ലോകായുക്ത റിപ്പോർട്ട്: മന്ത്രി ജലീൽ ഹൈക്കോടതിയിലേക്ക്
മലപ്പുറം
സംസ്ഥാന ന്യൂനപക്ഷ വികസന കോർപറേഷൻ ജനറൽ മാനേജരായി കെ ടി അദീബിനെ നിയമിച്ചതിനെതിരായ ലോകായുക്ത റിപ്പോർട്ടിനെതിരെ മന്ത്രി കെ ടി ജലീൽ ഹൈക്കോടതിയെ സമീപിക്കും. റിപ്പോർട്ട് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടി തിങ്കളാഴ്ച ഹർജി നൽകും.
നിയമനം ചോദ്യംചെയ്ത് യൂത്ത്ലീഗ് ജനറൽ സെക്രട്ടറി പി കെ ഫിറോസ് നേരത്തെ വിജിലൻസിൽ പരാതി നൽകിയിരുന്നു. അതിൽ കഴമ്പില്ലെന്ന് വിജിലൻസ് കണ്ടെത്തി. പിന്നീട് ഫിറോസ് ഹൈക്കോടതിയെ സമീപിച്ചു. രാഷ്ട്രീയപ്രേരിതമാണെന്ന് ചൂണ്ടിക്കാട്ടി ഹർജി തള്ളിയ ഹൈക്കോടതി ഫിറോസിനെ രൂക്ഷഭാഷയിൽ വിമർശിച്ചു. ഫിറോസ് ഹർജി പിൻവലിച്ചു. അതിനുശേഷമാണ് യൂത്ത്ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി വി കെ മുഹമ്മദ് ഷാഫി മുഖേന ലോകായുക്തയിൽ പരാതി നൽകിയത്.
വിജിലൻസും ഹൈക്കോടതിയും തള്ളിയ ആരോപണം ലോകായുക്ത ശരിവച്ചത് വസ്തുതകൾ പരിശോധിക്കാതെയാണെന്നാണ് ജലീലിന്റെ വാദം. ന്യൂനപക്ഷ വികസന കോർപറേഷൻ ജനറൽ മാനേജർ നിയമനത്തിനായി കഴിഞ്ഞ യുഡിഎഫ് സർക്കാർ നിർദേശിച്ച യോഗ്യതയിൽ മാറ്റംവരുത്തിയത് നിയമാനുസൃതമാണ്. നേരത്തെ എംബിഎ ആയിരുന്നു യോഗ്യത. ബിടെക്കും പിജിഡിസിഎയും യോഗ്യതയായി നിശ്ചയിച്ചത് കൂടുതൽ കഴിവും പ്രാപ്തിയുമുള്ളവർ കോർപറേഷൻ തലപ്പത്ത് വരാനാണ്. സൗത്ത് ഇന്ത്യൻ ബാങ്കിൽ സീനിയർ മാനേജർ തസ്തികയിലിരിക്കെയാണ് അദീബ് ഡെപ്യൂട്ടേഷനിൽ ന്യൂനപക്ഷ കോർപറേഷൻ ജനറൽ മാനേജരായി ചുമതലയേറ്റത്. തന്റെ ബന്ധുവായതുകൊണ്ടാണ് നിയമനം ലഭിച്ചതെന്ന വാദം നിലനിൽക്കില്ല. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജലീൽ ഹൈക്കോടതിയിൽ ഹർജി നൽകുക.
2018 ഒക്ടോബറിലാണ് കെ ടി അദീബ് കോർപറേഷൻ ജനറൽ മാനേജരായി ചുമതലയേറ്റത്. നിയമനം വിവാദമായതോടെ നവംബറിൽ രാജിവച്ചു.
Credits Kerala || Deshabhimani Online News https://ift.tt/3ainP1d
Comments