം ജില്ലാ ഡെപ്യൂട്ടി കമീഷണർ മുഹമ്മദ് ആരിഫ് സ്ഥലം സന്ദർശിച്ചു.
Credits Kerala || Deshabhimani Online News https://ift.tt/3u4KANN
Comments