തൊഴിലിലേക്ക്‌ വാതിൽ; അരക്കോടി പിന്നിട്ട്‌‌ എൻട്രി ആപ്‌

കൊച്ചി > ജോലി ലഭിക്കുന്നതിന് മാതൃഭാഷയിൽ പരിശീലനം നൽകാൻ ഒരാൾ ഒപ്പമുണ്ടെങ്കിലോ? കംപ്യൂട്ടർ എൻജിനിയർമാരായ സുഹൃത്തുക്കൾ മുഹമ്മദ് ഹിസാമുദീനും രാഹുൽ രമേശും തലപുകഞ്ഞ് കണ്ടെത്തിയ എൻട്രി ആപ് എന്ന ആശയം ഇന്ന് സൂപ്പർഹിറ്റാണ്. സർക്കാർ–-സ്വകാര്യ മേഖലകളിൽ ജോലി ലഭിക്കാൻ പ്രാദേശിക ഭാഷകളിൽ ഓൺലൈൻ പരിശീലനം നൽകുന്ന ആപ് ഇന്ത്യയൊട്ടാകെ ഇന്ന് 50 ലക്ഷത്തിലധികംപേർ ഡൗൺലോഡ് ചെയ്തുകഴിഞ്ഞു.

2016ൽ എൻട്രി ആപ്പിന്റെ പ്രാരംഭപ്രവർത്തനങ്ങൾക്ക് സഹായമായത് കെഎസ്ഐഡിസിയിൽനിന്ന് ലഭിച്ച ഫണ്ടാണെന്ന് കാസർകോട് മൊഗ്രാൽ പുത്തൂർ സ്വദേശി മുഹമ്മദ് ഹിസാമുദീൻ. ഒരുവർഷത്തിനകം ഒരുകോടി ഡൗൺലോഡുകൾ എന്ന ലക്ഷ്യമാണ് ഇനി മുന്നിലുള്ളതെന്ന് തൃശൂർ പൂങ്കുന്നം സ്വദേശി രാഹുൽ രമേശ്. ഇരുവരുടെയും സ്വപ്നങ്ങൾക്ക് ചിറകേകിയത് ആരംഭഘട്ടത്തിൽ കെഎസ്ഐഡിസിയിൽനിന്ന് ലഭിച്ച കൈത്താങ്ങാണ്.

സ്റ്റാർട്ടപ്പുകളെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുള്ള സർക്കാരാണ് കേരളം ഭരിക്കുന്നത്. സ്റ്റാർട്ടപ്പുകൾക്ക് കൂടുതൽ ഫണ്ടുകൾ ഉറപ്പുവരുത്തുന്ന ഫണ്ട് ഓഫ് ഫണ്ട്സ് സംവിധാനമെല്ലാം ഏറെ പ്രശംസനീയമാണെന്നും ഇരുവരും പറയുന്നു.

2015ൽ കമ്പനി രൂപീകരിച്ച ഇവർ 2017ലാണ് ആപ് പുറത്തിറക്കിയത്. എൽഡി ക്ലർക്ക് പരീക്ഷയ്ക്ക് പരിശീലനം നൽകിയാണ് തുടക്കം. ഉപയോക്താക്കൾ കൂടിയതോടെ മറ്റ് സർക്കാർ ജോലികൾക്കും പരിശീലനം നൽകിത്തുടങ്ങി.

മലയാളത്തിനുപുറമെ തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി ഭാഷകളിലും ആപ് ലഭ്യമാണ്. മറാഠിയിലും ബംഗാളിയിലും ഈ വർഷം പുറത്തിറക്കും. കോയമ്പത്തൂർ, ഹൈദരാബാദ്, ഡൽഹി എന്നിവിടങ്ങളിൽ ഇന്ന് കമ്പനിക്ക് ഓഫീസുണ്ട്. വിദഗ്ധരായ അധ്യാപകരാണ് പരിശീലന ക്ലാസുകൾ നയിക്കുന്നത്. പിഎസ്സി പരീക്ഷകളുടെ പഴയ ചോദ്യപേപ്പറുകളും ആപ്പിൽനിന്ന് ഡൗൺലോഡ് ചെയ്യാം.



Credits Kerala || Deshabhimani ​Online ​News https://ift.tt/32mHWa2

Comments

Archive

Contact Form

Send