ആഡംബര ഹോട്ടലുകളിലെ നിശാപാര്‍ടി ഡിസ്‌കോ ജോക്കിയടക്കം നാലുപേർ മയക്കുമരുന്നുമായി പിടിയിൽ

കൊച്ചി> നഗരത്തിലെ ആഡംബര ഹോട്ടലുകളിലെ നിശാപാർടികളിൽ കസ്റ്റംസും എക്സൈസും സംയുക്തമായി നടത്തിയ പരിശോധനയിൽ ഡിസ്കോ ജോക്കി (ഡിജെ) അടക്കം നാലുപേർ അറസ്റ്റിൽ. ആലുവ സ്വദേശികളായ നിസ്വിൻ (39), ഡെന്നീസ് (42), ജോമി (48), ബംഗളൂരു സ്വദേശി ഡിസ്കോ ജോക്കിയായ അൻസാർ (48) എന്നിവരാണ് പിടിയിലായത്. 1.6 ഗ്രാം എംഡിഎംഎ, 50 ഗ്രാം കഞ്ചാവ് എന്നിവ ഇവരിൽനിന്ന് പിടിച്ചെടുത്തു.
നിശാപാർടികളിൽ പങ്കെടുത്തവരെപ്പറ്റിയുള്ള വിവരങ്ങൾ ഹോട്ടലുകളിലെ സിസിടിവി ദൃശ്യങ്ങളിൽനിന്നും രജിസ്റ്ററിൽനിന്നും ശേഖരിച്ചുവരികയാണെന്ന് എക്സൈസ് അറിയിച്ചു. ഇവർ ലഹരിമരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞാൽ നടപടി സ്വീകരിക്കും. നഗരത്തിലെ ലഹരിമരുന്ന് പാർടികളെക്കുറിച്ചുള്ള വിശദാംശങ്ങൾ ലഭ്യമായിട്ടുണ്ടെന്നും വരുംദിവസങ്ങളിലും പരിശോധന ഉണ്ടാകുമെന്നും എക്സൈസ് വ്യക്തമാക്കി.

നിശാപാർടിക്കെത്തിയ ഓരോരുത്തരെയും വിശദമായി പരിശോധിച്ചശേഷമാണ് വിട്ടയച്ചത്. ലാബ്രഡോർ ഇനത്തിൽപ്പെട്ട സ്നിഫർ നായയെ കസ്റ്റംസ് റെയ്ഡിനായി ഉപയോഗിച്ചു. നായയാണ് ലഹരിവസ്തുക്കൾ പാർടിയിൽനിന്ന് മണത്ത് കണ്ടെടുത്തത്. ശനിയാഴ്ച രാത്രി 11.40ന് ആരംഭിച്ച റെയ്ഡ് പുലർച്ചെ രണ്ടുവരെ നീണ്ടു. എറണാകുളത്തെ രണ്ട് ആഡംബര ഹോട്ടലുകളിലും ഫോർട്ട് കൊച്ചിയിലെ ഒരു ഹോട്ടൽ കേന്ദ്രീകരിച്ചുമായിരുന്നു പരിശോധന.



Credits Kerala || Deshabhimani ​Online ​News https://ift.tt/3uGOfkH

Comments

Archive

Contact Form

Send